അക്ഷർ പട്ടേൽ
അഹമ്മദാബാദ്: ഇംഗ്ലണ്ട് പര‍്യടനം 2-2ന് സമനിലയിൽ കലാശിച്ചതിനു ശേഷം, ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് സൈക്കിളിലെ രണ്ടാം പരമ്പര കളിക്കുകയാണ് ഇന്ത്യ. ഇത്തവണ വെസ്റ്റ് ഇൻഡീസാണ് ഇന്ത‍്യയുടെ എതിരാളികൾ. ആദ‍്യ മത്സരത്തിൽ മൂന്നു സ്പിന്നർമാർക്കും രണ്ടു പേസ് ബൗളർക്കും ഒരു പേസ് ബൗളിങ് ഓൾറൗണ്ടർക്കും അവസരം ലഭിച്ചെങ്കിലും അക്ഷർ പട്ടേലിന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല.
കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ഇന്ത‍്യൻ നിരയിലെ സ്പിന്നർമാർ. ഇംഗ്ലണ്ട് പര‍്യടനത്തിൽ ഒരു മത്സരത്തിൽ പോലും കളിക്കാൻ കഴിയാതിരുന്ന കുൽദീപ് അവസാനമായി ടെസ്റ്റ് കളിച്ചത് ഇന്ത‍്യ സ്വന്തം മണ്ണിൽ ന‍്യൂസിലൻഡിനെതിരേ തോൽവിയറിഞ്ഞ പരമ്പരയിലാണ്.
എന്തുകൊണ്ടായിരിക്കും അക്ഷർ പട്ടേലിനെ പുറത്താക്കിയത്?
രവീന്ദ്ര ജഡേജയും അക്ഷർ പട്ടേലും ഇടങ്കയ്യൻ ഓൾറൗണ്ടർമാർ ആയതിനാൽ മറ്റു ബൗളിങ് സാധ‍്യതയ്ക്ക് വേണ്ടിയായിരിക്കാം അക്ഷർ പട്ടേലിനെ പരിഗണിക്കാതിരുന്നത്. നാട്ടിൽ നടന്ന ടെസ്റ്റ് മത്സരങ്ങളുടെ സ്റ്റാറ്റ്സ് നോക്കുകയാണെങ്കിൽ രവീന്ദ്ര ജഡേജ മിന്നും പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. 97 മത്സരങ്ങൾ കളിച്ച ജഡേജ 238 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. കൂടുതൽ പരിചയസമ്പത്തും ജഡേജയ്ക്കുള്ളതിനാൽ അക്ഷർ പട്ടേലിനെ പ്ലെയിങ് ഇലവനിൽ നിന്നും നീക്കിയെന്നു വേണം കരുതാൻ. ജഡേജ ഈ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ കൂടിയാണ്.
അതേസമയം, കുൽദീപ് യാദവ് നിലവിൽ മികച്ച ഫോമിലാണ്. ഇന്ത‍്യ ജേതാക്കളായ ഏഷ‍്യ കപ്പിൽ 7 മത്സരങ്ങളിൽ നിന്നും 17 വിക്കറ്റുകൾ താരം വീഴ്ത്തിയിരുന്നു. ആർ. അശ്വിൻ ക്രിക്കറ്റ് മതിയാക്കിയതോടെ അതേ രീതിയിൽ വിക്കറ്റ് വീഴ്ത്താൻ കെൽപ്പുള്ള ബൗളറെയാണ് ഇന്ത‍്യ നോട്ടമിടുന്നത്. അതിനാലായിരിക്കാം കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തിയത്.
നിലവിൽ വിവിധ ബൗളിങ് സാധ‍്യതകൾ ടീമിലുണ്ട്. ഇടങ്കയ്യൻ ഓഫ് സ്പിന്നർ, വലങ്കയ്യൻ ഓഫ് സ്പിന്നർ (വാഷിങ്ടൺ സുന്ദർ), ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ എന്നിങ്ങനെ നീളുന്നു. ഇതു കൂടാതെ കുൽദീപ് യാദവിനാണ് അക്ഷർ പട്ടേലിനെക്കാൾ നാട്ടിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ആധിപത‍്യം. 18 മത്സരങ്ങൾ കളിച്ച കുൽദീപ് 38 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 23 മത്സരങ്ങൾ കളിച്ച അക്ഷർ 47 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.