ശ്രേയസ് അയ്യർ
ധരംശാല: ഐപിഎല്ലിൽ ഞായറാഴ്ച ജയ്പൂരിൽ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചതോടെ ചരിത്ര നേട്ടമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയിരിക്കുന്നത്. 12 വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പഞ്ചാബ് കിങ്സ് പ്ലേ ഓഫിലേക്ക് യോഗ‍്യത നേടി.
ടീമിനെ പ്ലേ ഓഫിലേക്ക് എത്തിക്കുന്നതിൽ മുഖ‍്യ പങ്ക് വഹിച്ച നായകൻ ശ്രേയസ് അയ്യരുടെറെ ക‍്യാപ്റ്റൻസിയാണ് എടുത്തു പറയേണ്ടത്. നയിച്ച ടീമിനെയെല്ലാം പ്ലേ ഓഫിൽ എത്തിക്കുകയെന്നത് നിസാര കാര‍്യമല്ല. കഴിഞ്ഞ ഐപിഎൽ സീസണിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് കീരിടം നേടി കൊടുത്തതിനു ശേഷമാണ് ശ്രേയസ് പഞ്ചാബിലെത്തുന്നത്. അതിനു മുമ്പ് 2020ൽ ഡൽഹി ക്യാപ്പിറ്റൽസിന്‍റെ നായകനായിരുന്ന ശ്രേയസ് അവരെയും ഫൈനലിലെത്തിച്ചിരുന്നു.
ഇതോടെ ഐപിഎല്ലിൽ നയിച്ച മൂന്നു ടീമുകളെയും പ്ലേ ഓഫിൽ എത്തിച്ച രണ്ടാമത്തെ ക‍്യാപ്റ്റനെന്ന റെക്കോഡ് ശ്രേയസിന്‍റെ പേരിലായി. മുമ്പ് ഈ നേട്ടം കൈവരിച്ചത് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്താണ്. രാജസ്ഥാൻ റോയൽസിനെയും പുനെ സൂപ്പർ ജയന്‍റ്സിനെയും താരം പ്ലേ ഓഫിൽ എത്തിച്ചിരുന്നു.
ക‍്യാപ്റ്റൻസി കൂടാതെ ബാറ്റ് കൊണ്ടും ശ്രേയസ് പ്രകടന മികവ് പുറത്തെടുത്തു. ഇത്തവണത്തെ ഐപിഎൽ സീസണിൽ 12 മത്സരങ്ങൾ കളിച്ച താരം 435 റൺസാണ് അടിച്ചു കൂട്ടിയത്.