സൗരയൂഥത്തിന്‍റെ അതിരുകളിൽ സൂര്യനെ വലംവയ്ക്കുന്ന പ്ലൂട്ടോ.
Freepik.com
സൗരയൂഥത്തിന്‍റെ അതിരുകളിൽ സൂര്യനെ വലംവയ്ക്കുന്ന പ്ലൂട്ടോയെ മനുഷ്യർ ഡീപ്രൊമോട്ട് ചെയ്ത് 'കുള്ളൻ ഗ്രഹം' (Dwarf planet) ആക്കിയിട്ട് രണ്ട് പതിറ്റാണ്ട് തികഞ്ഞു. 2006 ഓഗസ്റ്റിൽ ഇന്‍റർനാഷണൽ അസ്ട്രോണമിക്കൽ യൂണിയൻ (IAU) നടത്തിയ വോട്ടെടുപ്പിലൂടെയാണ് പ്ലൂട്ടോയെ പ്രധാന ഗ്രഹങ്ങളുടെ പട്ടികയിൽ നിന്ന് പുറത്താക്കിയത്. അങ്ങനെ നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ഒമ്പതിൽ നിന്ന് എട്ടായി ചുരുങ്ങി. ഈ തീരുമാനം കാരണം ശാസ്ത്രലോകത്ത് അന്നു തുടങ്ങിയ തർക്കത്തിന് ഇന്നും അവസാനമായിട്ടില്ല.
യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിലെ സ്റ്റീഫൻ ഡബ്ല്യു. ഹോക്കിങ് സെന്‍റർ ഡയറക്റ്റർ ഫിലിപ്പ് മെറ്റ്‌സ്ജർ ഇന്നും ഈ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിക്കുന്നു. ''അവർ ഉണ്ടാക്കിയ ഗ്രഹത്തിന്‍റെ നിർവചനം ശാസ്ത്രത്തിൽ ഒട്ടും ഉപയോഗപ്രദമല്ല'', അദ്ദേഹം വാദിക്കുന്നു. പ്ലൂട്ടോയുടെ പദവി താഴ്ത്തിയത് വലിയൊരു അബദ്ധമാണെന്ന് വിശ്വസിക്കുന്ന നിരവധി ശാസ്ത്രജ്ഞരിൽ ഒരാളാണ് മെറ്റ്സ്ജർ.
പ്ലൂട്ടോയുടെ ഈ വീഴ്ചയാണ് പലരിലും അതിനോടുള്ള സ്നേഹം വർധിപ്പിച്ചത്. 1930-ൽ പ്ലൂട്ടോ കണ്ടെത്തപ്പെട്ട അരിസോണയിലെ ലോവൽ ഒബ്സർവേറ്ററിയിലെ ചരിത്രകാരനായ കെവിൻ ഷിൻഡ്‌ലറുടെ അഭിപ്രായത്തിൽ, സമൂഹത്താൽ മാറ്റിനിർത്തപ്പെടുന്ന ചെറിയ കുട്ടിയെപ്പോലെയാണ് പ്ലൂട്ടോയെ ആളുകൾ കാണുന്നത്.
അതേസമയം, പ്ലൂട്ടോയുടെ തിരിച്ചുവരവിനായുള്ള ഈ പ്രചാരണങ്ങൾ പ്രധാനമായും യുഎസിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത് എന്നതും കൗതുകകരമാണ്. അമെരിക്കയിൽ കണ്ടെത്തിയ ഏക ഗ്രഹം അതായിരുന്നു എന്നതാണ് ഇതിന് കാരണം. യുഎസ് മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ നാസ അഡ്മിനിസ്ട്രേറ്ററായിരുന്ന ജാരേഡ് ഐസക്മാൻ പോലും പ്ലൂട്ടോയെ വീണ്ടും ഗ്രഹമാക്കണമെന്ന ക്യാംപെയ്നു പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
നിലവിൽ കുള്ളൻ ഗ്രഹങ്ങളായി കണക്കാക്കപ്പെടുന്ന സെറസ്, പ്ലൂട്ടോ, എറിസ്.
2006-ലെ ഐഎയു വോട്ടെടുപ്പിന് കാരണമായത് നെപ്റ്റ്യൂണിന് അപ്പുറമുള്ള കയ്പ്പർ ബെൽറ്റിൽ (Kuiper Belt) കണ്ടെത്തിയ 'എറിസ്' (Eris) എന്ന ആകാശവസ്തുവാണ്. പ്ലൂട്ടോയുടെ അതേ വലിപ്പമുള്ള എറിസിനെയും ഗ്രഹമായി അംഗീകരിക്കണമെന്ന് വാദമുയർന്നിരുന്നു. എന്നാൽ, ഐറിസിനെ ഗ്രഹമായി കണക്കാക്കിയാൽ, അത്തരം നിരവധി വസ്തുക്കളെ ഗ്രഹങ്ങളായി പ്രഖ്യാപിക്കേണ്ടി വരും. കുട്ടികൾ നൂറുകണക്കിന് ഗ്രഹങ്ങളുടെ പേരുകൾ പഠിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാൻ ഐഎയു പുതിയൊരു നിർവചനം കൊണ്ടുവന്നു.
നെപ്റ്റ്യൂണിന് അപ്പുറമുള്ള ഭ്രമണപഥം വ്യക്തമായി ശുദ്ധീകരിക്കാൻ പ്ലൂട്ടോയ്ക്ക് കഴിഞ്ഞിട്ടില്ല.
