ജസ്പാൽ റാണ.
File
ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണയുടെ അപ്രതീക്ഷിത വിയോഗവാർത്ത കായിക പ്രേമികളുടെ ഹൃദയത്തിൽ ഒരു ബുള്ളറ്റ് പോലെയാണ് വന്നുതറച്ചത്. ക്രിക്കറ്റിന് കപിൽദേവിനെ പോലെ ടെന്നിസിന് ലിയാൻഡർ പേസിനെ പോലെ ഷൂട്ടിങ്ങിലെ ഇന്ത്യ ആദ്യ സൂപ്പർ സ്റ്റാറായിരുന്നു ജസ്പാൽ റാണ.
ഒളിംപിക്സ് ഉൾപ്പെടെ ലോക വേദികളിൽ മിന്നിത്തിളങ്ങിയ അഭിനവ് ബിന്ദ്രയെയും ഗഗൻ നാരംഗിനെയുമെല്ലാം ഏറെ പ്രചോദിപ്പിച്ച വ്യക്തിത്വം. ഇന്ത്യൻ വനിതാ ഷൂട്ടിങ്ങിന്‍റെ പോസ്റ്റർ ഗേളും പാരിസ് ഒളിംപിക്സിലെ ഇരട്ട മെഡൽ ജേതാവുമായ മനു ഭാക്കറിലെ പ്രതിഭയെ വളർത്തിയതും ജസ്പ്രീത് റാണയെന്ന ഇതിഹാസത്തിന്‍റെ നേട്ടങ്ങളിൽപ്പെടുന്നു.
ഒളിംപിക് ഷൂട്ടിങ്ങിൽ ഇന്ത്യ വൻശക്തിയായി മാറുന്നതിന് മുൻപ്, തൊണ്ണൂറുകളിൽ രാജ്യത്തിന്‍റെ മെഡൽ സ്വപ്നങ്ങൾക്ക് നിറം പകർന്നത് ജസ്പാൽ ആയിരുന്നു. കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും മികച്ച ഷൂട്ടറായി മാറിയ ജസ്പാൽ ഒമ്പതു സ്വർണ മെഡലുകളാണ് രാജ്യത്തിനായി കൊയ്തത്.
1994 ഹിരോഷിമ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുമ്പോൾ ജസ്പാലിന് വെറും പതിനേഴ് വയസ്. ആ വർഷം ലോക ചാംപ്യൻഷിപ്പിലും സുവർണ നേട്ടം സ്വന്തമാക്കി ജസ്പാൽ രാജ്യത്തിന്‍റെ അഭിമാനമുയർത്തി. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ വിവിധ വിഭാഗങ്ങളിലായി മൂന്നു സ്വർണ മെഡലുകളും ജസ്പാൽ സ്വന്തം പേരിലെഴുതി.
ശിഷ്യ മനു ഭാക്കർ ഒളിംപിക് നേട്ടത്തിനു ശേഷം കോച്ച് ജസ്പാൽ റാണയ്ക്കൊപ്പം.
തൊണ്ണൂറുകൾ മുതൽ രണ്ടായിരത്തിന്‍റെ തുടക്ക കാലംവരെ ഇന്ത്യ ഷൂട്ടിങ്ങിന്‍റെ പതാകവാഹകനായിരുന്നു ജസ്പാൽ. വിരമിച്ചശേഷം പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലും വളർത്തിയെടുക്കുന്നതിലും അദ്ദേഹം സുപ്രധാന പങ്കുവഹിച്ചു. ജസ്പാൽ അകാലത്തിൽ വിടപറയുമ്പോൾ ഇന്ത്യൻ കായിക രംഗത്തിന് ഇനിയുമേറെ സംഭാവനകൾ നൽകാൻ കഴിവുള്ള അതുല്യ വ്യക്തിത്വത്തെയാണ് നമുക്ക് നഷ്ടമാകുന്നത്.