ശുഭ്മൻ ഗിൽ, രോഹിത് ശർമ.
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ രോഹിത് ശർമയും വിരാട് കോലിയും ഉൾപ്പെടുന്നു. എന്നാൽ, ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിതിനെ മാറ്റി. 2027ലെ ലോകകപ്പ് കളിക്കാൻ അദ്ദേഹത്തിനു സാധിക്കുമോ എന്ന് സെലക്റ്റർമാർക്ക് ഉറപ്പില്ലാത്തതാണ് കാരണം.
ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് രോഹിത് ശർമയെ മാറ്റി. ശുഭ്മൻ ഗിൽ ആണ് പുതിയ ക്യാപ്റ്റൻ. ശ്രേയസ് അയ്യരെ വൈസ് ക്യാപ്റ്റനായും നിയമിച്ചു. ഓസ്ട്രേലിയക്കെതിരായ പരമ്പരയായിരിക്കും ഏകദിന ക്യാപ്റ്റൻ എന്ന നിലയിൽ ഗില്ലിന്‍റെ ആദ്യ ദൗത്യം. മൂന്നു മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ഒക്റ്റോബർ 19ന് ആരംഭിക്കും. അതേസമയം, രോഹിത് ശർമയെയും വിരാട് കോലിയെയും ഈ പരമ്പരയ്ക്കുള്ള ടീമിൽ സ്പെഷ്യലിസ്റ്റ് ബാറ്റർമാരായി ഉൾപ്പെടുത്തിയിട്ടുണ്ട്.
കെ.എൽ. രാഹുൽ പ്രധാന വിക്കറ്റ് കീപ്പറാകുന്ന ടീമിൽ ബാക്കപ്പായി ധ്രുവ് ജുറലിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഏകദിന ക്രിക്കറ്റിൽ 56 റൺസ് ശരാശരിയുള്ള സഞ്ജു സാംസണെ ടി20 ടീമിൽ മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജസ്പ്രീത് ബുംറയ്ക്ക് ഏകദിന പരമ്പരയിൽ വിശ്രമം അനുവദിച്ചപ്പോൾ ടി20 ടീമിൽ ഉൾപ്പെടുത്തി. രവീന്ദ്ര ജഡേജയും വരുൺ ചക്രവർത്തിയും ഏകദിന ടീമിൽ നിന്നു പുറത്തായി. ചാംപ്യൻസ് ട്രോഫി നേടിയ ഇന്ത്യൻ ടീമിൽ അഞ്ച് മാറ്റങ്ങളുമായാണ് ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം പ്രഖ്യാപിച്ചിരിക്കുന്നത്. പരുക്കേറ്റ ഋഷഭ് പന്തും ഹാർദിക് പാണ്ഡ്യയും ടീമിലില്ല.
2027ൽ നടക്കുന്ന ഏകദിന ലോകകപ്പിനു മുൻപ് ഗില്ലിനു ക്യാപ്റ്റൻസിയിൽ മതിയായ പരിചയസമ്പത്ത് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ തന്നെ ക്യാപ്റ്റനായി നിയോഗിച്ചിരിക്കുന്നത്. സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ, മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ, ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ എന്നിവർ ചേർന്നാണ് നിർണായക തീരുമാനമെടുത്തത്. ഇന്ത്യ - വെസ്റ്റിൻഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ അഹമ്മദാബാദിലായിരുന്നു സെലക്ഷൻ കമ്മിറ്റി യോഗം.
2025 മാർച്ചിൽ ഇന്ത്യ ജേതാക്കളായ ചാംപ്യൻസ് ട്രോഫിയിലാണ് രോഹിത് ശർമയും വിരാട് കോലിയും അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. രോഹിത്തിന് ഇപ്പോൾ 38 വയസും കോലിക്ക് 36 വയസുമാണ്. ഇരുവർക്കും 2027ലെ ലോകകപ്പ് കളിക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ സെലക്റ്റർമാർക്ക് ഉറപ്പില്ല.
ടെസ്റ്റ് ക്യാപ്റ്റനായി നേരത്തെ തന്നെ നിയോഗിക്കപ്പെട്ട ശുഭ്മൻ ഗിൽ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനുമാണ്. ഏകദിനത്തിലെ ക്യാപ്റ്റൻസിയും കിട്ടിയതോടെ മൂന്നു ഫോർമാറ്റിലും ഔപചാരികമായി തന്നെ നേതൃപരമായ റോളിലേക്ക് 26 വയസുകാരൻ മാറിക്കഴിഞ്ഞു.
2021 ഡിസംബർ മുതൽ രോഹിത് ശർമയാണ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ നയിക്കുന്നത്. അദ്ദേഹം ക്യാപ്റ്റനായ 56 മത്സരങ്ങളിൽ 42 എണ്ണത്തിലും ഇന്ത്യ ജയിച്ചു, 12 എണ്ണം മാത്രം തോറ്റു. 2018ൽ പകരക്കാരനായി ടീമിനെ നയിച്ച് ഏഷ്യ കപ്പ് സ്വന്തമാക്കി. 2023ൽ ഫുൾ ടൈം ക്യാപ്റ്റനായും ഏഷ്യ കപ്പ് നേടി. 2023ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ ഫൈനലിലെത്തിയതും രോഹിതിന്‍റെ നേതൃത്വത്തിലായിരുന്നു. അവസാനമായി ടീമിനെ നയിച്ച ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യ കപ്പ് നേടി.
ഓസ്ട്രേലിയക്കെതിരേ അവരുടെ നാട്ടിൽ മൂന്ന് ഏകദിന മത്സരങ്ങൾ കളിക്കുന്ന ഇന്ത്യ നവംബർ-ഡിസംബർ സമയത്ത് ദക്ഷിണാഫ്രിക്കയ്ക്കെതിരേയും, ജനുവരിയിൽ ന്യൂസിലൻഡിനെതിരേയും സ്വന്തം നാട്ടിലും കളിക്കും.
ടീമുകൾ ഇങ്ങനെ:
ഏകദിനം:
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ (വൈസ്-ക്യാപ്റ്റൻ), അക്ഷർ പട്ടേൽ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ.
ടി20:
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), തിലക് വർമ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിങ്, വാഷിങ്ടൺ സുന്ദർ.