വിഘ്നേഷ് പുത്തൂർ
മലപ്പുറത്തു നിന്നും മുംബൈ ഇന്ത്യൻസ് കണ്ടെടുത്ത മുത്താണ് വിഘ്നേഷ് പുത്തൂർ. പെരിന്തൽമണ്ണയിലെ ഓട്ടോഡ്രൈവർ സുനിൽ കുമാറിന്‍റെയും കെ.പി. ബിന്ദുവിന്‍റെയും മകൻ കന്നി മത്സരത്തിലൂടെ തന്നെ ഐപിഎൽ പ്രേമികളുടെയെല്ലാം ഹൃദയത്തിലേക്കാണ് ഇടിച്ചു കയറിയത്. സ്പിൻ ബൗളർമാർക്കിടയിലെ റെയർ ബ്രീഡ്; ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ; മലയാളി! പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളെജിൽ പിജി വിദ്യാർഥിയാണ് വിഘ്നേഷ്. നാട്ടിലെ ക്രിക്കറ്റ് കോച്ചായ വിജയനാണ് ആദ്യ ഗുരു. കേരളത്തിനുവേണ്ടി അണ്ടർ 14, 19, 23 വിഭാഗങ്ങളിൽ കളിച്ചിട്ടുണ്ട്.
ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ന് ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർമാരുടെ (ചൈനാമാൻ) ഗണത്തിൽ അറിയപ്പെടുന്ന ഒരേയൊരു പേര് കുൽദീപ് യാദവിന്‍റേതാണ് എന്നതു തന്നെ വിഘ്നേഷിന്‍റെ വ്യത്യസ്തതയ്ക്ക് ഉദാഹരണം. എന്നാൽ, 24 വയസായിട്ടും കേരള സീനിയർ ടീമിനുവേണ്ടി ഒരു ഫോർമാറ്റിലും വിഘ്നേഷിനു കളിക്കാൻ അവസരം കിട്ടിയിട്ടില്ല എന്നതാണ് യാഥാർഥ്യം.
എസ്. മിഥുനെയും സിജോമോൻ ജോസഫിനെയും പോലുള്ള സ്പിന്നർമാർ ഉണ്ടായിട്ടും കേരളത്തിന് ആഭ്യന്തര ടൂർണമെന്‍റുകളിൽ ജലജ് സക്സേനയെയും ആദിത്യ സർവാതെയെയും പോലുള്ള അതിഥി താരങ്ങളാണ് ആശ്രയം.
എന്നാൽ, കേരളത്തിന്‍റെ സെലക്റ്റർമാർക്കോ ക്രിക്കറ്റ് ബോർഡിനോ കണ്ടെത്താൻ ഇതുവരെ കഴിയാതിരുന്ന വിഘ്നേഷിന്‍റെ പ്രതിഭ മുംബൈ ഇന്ത്യൻസ് ടാലന്‍റ് സ്കൗട്ടിനു കണ്ടെത്താൻ സാധിച്ചു.