Shikhar Dhawan File
Sports

ടീമിൽ ഉൾപ്പെടുത്താത്തത് ഞെട്ടിച്ചു: ധവാൻ

ഏഷ്യൻ ഗെയിംസ് ടീമിൽ ഇടം കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നു എന്ന് ഇന്ത്യൻ ഓപ്പണറുടെ വെളിപ്പെടുത്തൽ

MV Desk

ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ തന്നെ ഉൾപ്പെടുത്താത്തത് ഞെട്ടിച്ചെന്ന് ഓപ്പണർ ശിഖർ ധവാൻ. ദേശീയ ടീമിലേക്കു തിരിച്ചുവരവ് നടത്താൻ ഉറച്ചു തന്നെയാണ് മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സീനിയർ ടീമിലെ പതിവുകാരെയെല്ലാം ഒഴിവാക്കി, യുവനിരയെ മാത്രമാണ് ഏഷ്യൻ ഗെയിംസിലേക്കുള്ള ടീമിൽ സെലക്റ്റർമാർ ഉൾപ്പെടുത്തിയിരിക്കുന്നത്. മുപ്പത്തേഴുകാരനായ ധവാൻ ആയിരിക്കും ടീമിനെ നയിക്കുക എന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും, ഋതുരാജ് ഗെയ്ക്ക്‌വാദിനെയാണ് ടീമിനെ നയിക്കാൻ നിയോഗിച്ചിരിക്കുന്നത്.

''ടീം ലിസ്റ്റിൽ എന്‍റെ പേരു കാണാതിരുന്നപ്പോൾ അൽപ്പം ഞെട്ടലുണ്ടായി എന്നതു സത്യമാണ്. പക്ഷേ, അവരുടെ ചിന്താഗതി മറ്റൊരു തരത്തിലായിരിക്കാമെന്നു ഞാൻ കരുതി, അത് നമ്മൾ അംഗീകരിച്ചേ മതിയാകൂ. ഋതുവാണ് ക്യാപ്റ്റൻ എന്നത് സന്തോഷകരമാണ്. ചെറുപ്പക്കാരെല്ലാം ടീമിലുണ്ട്. അവർക്ക് നേട്ടമുണ്ടാകാൻ സാധിക്കുമെന്ന് എനിക്കുറപ്പാണ്'', പിടിഐക്കു നൽകിയ അഭിമുഖത്തിൽ ധവാൻ പറഞ്ഞു.

ടെസ്റ്റ് ടീമിൽ നിന്നു നേരത്തെ തന്നെ പുറത്തായിരുന്ന ധവാനെ ഏകദിന മത്സരങ്ങൾക്കു മാത്രമാണു പരിഗണിച്ചു പോന്നിരുന്നത്. ട്വന്‍റി20യിൽ രോഹിത് ശർമയും വിരാട് കോഹ്‌ലിയും അടക്കം സീനിയർ താരങ്ങൾ ആരെയും ഈയിടെ ഉൾപ്പെടുത്താറുമില്ല. ശുഭ്‌മാൻ ഗിൽ ടീമിൽ ഇടമുറപ്പിച്ചതോടെ ധവാൻ പരിമിത ഓവർ മത്സരങ്ങളിൽനിന്നും പുറത്താകുകയായിരുന്നു. രോഹിത് ശർമ കളിക്കാത്ത മത്സരങ്ങളിൽ ഇഷാൻ കിഷനും യശസ്വി ജയ്സ്‌വാളും ഋതുരാജ് ഗെയ്ക്ക്‌വാദുമെല്ലാം പരിഗണിക്കപ്പെട്ടു തുടങ്ങിയതോടെ ധവാന്‍റെ സാധ്യതകൾ കൂടുതൽ മങ്ങി.

2022 ഡിസംബറിലെ ബംഗ്ലാദേശ് പര്യടനത്തിനു ശേഷമാണ് ഏകദിന ടീമിൽ നിന്നു ധവാൻ പുറത്താകുന്നത്. കഴിഞ്ഞ പതിറ്റാണ്ടിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഏകദിന ബാറ്റർമാരിൽ ഒരാളായിരുന്നു ധവാൻ.

''തിരിച്ചുവരവിനു ഞാൻ തയാറാണ്. എൻസിഎയിൽ പരിശീലനം നടത്തുന്നുണ്ട്. അവിടെയുള്ള സൗകര്യങ്ങൾ ഏറ്റവും മികച്ചതാണ്. എന്‍റെ കരിയർ രൂപപ്പെടുത്തിയതു തന്നെ എൻസിഎയാണ്. ഐപിഎല്ലിനു വേണ്ടിയും തയാറെടുക്കേണ്ടതുണ്ട്. അതുകൂടാതെ സയീദ് മുഷ്താക്ക് അലി ട്രോഫിയും, സാധിച്ചാൽ വിജയ് ഹസാരെ ട്രോഫിയും കളിക്കണമെന്നാണ് ആഗ്രഹം'', ധവാൻ നയം വ്യക്തമാക്കി.

അന്താരാഷ്‌ട്ര വേദിയിൽ ഏകദിന ക്രിക്കറ്റ് മാത്രം കളിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടായിരുന്നു. നീണ്ട ഇടവേളകളുണ്ടാകും. ഓരോ പരമ്പരയും തിരിച്ചുവരവാണ്. മറ്റു കളിക്കാർ എല്ലാ ഫോർമാറ്റിലും കളിക്കുമ്പോൾ അവർക്ക് ഈ ഇടവേള ഉണ്ടാകുന്നില്ല. ഏതു ഫോർമാറ്റിൽ നന്നായി കളിച്ചാലും അവർ ശ്രദ്ധിക്കപ്പെടുകയും ചെയ്യും- ധവാൻ വിലയിരുത്തി.

വരാനിരിക്കുന്ന ലോകകപ്പിൽ ഇന്ത്യയുടെ സാധ്യതകളും അദ്ദേഹം അവലോകനം ചെയ്തു. പരിചയസമ്പത്തും യുവത്വും ഒത്തുചേർന്ന ടീമിന് സ്വന്തം നാട്ടിൽ നടക്കുന്ന ടൂർണമെന്‍റിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നാണ് അഭിപ്രായപ്പെട്ടത്. ശ്രേയസ് അയ്യർ പരിക്കിൽനിന്നു മുക്തനാകാത്ത സാഹചര്യത്തിൽ നാലാം നമ്പറിൽ സൂര്യകുമാർ യാദവിനെ കളിപ്പിക്കുന്നതാവും ഉചിതമെന്നും ധവാൻ.

ഇറാന്‍റെ കറന്‍സി കൂപ്പുകുത്തി; പ്രതിഷേധിച്ച് തെരുവിലിറങ്ങി ആയിരങ്ങള്‍

യുവതിയുടെ ദേഹത്ത് ലഹരി ഒളിപ്പിച്ച് കുഞ്ഞുമായി യാത്ര; കണ്ണൂരിൽ ദമ്പതികൾ അറസ്റ്റിൽ

കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പാ തട്ടിപ്പ് കേസ്; പി.വി. അൻവർ ബുധനാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവില്ല

ആലുവയിൽ ആക്രിക്കടയിൽ തീപിടിത്തം; വൻ നാശനഷ്ടം

''ക്രിസ്തുവിന്‍റെ അന്ത്യ അത്താഴത്തെ വികലമാക്കി''; കൊച്ചി ബിനാലെയിൽ പ്രദർശിപ്പിച്ച ചിത്രത്തിനെതിരേ കലക്റ്റർക്ക് പരാതി