സർഫറാസ് ഖാൻ
മുംബൈ: സയീദ് മുഷ്താഖ് അലി ടൂർണമെന്‍റിൽ അസമിനെതിരേ മുംബൈയ്ക്ക് ജയം. 99 റൺസിനാണ് മുംബൈ വിജയിച്ചത്. നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മുംബൈ നേടിയ 220 റൺസ് വിജയലക്ഷ‍്യം അസമിന് മറിക്കടക്കാൻ സാധിച്ചില്ല. ഇതോടെ തുടർച്ചയായി ടൂർണമെന്‍റിൽ നാലാം ജയം മുംബൈ സ്വന്തമാക്കി. കേരളമാണ് മുംബൈയുടെ അടുത്ത എതിരാളികൾ.
19.1 ഓവറിൽ 122 റൺസിന് അസം ഓൾഔട്ടായി. 47 പന്തിൽ 8 ബൗണ്ടറിയും 7 സിക്സും ഉൾപ്പടെ സെഞ്ചുറി നേടിയ സർഫറാസ് ഖാന്‍റെ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയെ കൂറ്റൻ സ്കോറിലെത്തിച്ചത്. സർഫറാസിനു പുറമെ അജിങ്ക‍്യ രഹാനെ (42), സായ്‌രാജ് പാട്ടീൽ (25), ആയുഷ് മാത്രെ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ അസമിനു വേണ്ടി ശിബ്‌ശങ്കർ റോയ്ക്കു (41) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായത്. ക‍്യാപ്റ്റൻ റിയാൻ പരാഗ് (0) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. മുംബൈയ്ക്കു വേണ്ടി 23 റൺസ് മാത്രം വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയ ശാർദൂൽ ഠാക്കൂറാണ് അസമിനെ തകർത്തത്.