സൂര്യനെ വലംവയ്ക്കണം
സ്വന്തം ഗുരുത്വാകർഷണത്താൽ ഗോളാകൃതി പ്രാപിക്കണം
ഭ്രമണപഥത്തിലെ മറ്റ് വസ്തുക്കളെ മാറ്റി മാത്രമേ സഞ്ചരിക്കാവൂ
ഇതിൽ മൂന്നാമത്തെ നിബന്ധനയാണ് പ്ലൂട്ടോയ്ക്ക് തിരിച്ചടിയായത്. നെപ്റ്റ്യൂണിന് അപ്പുറമുള്ള ഭ്രമണപഥം വ്യക്തമായി ശുദ്ധീകരിക്കാൻ പ്ലൂട്ടോയ്ക്ക് കഴിഞ്ഞിരുന്നില്ല. എന്നാൽ, ഭൂമിയെപ്പോലും പ്ലൂട്ടോയുടെ സ്ഥാനത്തേക്ക് മാറ്റിയാൽ ഈ നിയമപ്രകാരം അതൊരു ഗ്രഹമല്ലാതായി മാറും എന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
ന്യൂ ഹൊറൈസൺസ് പകർത്തിയ പ്ലൂട്ടോയുടെ ഉപരിതലം.
ഈ തർക്കം ശാസ്ത്രജ്ഞരെ രണ്ട് ചേരികളാക്കി മാറ്റി. പ്ലൂട്ടോയുടെ ഭൗതിക സവിശേഷതകൾക്ക് (പർവതങ്ങൾ, മഞ്ഞുമലകൾ, ഭൂഗർഭ പ്രവർത്തനങ്ങൾ) മുൻഗണന നൽകുന്ന ജിയോഫിസിസിസ്റ്റുകളും, അതിന്‍റെ സ്ഥാനം മാത്രം നോക്കുന്ന ഡൈനാമിസ്റ്റുകളും തമ്മിലാണ് പോര് തുടരുന്നത്. 2015-ൽ ന്യൂ ഹൊറൈസൺസ് പേടകം പ്ലൂട്ടോയ്ക്ക് അരികിലൂടെ കടന്നുപോയപ്പോൾ അദ്ഭുതപ്പെടുത്തുന്ന കാഴ്ചകളാണ് പുറത്തുവന്നത്. ഒരു ഗ്രഹത്തിനു സമാനമായ കുന്നും മലയും ഗ്രഹാന്തർ പ്രവർത്തനങ്ങളുമെല്ലാം അവിടെ ശ്രദ്ധയിൽപ്പെട്ടു.
കുട്ടികളുടെ പഠനഭാരം കൂടുമെന്നു പറഞ്ഞ് പ്ലൂട്ടോയെ പുറത്താക്കുന്നതിലെ യുക്തി അവർ ചോദ്യം ചെയ്തു. നൂറുകണക്കിന് ജന്തു-സസ്യജാലങ്ങളുടെ പേര് പഠിക്കുന്ന വിദ്യാർഥികൾ ഗ്രഹത്തിന്‍റെ കാര്യത്തിൽ മാത്രം പരാതി പറയുമോ എന്നാണ് ചോദ്യം. എന്നാൽ, നമ്മുടെ ചന്ദ്രൻ പോലും പ്ലൂട്ടോയെക്കാൾ വലുതാണെന്നും, പ്ലൂട്ടോയെ ഗ്രഹമാക്കിയാൽ ചന്ദ്രനെയും ഗ്രഹമായി അംഗീകരിക്കേണ്ടിവരുമെന്നും മറുപക്ഷം വാദിക്കുന്നു. പ്ലൂട്ടോയെ കണ്ടെത്തിയ മൈക്ക് ബ്രൗൺ ഇപ്പോൾ അറിയപ്പെടുന്നത് തന്നെ 'പ്ലൂട്ടോയെ കൊന്ന മനുഷ്യൻ' എന്നാണ്.
പ്രപഞ്ചം അങ്ങേയറ്റം സങ്കീർണവും ചലനാത്മകവുമാണെന്ന സത്യം അംഗീകരിക്കാൻ ശാസ്ത്രലോകം ഇനിയും തയാറാകേണ്ടതുണ്ട്.
ഈ തർക്കം കേവലം ഒരു ഗ്രഹത്തിന്‍റെ പദവിയെക്കുറിച്ചുള്ളതല്ല; മറിച്ച് പ്രപഞ്ചത്തെ നാം എങ്ങനെ നോക്കിക്കാണുന്നു എന്നതിനെക്കുറിച്ചാണ്. പ്രപഞ്ചം ക്രമാനുഗതമായ ഒന്നല്ല, മറിച്ച് അങ്ങേയറ്റം സങ്കീർണവും ചലനാത്മകവുമാണെന്ന സത്യം അംഗീകരിക്കാൻ ശാസ്ത്രലോകം ഇനിയും തയാറാകേണ്ടതുണ്ട്.
പ്ലൂട്ടോയുടെ കാര്യത്തിൽ വീണ്ടുമൊരു വോട്ടെടുപ്പ് നടന്നില്ലെങ്കിലും, അന്ന് എടുത്ത തീരുമാനം തെറ്റാണെന്ന് ലോകം തിരിച്ചറിയുമെന്നാണ് പ്ലൂട്ടോ അനുകൂലികളുടെ പ്രതീക്ഷ.