കേരള താരം സഞ്ജു സാംസണിന്‍റെ ഐപിഎൽ ടീം മാറ്റം ഏറെക്കുറെ ഉറപ്പായെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഒന്നുകിൽ തന്നെ റിലീസ് ചെയ്ത് ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കുക, അല്ലെങ്കിൽ ട്രേഡിങ് വിൻഡോയിൽ മറ്റൊരു ടീമിനു കൈമാറുക എന്ന ആവശ്യം സഞ്ജു ഔദ്യോഗികമായി തന്നെ രാജസ്ഥാൻ റോയൽസ് അധികൃതർക്കു മുന്നിൽ വച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ട്.
നിലവിൽ ചെന്നൈ സൂപ്പർ കിങ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സുമാണ് സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താൻ താത്പര്യം പ്രകടിപ്പിക്കുന്നത്. കെകെആർ ആണെങ്കിൽ ഓപ്പണിങ് സ്ലോട്ടും ക്യാപ്റ്റൻസിയും അടക്കം സഞ്ജുവിനു ലഭിക്കാൻ സാധ്യത കൂടുതലാണ്. ചെന്നൈക്ക് ക്യാപ്റ്റനായി ഋതുരാജ് ഗെയ്ക്ക്‌വാദ് ഉണ്ട്; ഓപ്പണിങ് റോളിൽ ഗെയ്ക്ക്‌വാദിനെ കൂടാതെ ആയുഷ് മാത്രെ, രചിൻ രവീന്ദ്ര തുടങ്ങിയവരുമുണ്ട്. എന്നാൽ, കോൽക്കത്ത അജിങ്ക്യ രഹാനെയ്ക്കു പകരം പുതിയ ക്യാപ്റ്റനെ തേടുന്നുണ്ട്. ഒരു ഇന്ത്യൻ ഓപ്പണറുടെ അഭാവവും അവിടെയുണ്ട്. പക്ഷേ, വ്യക്തമല്ലാത്ത കാരണങ്ങളാൽ ചെന്നൈയിൽ കളിക്കാനാണ് സഞ്ജു കൂടുതൽ താത്പര്യപ്പെടുന്നതെന്നാണ് വിവരം.
പക്ഷേ, ട്രേഡിങ് വിൻഡോയിൽ സഞ്ജുവിനെ വിട്ടുകൊടുക്കണമെങ്കിൽ ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് രണ്ടു താരങ്ങളെയാണ് രാജസ്ഥാൻ പകരമായി ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. മുൻപ് രാജസ്ഥാനിൽ കളിച്ചിട്ടുള്ള ആർ. അശ്വിനും രവീന്ദ്ര ജഡേജയുമാണിവരെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ച അശ്വിൻ കഴിഞ്ഞ സീസണിൽ വളരെ മോശം ഫോമിലായിരുന്നതിനാൽ വിട്ടുകൊടുക്കാൻ ചെന്നൈക്ക് മടിയുണ്ടാകില്ല. എന്നാൽ, മികച്ച ഫോമിലുള്ള ജഡേജയെ ഒന്നോ രണ്ടോ സീസണുകൾ കൂടി ടീമിൽ നിലനിർത്താനായിരിക്കും താത്പര്യം.
നവംബറിലാണ് ഐപിഎൽ ടീമുകൾ വരുന്ന സീസണിലേക്ക് നിലനിർത്തുകയും റിലീസ് ചെയ്യുകയും ചെയ്യുന്ന കളിക്കാരുടെ പട്ടിക നൽകേണ്ടത്. ചെന്നൈയും രാജസ്ഥാനും തമ്മിൽ കളിക്കാരെ കൈമാറുന്ന കാര്യത്തിൽ ധാരണയായില്ലെങ്കിൽ സഞ്ജുവിനെ ടീമിൽ നിലനിർത്താതെ റിലീസ് ചെയ്യാൻ രാജസ്ഥാൻ അധികൃതർ നിർബന്ധിതരാകും. അങ്ങനെ വന്നാൽ അടുത്ത താരലേലത്തിൽ ചെന്നൈയും കോൽക്കത്തയും തമ്മിൽ സഞ്ജുവിനു വേണ്ടി കടുത്ത മത്സരം തന്നെ നടത്താനാണ് സാധ്യത. ലേലത്തിൽ ലഭ്യമായാൽ സഞ്ജുവിനെ വാങ്ങാൻ ഡൽഹി ക്യാപ്പിറ്റൽസിനും താത്പര്യമുണ്ട്. ഡൽഹി ടീമിലൂടെയാണ് സഞ്ജു ആദ്യമായി ഐപിഎല്ലിൽ ശ്രദ്ധിക്കപ്പെടുന്നതും. മുൻപ് സഞ്ജു കോൽക്കത്ത ടീമിന്‍റെയും ഭാഗമായിരുന്ന 2012ൽ അവർ ചാംപ്യൻമാരായിരുന്നെങ്കിലും, അന്ന് 17 വയസ് മാത്രമുണ്ടായിരുന്ന സഞ്ജുവിന് ഒരു മത്സരത്തിൽ പോലും അവസരം കിട്ടിയിരുന്നില്ല.
ഇതിനിടെ, 'ക്യാപ്റ്റൻ ധ്രുവ് ജുറെലിന് അഭിനന്ദനങ്ങൾ' എന്ന രാജസ്ഥാൻ റോയൽസിന്‍റെ സോഷ്യൽ മീഡിയ പോസ്റ്റും വലിയ ചർച്ചകൾക്കു കാരണമായി. ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിൽ മധ്യമേഖലയുടെ ക്യാപ്റ്റനായി നിയോഗിക്കപ്പെട്ടതിനാണ് രാജസ്ഥാൻ റോയൽസ് തങ്ങളുടെ ടീമംഗമായ ജുറെലിനെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. എന്നാൽ, അടുത്ത സീസണിൽ രാജസ്ഥാനെ നയിക്കുന്നത് ജുറെൽ ആയിരിക്കുമെന്നതിന്‍റെ സൂചനയാണിതെന്ന മട്ടിലും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ സീസണിൽ സഞ്ജുവിനു പരുക്കേറ്റ സമയത്ത് യുവതാരം റിയാൻ പരാഗ് താത്കാലിക ക്യാപ്റ്റനായിരുന്നെങ്കിലും വ്യക്തിപരമായും ടീമിന്‍റെയും പ്രകടനങ്ങൾ മോശമായിരുന്നു.