സഞ്ജു സാംസൺ ദുബായിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുന്നു
Metro Vaartha
റോയ് റാഫേൽ
ദുബായ്: യുഎഇയിൽ നടക്കുന്ന ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ കളിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ താരം സഞ്ജു സാംസൺ. ടി20 ഫോർമാറ്റിലാണ് ഇത്തവണ ഏഷ്യ കപ്പ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഓപ്പണിങ് റോളിൽ സഞ്ജു ടീമിൽ സ്ഥാനം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
യുഎഇയിൽ നടന്ന അണ്ടർ 19 ലോകകപ്പിലും ഐപിഎൽ മത്സരങ്ങളിലും കളിച്ചപ്പോൾ ലഭിച്ച പിന്തുണ ആവേശകരമായിരുന്നുവെന്ന് സഞ്ജു ദുബായിൽ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. യുഎഇയിൽ ഇന്ത്യക്കു വേണ്ടി കളിക്കുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും മലയാളി താരം വ്യക്തമാക്കി.
എന്നാൽ, ഐപിഎല്ലിൽ തന്‍റെ നിലവിലുള്ള ടീമായ രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിങ്സിലേക്കു മാറുമോ എന്ന ചോദ്യത്തോടു പ്രതികരിക്കാൻ സഞ്ജു തയാറായില്ല. അതേസമയം, ഇത്തരം വാർത്തകൾ നിഷേധിക്കാത്ത സാഹചര്യത്തിൽ, ടീം മാറ്റം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നു തന്നെയാണ് അനുമാനിക്കാൻ സാധിക്കുന്നത്.
താരലേലത്തിനു മുൻപുള്ള ട്രാൻസ്ഫർ വിൻഡോയിൽ സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിങ്സും കോൽക്കത്ത നൈറ്റ് റൈഡേഴ്സും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.