ഇന്ത്യൻ ടീം അഴിച്ചു പണിഞ്ഞേക്കും; സഞ്ജുവിന് സാധ്യത
ന്യൂഡൽഹി: ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പിൽ സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ കനത്ത തോൽവി ഇന്ത്യൻ ടീമിനെ വിമർശനത്തിന്‍റെ തിച്ചൂളയിലാക്കിയിരിക്കുകയാണ്. ബാറ്റിങ് ലൈനപ്പിൽ ഇടംകൈയൻമാരുടെ അതിപ്രസരവും തുടർച്ചയായി പരാജയപ്പെടുന്ന ടോപ്പ് ഓർഡർ ബാറ്റർമാരെ നിലനിർത്തുന്നതുമടക്കം നിരവധി പിഴവുകളാണ് ടീം മാനെജ്മെന്‍റിന്‍റെ ഭാഗത്തു നിന്നുണ്ടായത്. സെമി ഫൈനലിൽ പ്രവേശിക്കണമെങ്കിൽ ഇനിയുള്ള രണ്ടു മത്സരങ്ങളും വലിയ മാർജനിൽ ഇന്ത്യ ജയിക്കേണ്ടിയിരിക്കുന്നു. ബാറ്റിങ് ലൈനപ്പിൽ മാറ്റംവരുത്തിയാലേ അതു സാധ്യമാകുകയുള്ളൂവെന്നാണ് ടീം മാനെജ്മെന്‍റിന്‍റെ വിലയിരുത്തൽ. ടോപ് ഓർഡറിൽ നിറംമങ്ങിയ ഒരു ബാറ്ററെയെങ്കിലും ഒഴിവാക്കി സൂപ്പർ എട്ടിലെ അവശേഷിക്കുന്ന കളികളിൽ മലയാളി താരം സഞ്ജു സാംസന് അവസരം നൽകുമെന്ന് അസിസ്റ്റന്‍റ് കോച്ച് റ്യാൻ ടെൻ ഡോഷെ സൂചന നൽകിക്കഴിഞ്ഞു.
സിംബാബ്‌വെയും വെസ്റ്റിൻഡീസുമാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ. ഓസ്ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ച സിംബാബ്‌വെ ഉശിരൻ ഫോമിലാണ്. ടി20 ക്രിക്കറ്റിൽ എക്കാലത്തും അപകടകാരികളാണ് വെസ്റ്റിൻഡീസ്. സെമി പ്രവേശനത്തിന് ഇന്ത്യ വിയർപ്പൊഴുക്കേണ്ടവരുമെന്നു സാരം. അതിനാൽത്തന്നെ സുപ്രധാന മത്സരങ്ങളിൽ തന്ത്രപരമായ മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ് ഇന്ത്യൻ ടീം മാനെജ്മെന്‍റ്.
ഇന്ത്യയുടെ ടോപ് ഓർഡർ ഇടംകൈയൻമാരെ അമിതമായി ആശ്രയിക്കുകയാണെന്നതിൽ തർക്കമില്ല. ഇതു എതിരാളികൾ ശരിക്കും മുതലെടുക്കുന്നു. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും ഇന്ത്യയ്ക്കെതിരേ മറ്റു ടീമുകൾ തുടക്കത്തിൽ തന്നെ പാർട്ട് ടൈം ഓഫ് സ്പിന്നർമാരെ രംഗത്തിറക്കി വിക്കറ്റ് പിഴുതിരുന്നു. തുടക്കത്തിലേ വിക്കറ്റുകൾ നിലംപൊത്തുന്നത് മധ്യനിരയ്ക്കുമേൽ സമ്മർദം വർധിപ്പിക്കുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്‍റെയും തിലക് വർമയുടെയും മെല്ലപ്പോക്കും ഇന്ത്യയെ പിന്നോട്ടടിക്കുന്ന കാര്യമാണ്.
ദക്ഷിണാഫ്രിക്കയോട് 76 റൺസിന്‍റെ വൻ തോൽവി വഴങ്ങിയതിനു പ്രധാന കാരണം ഇന്ത്യൻ മുൻനിരയുടെ തകർച്ചയാണ്. ടൂർണമെന്‍റിൽ മികച്ച ഫോമിലായിരുന്നു ഇഷാൻ കിഷന്‍റെ (0) പതനം ഇന്ത്യയ്ക്ക് അപ്രതീക്ഷിത പ്രഹരമേൽപ്പിച്ചു. തുടക്കത്തിൽ തന്നെ പന്തെടുത്ത പാർട്ട് ടൈം സ്പിന്നറും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനുമായ എയ്ദൻ മാർക്രത്തിന്‍റെ തന്ത്രം അക്ഷരാർഥത്തിൽ ഫലം കണ്ടു. അഭിഷേക് ശർമയും (15) തിലക് വർമയും (1) ക്യാപ്റ്റൻ സൂര്യകുമാർ യാദവും (18) പതിവ് താളപ്പിഴ തുടർന്നപ്പോൾ ഇന്ത്യ തോൽവി ഉറപ്പിക്കുകയും ചെയ്തു. മുൻനിര വിക്കറ്റുകൾ തുടർച്ചയായി നിലംപൊത്തിയത് ഇന്ത്യയുടെ ബാറ്റിങ് സ്ഥിരതയെ ബാധിച്ചെന്നെന്നു പറയാം.
പിഴവുകളും ദൗർബല്യങ്ങളും
ആദ്യ ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുന്നു.
ഇടംകൈയൻ ബാറ്റർമാർ ഓഫ് സ്പിന്നർമാരുടെ വലയിൽ വീഴുന്നു.
തിലക് വർമയുടെ ദുർബലമായ സ്ട്രൈക്കറ്റ് റേറ്റ്.
അഭിഷേക് ശർമയുടെ ഫോമില്ലായ്മ
സഞ്ജു കളിച്ചാൽ
ഇടംകൈയൻ ബാറ്റർമാരുടെ ആധിക്യം കുറയ്ക്കാം.
ഇടംകൈ-വലംകൈ കോംബിനേഷൻ വർധിക്കും.
ഓഫ് സ്പിന്നർമാരുടെ ആക്രമണം ചെറുക്കാം.
പവർ പ്ലേയിലെ റൺസ് നിരക്ക് ഉയർത്താം.
ചേസിങ്ങിൽ പരിചയസമ്പത്ത് ഉപകാരപ്പെടും.
പരിഗണിക്കുന്ന കാര്യങ്ങൾ
തിലകിനു പകരം സഞ്ജു മൂന്നാം നമ്പറിൽ.
ഇഷാൻ കിഷനൊപ്പം സഞ്ജു ഓപ്പണർ.
ടോപ് ഓർഡർ നിലനിർത്തി റോളുകൾ പുനർനിർണയിക്കുക.