സൈന നെഹ്‌വാൾ
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്‍റണിന്‍റെ ജനപ്രീതിയിലും പ്രചാര വർധനവിലും സുപ്രധാന സംഭാവന നൽകിയ, തലമുറകൾക്കു പ്രചോദനമായ ഇതിഹാസ താരം സൈന നെവാൾ വിരമിക്കൽ പ്രഖ്യാപിച്ചു. രണ്ടു പതിറ്റാണ്ടോളം നീണ്ട കരിയറിനാണ് സൈന വിരാമം കുറിച്ചത്. 35കാരിയായ സൈന കാൽമുട്ടിനേറ്റ പരുക്കു കാരണം രണ്ടു വർഷമായി കോർട്ടിന് പുറത്തായിരുന്നു.
ഇന്ത്യൻ വനിതാ ബാഡ്മിന്‍റണിന്‍റെ മുഖമായി മാറിയ പ്രതിഭയാണ് സൈന. രാജ്യത്തിനുവേണ്ടി നിരവധി നേട്ടങ്ങൾ സൈന കുറിച്ചു. 2008ൽ ജൂനിയർ ലോക ചാംപ്യൻഷിപ്പിൽ കിരീടംചൂടിക്കൊണ്ടായിരുന്നു സൈനയുടെ പടയോട്ടത്തിന്‍റെ തുടക്കം. അതേവർഷം, ബീജിങ് ഒളിംപിക്സ് സിംഗിൾസിൽ ക്വാർട്ടറിൽ കടന്ന സൈന അത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി. 2009ൽ ബിഡബ്ല്യൂഎഫ് സൂപ്പർ സീരീസ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന പെരുമയും സൈനയ്ക്കു വന്നുചേർന്നു.
2010ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസ് വനിതാ സിംഗിൾസിലും സൈന ജേതാവായി. 2012ൽ ലണ്ടൻ ഒളിംപിക്സിലെ വെങ്കല മെഡലാണ് സൈനയുടെ കരിയറിലെ ഏറ്റവും തിളക്കമാർന്ന നേട്ടം. ബാഡ്മിന്‍റണിൽ ഇന്ത്യയുടെ ആദ്യ ഒളിംപിക്സ് മെഡലായും അതു മാറി. 2015ൽ സിംഗിൾസിൽ ലോക ഒന്നാം നമ്പറായും സൈന ചരിത്രത്താളുകളിൽ ഇടംപിടിച്ചു. ബാഡ്മിന്‍റൺ റാങ്കിങ്ങിൽ ഇന്ത്യൻ വനിതാ താരം ഒന്നാമതെത്തിയത് ആദ്യമായിട്ടായിരുന്നു. അക്കുറി ലോക ചാംപ്യൻഷിപ്പ് വെള്ളി മെഡലും സൈനയുടെ ഷെൽഫിലെത്തി. 2016 റിയോ ഒളിംപിക്സിനിടെയാണ് സൈനയുടെ കാൽമുട്ടിന് ഗുരുതര പരുക്കേൽക്കുന്നത്. എങ്കിലും ശക്തമായി തിരിച്ചുവന്ന സൈന തൊട്ടടുത്ത വർഷ ലോക ചാംപ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കി. 2018ൽ കോമൺവെൽത്ത് ഗെയിംസിലെ സ്വർണവും നേട്ടങ്ങളിൽപ്പെടുന്നു. രാജ്യം പദ്മശ്രീ, പദ്മഭൂഷൺ, അർജുന, ഖേൽരത്ന അവാർഡുകൾ നൽകി ആദരിച്ചിട്ടുണ്ട്.