അമ്പാടി റായുഡുവും വിരാട് കോലിയും ഇന്ത്യൻ ടീമിൽ സഹതാരങ്ങളായിരുന്നപ്പോൾ. File
Sports

കോലിക്കും ആർസിബിക്കും റായുഡുവിന്‍റെ രൂക്ഷ വിമർശനം

വ്യക്തിഗത നാഴികക്കല്ലുകളെക്കാൾ പ്രാധാന്യം ടീമിന്‍റെ താത്പര്യത്തിനു നൽകിയിരുന്നെങ്കിൽ ആർസിബി പലവട്ടം കിരീടം നേടുമായിരുന്നു

VK SANJU

ചെന്നൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ കടുത്ത വിമർശകനായി മാറിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും മുൻ മുംബൈ ഇന്ത്യൻസ് / ചെന്നൈ സൂപ്പർ കിങ്സ് താരവുമായ അമ്പാടി റായുഡു. ചെന്നൈയെ തോൽപ്പിച്ച് പ്ലേഓഫിലെത്തിയ ആർസിബി, പ്ലേഓഫിൽ രാജസ്ഥാനോടു തോറ്റ് പുറത്തായതോടെ റായുഡു വീണ്ടും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ വിരാട് കോലിയെയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ടീമിനെ നയിക്കുന്നവരും മാനേജ്മെന്‍റും വ്യക്തിഗത നാഴികക്കല്ലുകളെക്കാൾ പ്രാധാന്യം ടീമിന്‍റെ താത്പര്യത്തിനു നൽകിയിരുന്നെങ്കിൽ ആർസിബി പലവട്ടം കിരീടം നേടുമായിരുന്നു എന്നാണ് റായുഡുവിന്‍റെ പരാമർശം.

741 റൺസുമായി സീസണിലെ റൺവേട്ടക്കാരിൽ ബഹുദൂരം മുന്നിലാണ് വിരാട് കോലി. എന്നാൽ, 2008ലെ ഉദ്ഘാടന സീസൺ മുതൽ ടീമിനൊപ്പമുള്ള കോലിക്ക് ഇതുവരെ ഐപിഎല്ലിൽ കിരീടഭാഗ്യമുണ്ടായിട്ടില്ല. ഇതിനിടെ 8000 ഐപിഎൽ റൺസ് എന്ന നാഴികക്കല്ലും രാജസ്ഥോനോടു തോറ്റ മത്സരത്തിൽ കോലി പിന്നിട്ടിരുന്നു.

''എത്രയോ നല്ല കളിക്കാരെയാണ് വേണ്ടെന്നു വച്ചതെന്നു നോക്കൂ. ടീമിന്‍റെ താത്പര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന കളിക്കാരെ ടീമിലെത്തിക്കൂ. മെഗാ ലേലത്തിൽ പുതിയൊരു അധ്യായം തുറക്കാനാവും'', ആർസിബി ആരാധകരോടും മാനേജ്മെന്‍റിനോടുമായി റായുഡു പറയുന്നു.

ചെന്നൈയെ തോൽപ്പിച്ച് പ്ലേഓഫിലെത്തിയ ആർസിബി താരങ്ങൾ അമിതാഹ്ലാദം പ്രകടിപ്പിക്കുന്ന വീഡിയോയ്ക്ക് പ്രതികരണമായി, കഴിഞ്ഞ വർഷം ചെന്നൈ കിരീടം നേടിയ വീഡിയോ നേരത്തെ റായുഡു പങ്കുവച്ചിരുന്നു. ചെറിയൊരു ഓർമപ്പെടുത്തൽ എന്ന അടിക്കുറിപ്പോടെയായിരുന്നു വീഡിയോ.

മുംബൈ, ചെന്നൈ ടീമുകൾക്കൊപ്പം ആകെ ആറു തവണ ഐപിഎൽ കിരീടം നേടിയ റെക്കോഡ് സ്ഥാപിച്ച കളിക്കാരനാണ് അമ്പാടി റായുഡു. ആറ് ഐപിഎൽ കിരീടനേട്ടങ്ങളിൽ പങ്കാളിത്തമുള്ള രണ്ടു കളിക്കാർ മാത്രമാണുള്ളത്- ഒരാൾ രോഹിത് ശർമയാണ്, മുംബൈക്കൊപ്പം അഞ്ച് വട്ടവും ഡെക്കാൻ ചാർജേഴ്സിനൊപ്പം (ഇപ്പോഴത്തെ സൺറൈസേഴ്സ് ഹൈദരാബാദ്) ഒരുവട്ടവും രോഹിത് ഐപിഎൽ കിരീടനേട്ടത്തിൽ പങ്കാളിയായിട്ടുണ്ട്.

ലഹരിക്കേസ്;ഷൈൻ ടോം ചാക്കോയെയും സുഹൃത്തിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി റിപ്പോർട്ട് നൽകിയേക്കും

ബോംബ് സ്ഫോടനത്തിൽ റഷ്യൻ ജനറൽ കൊല്ലപ്പെട്ടു; പിന്നിൽ യുക്രെയ്നെന്ന് ആരോപണം

അതിജീവിതയുടെ പേരുവെളിപ്പെടുത്തിയ വീഡിയോ പ്രചരിപ്പിച്ചു; മൂന്നു പേർ അറസ്റ്റിൽ

മാവേലിക്കരയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവാരോപിച്ച് പൊലീസിൽ പരാതി നൽകി ബന്ധുക്കൾ

പാലക്കാട് കരോൾ സംഘത്തിനു നേരെ ആക്രമണം; യുവാവ് അറസ്റ്റിൽ