''സ്വന്തം സ്കോർ 99 ആയാലും 49 ആയാലും...'', സൂര്യകുമാർ ഉന്നം വച്ചത് ആരെ? 
Sports

''സ്വന്തം സ്കോർ 99 ആയാലും 49 ആയാലും ടീമാണ് പ്രധാനം...'', സൂര്യകുമാർ ഉന്നം വച്ചത് ആരെ?

ആരും ടീമിനെക്കാൾ വലിയവരല്ല. നിങ്ങളുടെ സ്കോർ 49 ആ‍യാലും 99 ആയാലും പുറത്തേക്ക് അടിക്കേണ്ട പന്ത് പുറത്തേക്കു തന്നെ അടിക്കണം

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു സാംസണെ പ്രശംസിച്ച് ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് നടത്തിയ പരാമർശം ആഴത്തിലുള്ള ചർച്ചകളിലേക്കു നീങ്ങുന്നു. വ്യക്തിഗത സ്കോർ 49 ആയാലും 99 ആ‍യാലും പുറത്തേക്കടിക്കേണ്ട പന്ത് പുറത്തേക്കു തന്നെ അടിക്കണമെന്നും, സഞ്ജു ചെയ്തത് അതു തന്നെയാണെന്നുമായിരുന്നു സൂര്യയുടെ പരാമർശം.

നിലവിൽ സജീവ ക്രിക്കറ്റിലുള്ള ആരെയെങ്കിലും ഉദ്ദേശിച്ചാണോ, അതോ ഏതെങ്കിലും മുൻ താരങ്ങളെ ഉദ്ദേശിച്ചാണോ ഈ പരാമർശം എന്ന തരത്തിലാണ് ചർച്ചകൾ മുറുകുന്നത്. പ്രത്യേകിച്ച്, ഇത് കോച്ച് ഗൗതം ഗംഭീറിന്‍റെ ആശയമാണ് എന്ന് സ്കൈ വ്യക്തമാക്കുക കൂടി ചെയ്ത പശ്ചാത്തലത്തിൽ. ശ്രീലങ്കൻ പര്യടനത്തിനു മുൻപും ഗംഭീർ നൽകിയ ഉപദേശം ഇതുതന്നെയായിരുന്നു. ആ പരമ്പരയിൽ രണ്ടു മത്സരങ്ങളിൽ പൂജ്യത്തിനു പുറത്തായിട്ടും സഞ്ജുവിന് ബംഗ്ലാദേശിനെതിരേ തുടരെ മൂന്നു മത്സരങ്ങളിൽ അവസരം ലഭിക്കുകയും ചെയ്തു.

''പരമ്പര തുടങ്ങും മുൻപേ ഗൗതി ഭായ് പറഞ്ഞിരുന്നു, ആരും ടീമിനെക്കാൾ വലിയവരല്ല. നിങ്ങളുടെ സ്കോർ 49 ആ‍യാലും 99 ആയാലും പുറത്തേക്ക് അടിക്കേണ്ട പന്ത് പുറത്തേക്കു തന്നെ അടിക്കണം. സഞ്ജു അതേ കാര്യമാണു ചെയ്തത്. അവന്‍റെ കാര്യത്തിൽ ഏറെ സന്തോഷിക്കുന്നു'', ഇതായിരുന്നു സൂര്യകുമാറിന്‍റെ വാക്കുകൾ.

ഇപ്പോൾ സജീവ ക്രിക്കറ്റിൽ തുടരുന്ന താരങ്ങളിൽ കെ.എൽ. രാഹുലും ശുഭ്മൻ ഗില്ലും വ്യക്തിഗത നേട്ടങ്ങൾക്കു വേണ്ടി ശ്രമിക്കുന്നതായി പലപ്പോഴും ആരോപണം നേരിട്ടിട്ടുണ്ട്. ആദ്യകാലത്ത് നിസ്വാർഥനായ ക്രിക്കറ്റർ എന്നു പേരെടുത്ത വിരാട് കോലി പോലും സമീപ കാലത്ത് മെല്ലെപ്പോക്കിന്‍റെ പേരിൽ വിമർശനം നേരിട്ടിരുന്നു.

അതേസമയം, ഈ പരാമർശത്തിന്‍റെ മുന സച്ചിൻ ടെൻഡുൽക്കറിലേക്കു തിരിച്ചുവയ്ക്കാൻ ശ്രമിക്കുന്ന വിമർശകരും സമൂഹ മാധ്യമങ്ങളിൽ പെട്ടെന്ന് സജീവമായിട്ടുണ്ട്. സ്കോർ 90 കടക്കുമ്പോൾ സച്ചിനുണ്ടാകുന്ന കുപ്രസിദ്ധമായ പരിഭ്രമങ്ങളെക്കുറിച്ചാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഒപ്പം, നൂറാം അന്താരാഷ്ട്ര സെഞ്ചുറി തികയ്ക്കാൻ സച്ചിൻ കരുതലോടെ കളിച്ച മത്സരത്തിൽ ഇന്ത്യയെ ബംഗ്ലാദേശ് തോൽപ്പിച്ചതും, ഏകദിന ഡബിൾ സെഞ്ചുറിയടിക്കാൻ മറുവശത്തിനിന്ന് എം.എസ്. ധോണിയുടെ സഹായം കിട്ടിയതുമെല്ലാം ഒരിക്കൽക്കൂടി ചർച്ചയിലേക്കു വരുകയാണ്.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