വിനേഷ് ഫോഗട്ട് 
Sports

സർക്കാർ ജോലിയും ഭൂമിയും വേണ്ട, 4 കോടി രൂപയുടെ പാരിതോഷികം മതിയെന്ന് വിനേഷ് ഫോഗട്ട്

പാരീസ് ഒളിമ്പിക്സിൽ 50 കിലോ വിഭാഗത്തിൽ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിനേഷ് ഫോഗട്ട് മത്സരത്തിനു മുന്നുള്ള ഭാരപരിശോധനയിൽ പരാജയപ്പെട്ടിരുന്നു.

ന്യൂഡൽഹി: ഹരിയാന സർക്കാരിന്‍റെ വാഗ്ദാനങ്ങളിൽ നിന്ന് 4 കോടി രൂപയുടെ പാരിതോഷികം എന്ന വാഗ്ദാനം സ്വീകരിച്ച് ഗുസ്തി താരവും എംഎൽഎയുമായ വിനേഷ് ഫോഗട്ട്. കായിക താരങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങളുടെ ഭാഗമായി നാല് കോടി രൂപ, ഭൂമി അല്ലെങ്കിൽ ഗ്രൂപ്പ് എ സർക്കാർ ജോലി ഇതിലേതെങ്കിലും തെരഞ്ഞെടുക്കാം എന്നാണ് ഹരിയാന സർ‌ക്കാർ ഫോഗട്ടിനോട് പറഞ്ഞിരുന്നത്.

എംഎൽഎ ആയതിനാൽ ഫോഗട്ടിന് സർക്കാർ ജോലി സ്വീകരിക്കാൻ സാധിക്കില്ലെന്നും നാലു കോടി രൂപയുടെ പാരിതോഷികം മതിയെന്നും കാണിച്ച് താരം സംസ്ഥാന കായിക വകുപ്പിന് കത്ത് നൽകിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പാരീസ് ഒളിമ്പിക്സിൽ 50 കിലോ വിഭാഗത്തിൽ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിനേഷ് ഫോഗട്ട് മത്സരത്തിനു മുന്നുള്ള ഭാരപരിശോധനയിൽ പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് താരത്തിന് സർക്കാർ പാരിതോഷികം നൽകാൻ തീരുമാനിച്ചത്.

ഹരിയാന സർക്കാരിന്‍റെ നയം അനുസരിച്ച് ഒളിമ്പിക്സിൽ സ്വർണം നേടുന്നവർക്ക് 6 കോടി രൂപയുടെയും വെള്ളി നേടുന്നവർക്ക് 4 കോടി രൂപയുടെയും വെങ്കലം നേടുന്നവർക്ക് 2.5 കോടി രൂപയുടെയും പാരിതോഷികം ആണ് നൽകുന്നത്. ഒളിമ്പിക്സിലെ മികച്ച പ്രകടനം മുൻ നിർത്തിയാണ് മത്സരത്തിൽ നിന്ന് അയോഗ്യ ആയിട്ടും വിനേഷ് ഫോഗട്ടിന് പാരിതോഷികം പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു