യുഎഇ ടീം
ദുബായ്: ഫെബ്രുവരി ഏഴിന് ഇന്ത‍്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള യുഎഇ ടീമിനെ പ്രഖ‍്യാപിച്ചു. മുഹമ്മദ് വസീം നയിക്കുന്ന 15 അംഗ ടീമിൽ മലയാളി താരം അലിഷാൻ ഷറഫു അടക്കമുള്ള താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. ടി20 ലോകകപ്പിനു മുന്നോടിയായി യുഎഇ രണ്ടു ടി20 മത്സരങ്ങൾ അയർലൻഡിനെതിരേ കളിക്കും.
ഫെബ്രുവരി മൂന്നിന് നേപ്പാളിനെതിരേയും ഫെബ്രുവരി ആറിന് ഇറ്റലിക്കെതിരേയും ലോകകപ്പ് സന്നാഹ മത്സരത്തിൽ യുഎഇ ഏറ്റുമുട്ടും. കഴിഞ്ഞ മൂന്നു വർഷമായി യുഎഇ ടീമിനെ നയിക്കുന്ന വസീമിന് ഇത്തവണ മികച്ച വിജയങ്ങൾ സമ്മാനിക്കാൻ സാധിച്ചേക്കും. ന‍്യൂസിലൻഡ്, കാനഡ, അഫ്ഗാനിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുമായി ഗ്രൂപ്പ് ഘട്ടങ്ങളിൽ യുഎഇ കളിക്കും.
മുഹമ്മദ് വസീം, അലിഷാൻ ഷറഫു, ജുനൈദ് സിദ്ദിഖ് എന്നീ താരങ്ങൾ കഴിഞ്ഞ ടി20 ലോകകപ്പിലും യുഎഇയെ പ്രതിനിധീകരിച്ച് കളിച്ചിരുന്നു. മുൻ ഇന്ത‍്യൻ താരം ലാൽചന്ദ് രജ്‌പുത്ത് ആണ് യുഎഇയുടെ മുഖ‍്യ പരിശീലകൻ. കൂടാതെ ബൗളിങ് പരിശീലകനായി മുൻ പാക്കിസ്ഥാൻ താരം യാസിർ അറാഫത്തും ഫീൽഡിങ് പരിശീലകനായി മുൻ സിംബാബ്‌വെൻ താരം സ്റ്റാൻലി ചിയോസയും പ്രവർത്തിക്കും
യുഎഇ ടീം: മുഹമ്മദ് വസീം (ക‍്യാപ്റ്റൻ), അലിഷാൻ ഷറഫു, ആര‍്യൻഷ് ശർമ, ധ്രുവ് പരാഷർ, ഹൈദർ അലി, ഹർഷിത് കൗശിക്, ജുനൈദ് സിദ്ദിഖ്, മായങ്ക് കുമാർ, മുഹമ്മദ് അർഫാൻ, മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ജവാദുള്ള, മുഹമ്മദ് സൊഹൈബ്, റോഹിദ് ഖാൻ, സൊഹൈബ് ഖാൻ, സിമ്രാൻജീത് സിങ്