ഇപ്പോ കടിച്ചേനേ!, ആരാധികയുടെ വളർത്തുനായയെ കൊഞ്ചിക്കാൻ ശ്രമം; ശ്രേയസ് അയ്യർ കടികിട്ടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മുംബൈ: ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ പട്ടിയുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വഡോദര വിമാനത്താവളത്തിലായിരുന്നു സംഭവം. താരത്തെ കാണാൻ കാത്തു നിന്നിരുന്ന ആരാധികയുടെ കയ്യിലെ പട്ടിയെ കൊഞ്ചിക്കാനുള്ള ശ്രമമാണ് പണിയായത്. താരെ പെട്ടെന്ന് കൈ വലിച്ചതിനാൽ പട്ടിയുടെ കടിയേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഇന്ത്യ- ന്യൂസിലൻഡ് ഒന്നാം ഏകദിനത്തിനായാണ് ശ്രേയസ് അയ്യർ വഡോദരയിൽ എത്തിയത്. വിമാനത്താവളത്തിൽ നിന്ന് ഇറങ്ങി വരുമ്പോൾ ഓട്ടോഗ്രാഫിനായി ആരാധകർ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇറങ്ങി വരവെ ഒരു ആരാധികയുടെ കൈയിലുണ്ടായിരുന്ന പോമറേനിയൻ ഇനത്തിൽപ്പെട്ട നായയെ താരം കണ്ടു. നായ താരത്തെ മണത്തുനോക്കുന്നുണ്ടായിരുന്നു. അതിനാലാണ് ശ്രേയസ് കൊഞ്ചിക്കാൻ ശ്രമിച്ചത്. എന്നാൽ അപ്രതീക്ഷിതമായി നായ കടിക്കാൻ പോവുകയായിരുന്നു. കൃത്യസമയത്ത് കൈ വലിച്ചു. പട്ടി കടിക്കാൻ പോയതിന്‍റെ അതൃപ്തി വ്യക്തമാക്കിക്കൊണ്ടാണ് താരം നടന്നു നീങ്ങിയത്.
വിഡിയോയ്ക്ക് താഴെ നിരവധി കമന്‍റുകളാണ് വരുന്നത്. പരിക്ക് മാറി തിരിച്ചെത്തിയ താരത്തിന് വീണ്ടും ‘പണി’കിട്ടാനുള്ള അവസരമാണ് ഒഴിഞ്ഞുപോയത് എന്നാണ് പലരുടേയും കമന്‍റ്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ ശ്രേയസ് ദീർഘകാലം ടീമിന് പുറത്തായിരുന്നു. ഒടുവിൽ രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് കിവീസിനെതിരായ പരമ്പരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.