മെൽബൺ: രോഹിത് ശർമ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇക്കാര്യത്തിൽ സെലക്റ്റർമാർ ഇടപെട്ടു കഴിഞ്ഞെന്നും, ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ അവസാന ടെസ്റ്റ് രോഹിതിന്‍റെ കരിയറിലെ അവസാന ടെസ്റ്റ് ആകാനാണ് സാധ്യതയെന്നും സൂചന.
ബോർഡർ - ഗവാസ്കർ ട്രോഫി പരമ്പരയിൽ ഓസ്ട്രേലിയ ഇപ്പോൾ 2-1ന് ലീഡ് ചെയ്യുകയാണ്. സിഡ്നി ടെസ്റ്റ് ജയിച്ച് പരമ്പര സമനിലയിലാക്കിയാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സാധ്യത നിലനിർത്താം.
എന്നാൽ, ജൂണിൽ നടക്കുന്ന ഫൈനലിനു മുൻപ് ഇന്ത്യക്ക് ടെസ്റ്റ് മത്സരങ്ങളില്ല. ഓസ്ട്രേലിയക്ക് ശ്രീലങ്കയുമായി രണ്ട് ടെസ്റ്റ് കളിക്കാനുമുണ്ട്. ഇന്ത്യയോട് സിഡ്നിയിൽ തോറ്റാലും, ശ്രീലങ്കയെ രണ്ടു മത്സരങ്ങളിൽ തോൽപ്പിച്ചാൽ ഓസ്ട്രേലിയക്ക് ഫൈനൽ കളിക്കാനാകും.
ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. അവരെ നേരിടാൻ ഇന്ത്യ യോഗ്യത നേടുകയാണെങ്കിൽ മാത്രമായിരിക്കും രോഹിത് ശർമയ്ക്ക് ക്യാപ്റ്റനായും ടെസ്റ്റ് ടീം അംഗമായും തുടരാൻ സാധിക്കുക എന്നാണ് വിവരം.
ഓസ്ട്രേലിയക്കെതിരായ പരജയങ്ങളെക്കാൾ, നാട്ടിൽ നടന്ന പരമ്പരയിൽ ന്യൂസിലൻഡിനോട് വൈറ്റ് വാഷ് ചെയ്യപ്പെട്ടതാണ് ഇന്ത്യക്ക് കൂടുതൽ വലിയ തിരിച്ചടിയായത്. ഓസ്ട്രേലിയയിൽ ജസ്പ്രീത് ബുംറ നയിച്ച ആദ്യ മത്സരത്തിൽ ഇന്ത്യ ജയിക്കുകയും ചെയ്തിരുന്നു.
ട്വന്‍റി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത് ശർമയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ആ ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ടെസ്റ്റിൽ നിന്നു കൂടി രോഹിത് വിരമിച്ചാൽ, കുറഞ്ഞ പക്ഷം ചാംപ്യൻസ് ട്രോഫി വരെയെങ്കിലും ഏകദിന ക്യാപ്റ്റൻസിയിൽ തുടരും. അങ്ങനെ വന്നാൽ ഇന്ത്യക്ക് മൂന്ന് ഫോർമാറ്റിൽ മൂന്ന് ക്യാപ്റ്റൻമാരാകും.