കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം Freepik
Sports

കേരളത്തിലെ കോളെജ് വിദ്യാർഥികൾക്കായി സ്പോർട്സ് ലീഗ്; രാജ്യത്ത് ആദ്യം

സംസ്ഥാനത്തെ കോളെജുകളില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളിലാണ് കോളെജ് ലീഗ് ആരംഭിക്കുക. ഭാവിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തും.

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കോളെജ് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ. സംസ്ഥാനത്തെ കോളെജുകളില്‍ ഫുട്‌ബോള്‍, ക്രിക്കറ്റ്, വോളിബോള്‍, കബഡി ഇനങ്ങളിലാണ് കോളെജ് ലീഗ് ആരംഭിക്കുക. ഭാവിയില്‍ കൂടുതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തും. സംസ്ഥാന ഉന്നതവിദ്യാഭ്യാസ- കായിക വകുപ്പ് മന്ത്രിമാര്‍ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സ്പോര്‍ട്സ് ലീഗ് പ്രഖ്യാപിച്ചത്.

മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളെജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളെജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. ഇതിന്‍റെ ഭാഗമായി എല്ലാ കോളെജുകളിലും സ്‌പോര്‍ട്‌സ് ക്ലബ് തുടങ്ങും. സംസ്ഥാനത്തെ കോളെജുകളെ നാല് മേഖലകളായി തിരിച്ച് മൂന്നു മുതല്‍ ആറുമാസം വരെ നീളുന്ന ലീഗാണ് നടത്തുകയെന്ന് മന്ത്രി വി .അബ്ദുറഹ്മാന്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് ക്ലബുകളെ ഏകോപിപ്പിക്കാന്‍ ജില്ലാതല കമ്മിറ്റികള്‍ ഉണ്ടാകും. കമ്മിറ്റിയില്‍ ഉന്നതവിദ്യാഭ്യാസ, കായിക, വകുപ്പുകളുടെ ഉദ്യോഗസ്ഥരും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹികളും കായിക സംഘടനാ പ്രതിനിധികളും മുന്‍താരങ്ങളുമുണ്ടാകും. സംസ്ഥാനതല സാങ്കേതിക സമിതിക്കാകും ജില്ലാ സമിതികളുടെ നിയന്ത്രണം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രിയും കായിക മന്ത്രിയും വൈസ് ചാന്‍സലര്‍മാരും ഉദ്യോഗസ്ഥരും അടങ്ങുന്ന സംസ്ഥാനതല സമിതിയാകും ഭരണനിര്‍വഹണ സമിതി.

പ്രൊഫഷണല്‍ ലീഗുകളുടെ മാതൃകയില്‍ "ഹോം ആന്‍റ് എവേ' മത്സരങ്ങളാണ് നടക്കുക. ജില്ലാ തല സമിതികളാണ് കോളെജ് ലീഗിനുള്ള ടീമുകളെ തെരഞ്ഞെടുക്കുക. ഓരോ മേഖലയില്‍ നിന്നും മുന്നിലെത്തുന്ന നാല് ടീമുകള്‍ സംസ്ഥാന ലീഗില്‍ മത്സരിക്കും. ഓരോ കായിക ഇനത്തിലും 16 ടീമുകള്‍ സംസ്ഥാനതല മത്സരത്തിനെത്തും. മത്സരങ്ങള്‍ നിരീക്ഷിക്കാന്‍ പ്രൊഫഷണല്‍ ലീഗില്‍ നിന്നുള്ള വിദഗ്ധരും പ്രൊഫഷണല്‍ കളിക്കാരും എത്തും. സ്‌പോര്‍ട്‌സ് ക്ലബുകള്‍ക്ക് ഭാവിയില്‍ സ്വന്തം നിലയില്‍ വരുമാനമുണ്ടാക്കാന്‍ സാധിക്കുന്ന രീതിയിലാണ് ലീഗ് വിഭാവനം ചെയ്തിരിക്കുന്നത്. ഇത് കായികരംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ കോളെജുകളെ വഴിയൊരുക്കും. കോളെജ് ലീഗില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്ക് പ്രൊഫഷണല്‍ ലീഗിലേക്കും വഴിയൊരുങ്ങും. സ്പോർട്സ് എന്‍ജിനീയറിങ്, സ്പോർട്സ് മെഡിസിൻ, സ്പോർട്സ് മാനേജ്മെന്‍റ് മേഖലകളിൽ ഉണർവ്വും വളർച്ചയും ഇതുവഴി കൈവരിക്കാനാകുമെന്ന് മന്ത്രിമാര്‍ പറഞ്ഞു. കുട്ടികളുടെ അക്കാദമിക കാര്യങ്ങളെ തടസപ്പെടുത്താതെ ഇതിനായി പ്രത്യേക കലണ്ടര്‍ തയ്യാറാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മത്സരങ്ങളുടെ ഘടന ഇങ്ങനെ

14 ജില്ലകളിൽ നിന്ന് നാല് ടീമുകളെ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലാ ലീഗിലേക്ക് തെരഞ്ഞെടുക്കും. 14 ജില്ലകളില്‍ നിന്നുള്ള ജില്ലാ ലീഗ് വിജയികളെ നാല് സോണുകളായി തിരിക്കും. കെടിയു, ഹെൽത്ത് സർവകലാശാലകളിൽ നിന്ന് രണ്ട് വൈൽഡ് കാർഡ് എൻട്രികളും ഉണ്ടാകും. സോണ്‍ ഒന്നിൽ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, സോൺ രണ്ടിൽ പാലക്കാട് , തൃശൂർ, മലപ്പുറം, സോൺ മൂന്നിൽ എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, സോണ്‍ നാലിൽ കൊല്ലം , തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളുണ്ടാകും. ഓരോ ലീഗിലും 12 മത്സരങ്ങളാണ്. ആകെ 168 മത്സരങ്ങൾ ജില്ലാ ലീഗിലും 48 മത്സരങ്ങൾ സോണൽ ലീഗിലും.

പ്രതിരോധം തീർക്കാൻ ഇനിയില്ല; പുജാര പടിയിറങ്ങി

‌ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഓസീസിന്‍റെ വെടിക്കെട്ട് ഇന്നിങ്സ്; 432 റൺസ് വിജയലക്ഷ‍്യം

റാഷിദ് ഖാൻ നയിക്കും; ഏഷ‍്യാകപ്പിനുള്ള അഫ്ഗാനിസ്ഥാൻ ടീമായി

രാഹുലിനെതിരേ 'പ്ലാൻ ബി'! നിയമോപദേശം തേടി കോൺഗ്രസ്

രാഹുലിനെക്കുറിച്ച് സ്ത്രീകൾ ഭയത്തോടെ സംസാരിക്കുന്നു; മിണ്ടാതിരിക്കാനാവുന്നില്ലെന്ന് കെസിയുടെ ഭാര്യ