പി. ആർ. ശ്രീജേഷ്
ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്‍റെ ജേഴ്സിയുടെ നിറം കാവിയാക്കി മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുൻ ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ്. അനാവശ്യ വിവാദമാണിപ്പോൾ ഉണ്ടായിരിക്കുന്നതെന്നും പല നിറങ്ങളിലുള്ള ജേഴ്സിയിൽ താൻ ലോകകപ്പിൽ കളിച്ചിട്ടുണ്ടെന്നും ശ്രീജേഷ് പറയുന്നു. കാവി ഇന്ത്യൻ പതാകയിലുള്ള ഒരു നിറമാണ്. കളിക്കളത്തിൽ പോരാട്ടത്തിനിറങ്ങുമ്പോൾ ഇന്ത്യൻ പതാക നമ്മുടെ കൺമുൻപിൽ ഉണ്ടായിരിക്കും. അതായത് ഏതു നിറത്തിലുള്ള ജേഴ്സി അണിഞ്ഞാലും നാം പ്രതിനിധീകരിക്കുന്നത് ഇന്ത്യയെയാണ്. അതുകൊണ്ട് നിറത്തിനു പിന്നാലെ പോകുന്നതിലൊന്നും കാര്യമില്ലെന്നാണ് തോന്നുന്നതെന്നും ശ്രീജേഷ് പറയുന്നു.
കളിക്കാരുമായി കൂടിയാലോചിച്ചതിനു ശേഷമാണ് നിറം തെരഞ്ഞെടുത്തതെന്നും ടീം ആദ്യം ഉപയോഗിച്ചിരുന്ന നീല ജേഴ്സി കളിക്കളവുമായി കലർന്നു കിടക്കുന്നതിനാൽ കളിക്കാർക്ക് വ്യക്തത ഇല്ലാതെ വരുന്നുവെന്നുമാണ് ഹോക്കി ഇന്ത്യ ഇക്കാര്യത്തിൽ നൽകിയിരുന്ന വിശദീകരണം.
കളിക്കാരൻ എന്ന നിലയിൽ രണ്ടു ലോകകപ്പുകളിൽ രണ്ടു വ്യത്യസ്ത നിറങ്ങളിലുള്ള ജേഴ്സി അണിഞ്ഞാണ് കളിച്ചിട്ടുള്ളത്. ഒന്ന് മഞ്ഞയും മറ്റൊന്ന് ഇളം നീലയും. ഇപ്പോഴത് കാവി നിറമാക്കിയിരിക്കുന്നു, ജേഴ്സിയുടെ നിറം മഞ്ഞയും നീലയുമാക്കിയപ്പോൾ ആരും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. ഇപ്പോൾ കാവിയായതു കൊണ്ട് എല്ലാവരും പെട്ടെന്ന് ചാടി വീഴുന്നു.
അതിന്‍റെ കാരണമെന്തെന്ന് മനസിലാകുന്നില്ല. ഇതു വരെയും ഈ വിഷയത്തിൽ കളിക്കാരുമായോ കോച്ചുമായോ സംസാരിച്ചിട്ടില്ല. ഇതു വരെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും പ്രചരിക്കുന്ന അഭിമുഖങ്ങളാണ് കണ്ടത്. അതു പ്രകാരം ഈ നിറം ശുപാർശ ചെയ്തിരിക്കുന്ന കളിക്കാരാണ്. അവരാണ് അതു ധരിക്കുന്നത്. അപ്പോഴത് അവരുടെ മാത്രം കാര്യമാണ്. അതു കൊണ്ടു തന്നെ ജേഴ്സിയുടെ നിറം മാറ്റമൊന്നും വലിയ കാര്യമാണെന്ന് തോന്നുന്നില്ലെന്നും ശ്രീജേഷ് പറയുന്നു.
പക്ഷേ നീല നിറമുള്ള ജേഴ്സി ഒഴിവാക്കാൻ പറഞ്ഞകാര്യം തനിക്ക് ദഹിക്കുന്നില്ലെന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു. സീസൺ മുഴുവൻ നീല നിറമുള്ള ജേഴ്സിയണിഞ്ഞാണ് ഞങ്ങൾ കളിച്ചിട്ടുള്ളത്. വ്യക്തത കുറവുണ്ടാക്കുന്നുവെന്ന വാദം അംഗീകരിക്കാൻ കഴിയുന്നില്ല. അതൊഴിവാക്കിയാൽ കളിക്കാർക്ക് സന്തോഷം നൽകുന്നത് നീലയോ കാവിയോ മഞ്ഞയോ ജേഴ്സിയാണെങ്കിൽ അവരതു തെരഞ്ഞെടുക്കട്ടേയെന്നും ശ്രീജേഷ്.