വീനസ് വില്യംസ്.
മാഡ്രിഡ്: തുടർച്ചയായി പത്താം മത്സരത്തിലും പരാജയപ്പെട്ടെങ്കിലും തളരാതെ ടെന്നിസ് കോർട്ടിൽ തുടരാൻ മുൻ ലോക ഒന്നാം നമ്പർ താരം വീനസ് വില്യംസ്. അടുത്ത മാസം നടക്കുന്ന ഫ്രഞ്ച് ഓപ്പണിൽ കളിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി മാഡ്രിഡ് ഓപ്പണിലെ തോൽവിക്ക് പിന്നാലെ 45-കാരിയായ താരം വ്യക്തമാക്കി.
മാഡ്രിഡ് ഓപ്പണിൽ സ്പാനിഷ് താരം കെയ്റ്റ്‌ലിൻ ക്വെവെദോയോടാണ് വീനസ് പരാജയപ്പെട്ടത് (സ്കോർ: 6-2, 6-4). അഞ്ച് വർഷത്തിന് ശേഷമാണ് വീനസ് മാഡ്രിഡിൽ കളിക്കാനിറങ്ങിയത്. 2021-ലെ ഫ്രഞ്ച് ഓപ്പണിന് ശേഷം ഇതാദ്യമായാണ് താരം ക്ലേ കോർട്ടിൽ ഒരു മത്സരം കളിക്കുന്നത്.
'ക്ലേ കോർട്ടിൽ കളിക്കുന്നത് വലിയൊരു മാറ്റമാണ്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് ഞാൻ ക്ലേ കോർട്ടിൽ പരിശീലനം തുടങ്ങിയത്. വർഷങ്ങളായി ഇവിടെ കളിച്ചിട്ടില്ലെങ്കിലും ഈ കോർട്ട് ഞാൻ ശരിക്കും ആസ്വദിക്കുന്നു,' വീനസ് പറഞ്ഞു. വ്യക്തിപരമായ ചില കാരണങ്ങളാൽ റോം ഓപ്പണിൽ പങ്കെടുക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഏഴ് തവണ ഗ്രാൻഡ്സ്ലാം കിരീടം നേടിയിട്ടുള്ള വീനസ് വില്യംസ് അവസാനമായി ഒരു മത്സരം ജയിച്ചത് 2025 ജൂലൈയിൽ വാഷിംഗ്ടണിൽ നടന്ന ടൂർണമെന്‍റിലായിരുന്നു. ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പൺ ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകളിലെല്ലാം ആദ്യ റൗണ്ടിൽ തന്നെ താരം പുറത്തായിരുന്നു.
അതേസമയം, ഇതിഹാസ താരത്തെ തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ഇരുപതുകാരിയായ കെയ്റ്റ്‌ലിൻ ക്വെവെദോ. മാഡ്രിഡ് ഓപ്പണിന്റെ മെയിൻ ഡ്രോയിൽ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്പാനിഷ് താരമെന്ന നേട്ടവും ഇതോടെ കെയ്റ്റ്‌ലിൻ സ്വന്തമാക്കി. വീനസിനെപ്പോലൊരു ഇതിഹാസതാരത്തിനെതിരെ കളിക്കാൻ കഴിഞ്ഞത് വലിയൊരു അംഗീകാരമായി കാണുന്നുവെന്ന് കെയ്റ്റ്‌ലിൻ പ്രതികരിച്ചു.