ഹൂസ്റ്റൺ: ഒരു കാണ്ടാമൃത്തോളം ഭാരമുള്ള കൃത്രിമോപഗ്രഹം നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ചേക്കുമെന്ന് ഗവേഷകർ. യൂറോപ്യൻ സ്പെസ് ഏജൻസിയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 1995 ഏപ്രിലിൽ ഭൂമിയെ നിരീക്ഷിക്കുന്നതിനായി വിക്ഷേപിച്ച ഇആർഎസ് -2 എന്ന ഉപഗ്രഹമാണ് ഭൂമിയിലേക്ക് പതിക്കാനൊരുങ്ങുന്നത്. ബുധനാഴ്ച മുതൽ എപ്പോൾ വേണമെങ്കിലും ഉപഗ്രഹം താഴേക്ക് പതിച്ചേക്കാം. പക്ഷേ എപ്പോൾ പതിക്കും എന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഏജൻസിക്കില്ല. 5000 പൗണ്ടാണ് ഉപഗ്രഹത്തിന്‍റെ ഭാരം.
ഇആർഎസ്-2 വിന്‍റെ ബാറ്ററികളുടെ ചാർജ് തീർന്നിരുന്നു. ആന്‍റിന വഴി ഭൂമിയിൽ നിന്ന് സ്വീകരിച്ചിരുന്ന സിഗ്നലുകൾ സ്വീകരിക്കാൻ സാധിക്കാതെ സ്വിച്ച് ഓഫ് ആയിരിക്കുകയാണ്. ഭൂമിയിൽ നിന്ന് ഉപഗ്രഹത്തെ നിയന്ത്രിക്കാൻ യാതൊരു ഉപായവും ഇല്ലെന്ന് സാരം. പക്ഷേ ഉപഗ്രഹം ഭൂമിയിലേക്ക് പതിക്കുന്നത് സ്വാഭാവികമാണെന്നാണ് ഏജൻസി പറയുന്നത്.
ഭൂരിപക്ഷം ഉപഗ്രഹങ്ങളും ഭൂമിയിലേക്ക് പതിക്കുന്നതിനിടെ തന്ന കത്തി ചാരമായി പോകാറുണ്ട്. ചില അവശിഷ്ടങ്ങളെല്ലാം സമുദ്രത്തിൽ പതിക്കാറുമുണ്ട്. ഇആർഎസ്-2 വിന്‍റെ അവശിഷ്ടങ്ങളും ഇത്തരത്തിൽ കത്തിപ്പോകുമെന്നാണ് പ്രതീക്ഷ. ഈ അവശിഷ്ടങ്ങളിൽ ഒന്നും മാരകമായ വസ്തുക്കളോ റേഡിയോ ആക്റ്റീവ് വസ്തുക്കളോ ഇല്ലെന്നും യൂറോപ്യൻ സ്പേസ് ഏജൻസി പറയുന്നു.
ഭൂമിയിലെ കരപ്രദേശങ്ങൾ, സമുദ്രങ്ങൾ, ധ്രുവപ്രദേശങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനത്തിനായിരുന്നു സാറ്റലൈറ്റ് ഉപയോഗിച്ചിരുന്നത്. പ്രകൃതിദുരന്തങ്ങൾ നിരീക്ഷിക്കാനും സാറ്റലൈറ്റ് ഉപയോഗപ്പെടുത്തിയിരുന്നു. 2011 വരെയായിരുന്നു ഉപഗ്രഹത്തിന്‍റെ കാലാവധി. അതിനു ശേഷം യൂറോപ്യൻ സ്പേസ് ഏജൻസി ഉപഗ്രഹത്തെ ഭ്രമണ പഥത്തിൽ നിന്ന് നീക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു. അല്ലാത്ത പക്ഷം ഭ്രമണപഥത്തിൽ വച്ച് ഇടിച്ച് തകർന്ന് ബഹിരാകാശത്ത് നിരവധി അശിഷ്ടങ്ങൾ ഉപേക്ഷിക്കാൻ ഇടയാകുമായിരുന്നു. ഉപഗ്രഹത്തിൽ അവശേഷിച്ചിരുന്ന ഇന്ധനം സാറ്റലൈറ്റിനെ ഭ്രമണപഥത്തിൽ നിന്ന് നീക്കാനായാണ് ഉപയോഗിച്ചിരുന്നത്.