മത്സരത്തിൽ നിന്ന്

 
Sports

ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കൽ കലമുടച്ചു; ന‍്യൂസിലാൻഡ് ഫൈനലിൽ

നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ‍്യം 12.5 ഓവറിൽ 9 വിക്കറ്റ് ശേഷിക്കെ ന‍്യൂസിലാൻഡ് മറികടന്നു

Aswin AM

കോൽക്കത്ത: 2026 ടി20 ലോകകപ്പിൽ ന‍്യൂസിലാൻഡ് ഫൈനലിൽ. സെമി ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് കിവീസ് ഫൈനൽ ഉറപ്പാക്കിയത്. നിശ്ചിത 20 ഓവറിൽ ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ‍്യം 12.5 ഓവറിൽ 9 വിക്കറ്റ് ശേഷിക്കെ ന‍്യൂസിലാൻഡ് മറികടന്നു. 33 പന്തിൽ 10 ബൗണ്ടറിയും 8 സിക്സും അടക്കം സെഞ്ചുറി അടിച്ച് പുറത്താവാതെ നിന്ന ഫിൻ അലനാണ് ടോപ് സ്കോറർ.

ഫിൻ അലനു പുറമെ ഓപ്പണിങ് ബാറ്റർ ടിം സെയ്ഫെർട്ട് 33 പന്തിൽ 58 റൺസെടുത്ത് പുറത്തായി. രച്ചിൻ രവീന്ദ്ര 11 പന്തിൽ 13 റൺസെടുത്ത് പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി കാഗിസോ റബാഡയാണ് വിക്കറ്റ് വീഴ്ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന‍്യൂസിലാൻഡ് തുടക്കം മുതൽ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത് വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചതാണ് കോൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്റ്റേഡിയം സാക്ഷ‍്യം വഹിച്ചത്.

അർധ സെഞ്ചുറി നേടിയ മാർക്കോ യാൻസന്‍റെ ആഹ്ലാദ പ്രകടനം

മാർക്കോ യാൻസനും ലുങ്കി എൻഗിഡിയും അടക്കമുള്ള മികവുറ്റ ബൗളർമാരുണ്ടായിട്ടും ന‍്യൂസിലാൻഡിനെ പിടിച്ചുകെട്ടാൻ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. ഇത് നാലാം തവണയാണ് ഐസിസി നോക്കൗട്ട് വേദിയിൽ ദക്ഷിണാഫ്രിക്കയെ ന‍്യൂസിലാൻഡ് പരാജയപ്പെടുത്തുന്നത്. ടൂർണമെന്‍റിലെ ഗ്രൂപ്പ് ഘട്ട മത്സരത്തിലും സൂപ്പർ 8 മത്സരങ്ങളിലും പരാജയം അറിയാതെ മുന്നേറിയ ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കൽ കലമുടച്ചു. വ‍്യാഴാഴ്ച നടക്കുന്ന ഇന്ത‍്യ- ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനൽ മത്സരത്തിലെ വിജയികളെ ന‍്യൂസിലാൻഡ് ഫൈനലിൽ ഏറ്റുമുട്ടും.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് മാത്രമാണ് അടിച്ചെടുത്തിരുന്നത്. 27 പന്തിൽ 52 റൺസ് നേടിയ മാർക്കോ യാൻസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. ന‍്യൂസിലാൻഡിനു വേണ്ടി രച്ചിൻ രവീന്ദ്രയും കോൾ മക്കോഞ്ചിയും, മാറ്റ് ഹെൻറിയും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ജെയിംസ് നീഷാം, ലോക്കി ഫെർഗൂസൻ എന്നിവർ ഓരോ വിക്കറ്റ് വീതം പിഴുതു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മോശം തുടക്കമാണ് ഓപ്പണർമാരയ ക്വിന്‍റൻ ഡി കോക്കും (10) എയ്ഡൻ മാർക്രവും (18) നൽകിയത്. 12 റൺസ് സ്കോർ ചേർക്കുന്നതിനിടെ ദക്ഷിണാഫ്രിക്കയ്ക്ക് ആദ‍്യ വിക്കറ്റ് നഷ്ടമായി. ഡി കോക്കാണ് ആദ‍്യം പുറത്തായത്. കോൾ മക്കോഞ്ചിക്കായിരുന്നു വിക്കറ്റ്. ഗുഡ് ലെങ്ത്ത് ഡെലിവറിയിൽ പിച്ച് ചെയ്ത പന്ത് വമ്പനടിക്ക് ശ്രമിച്ചതാണ് ഡി കോക്കിന് തിരിച്ചടിയായത്.

പിന്നാലെയെത്തിയ റയാൻ റിക്കിൾടൺ സംപൂജ‍്യനായി ആദ‍്യ പന്തിൽ തന്നെ പുറത്തായതോടെ ടീം പ്രതിരോധത്തിലായി. തുടർന്നെത്തിയ ബ്രെവിസും (34) മാർക്രവും ചേർന്ന് ടീമിനെ മുന്നോട്ടു കൊണ്ടു പോയി. പവർ പ്ലേ പൂർത്തിയാവുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 48 റൺസെന്ന നിലയിലായിരുന്നു ടീം. അൽപ്പ നേരം മാർക്രം പിടിച്ചു നിന്നെങ്കിലും കാര‍്യമായ പ്രകടനം പുറത്തെടുക്കാനായില്ല.

രച്ചിൻ രവീന്ദ്രയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. അഞ്ചാമനായി ക്രീസിലെത്തിയ കില്ലർ മില്ലർ എന്ന് ഇരട്ടപ്പേരുള്ള ഡേവിഡ് മില്ലർ ഇത്തവണ നിരാശപ്പെടുത്തി. 6 പന്തിൽ നിന്നും 6 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഒടുവിൽ ആറാം വിക്കറ്റിലാണ് ആകെ 50 റൺസിലേറെ കൂട്ടുകെട്ടുണ്ടായതും ടീം സ്കോർ ഉയർന്നതും. ഒരു ഘട്ടത്തിൽ വിക്കറ്റുകൾ തുടരെ തുടരെ വീണപ്പോൾ പിടിച്ചു നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നൽകിയത് മാർക്കോ യാൻസനും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്നാണ്. മോശം പന്തുകൾ ബൗണ്ടറി പറത്തിയും നല്ല പന്തുകൾ ബഹുമാനിച്ചും ഇരുവരും ടീമിനെ കൈപിടിച്ച് ഉയർത്തി. 19.1 ഓവറിൽ ലോക്കി ഫെർഗൂസനാണ് സ്റ്റബ്സിനെ ബൗൾഡാക്കി കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ യാൻസൻ ക്രീസിൽ നിലയുറപ്പിച്ച് നിരന്തരം ബൗണ്ടറികളും സിക്സറുകളും പറത്തി. അവസാന ഓവർ പന്തെറിഞ്ഞ മാറ്റ് ഹെൻറി 5 റൺസ് മാത്രമാണ് വിട്ടു നൽകിയത്. കോർബിൻ ബോഷിനെ യോർക്കറിൽ ബൗൾഡാക്കുകയും കാഗിസോ റബാഡയെ പുറത്താക്കുകയും ചെയ്തു.

ഒടുവിൽ പഞ്ചാബും വീണു

നാലാമത്തെ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനം ഇന്ത്യയിലേക്ക്

9,400 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു

രേഖകൾ ഇല്ലാത്തതിന്‍റെ പേരിൽ സ്കൂൾ അഡ്മിഷൻ നിഷേധിക്കില്ല

എണ്ണത്തർക്കം: യുഎഇ ഒപെക് വിട്ടു