ബഹിരാകാശത്തുനിന്നു തിരിച്ചെത്തിയ സുനിത വില്യംസ്

 
Tech

വെൽക്കം ബാക്ക് സുനിത..., കാത്തിരിപ്പിന് ശുഭാന്ത്യം

സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിൽ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം വിജയം

MV Desk

കേപ് കനാവറൽ: ഒമ്പതു മാസത്തെ അനിശ്ചിതത്വത്തിനുശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 10.35ന് യാത്രികരെയും വഹിച്ചുള്ള സ്പെയ്സ് എക്സ് പേടകം മടക്കയാത്ര തുടങ്ങി. ബുധനാഴ്ച പുലർച്ചെ 3.27ന് പേടകം സുരക്ഷിതമായി അറ്റ്‌ലാന്‍റിക് സമുദ്രത്തിലിറങ്ങുകയായിരുന്നു.

സുനിതയ്ക്കും ബുച്ചിനുമൊപ്പം, നിക് ഹേഗ്, അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ യാത്രികരുമുണ്ടായിരുന്നു പേടകത്തിൽ. പേടകത്തെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കുന്ന കവാടം അടയ്ക്കുന്ന ഹാച്ചിങ് പ്രക്രിയ ചൊവ്വാഴ്ച രാവിലെ 10.15ന് തന്നെ പൂർത്തിയായിരുന്നു. ഇതിന്‍റെ തുടർച്ചയായി നിലയവുമായി വേർപെടുത്തുന്ന അൺഡോക്കിങ്ങും നടത്തി.

ബഹിരാകാശ യാത്രികരെ വഹിക്കുന്ന മൊഡ്യൂൾ, പാരഷൂട്ടുകളുടെ സഹായത്തോടെ കടലിലിറങ്ങുന്നു.

ബുധനാഴ്ച പുലർച്ചെ 2.41നായിരുന്നു ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന ഡീ ഓർബിറ്റ് ബേൺ പ്രക്രിയ. ഈ ഘട്ടം പിന്നിട്ടതോടെ പാരഷൂട്ടുകൾ വിടർന്നു. വേഗം ക്രമമായി നിയന്ത്രിക്കപ്പെട്ട്, കണക്കാക്കിയതു പോലെ തന്നെ പേടകം അറ്റ്‌ലാന്‍റിക് സമുദ്രത്തിൽ പതിച്ചു.

ഇതു വീണ്ടെടുത്ത ശേഷമായിരുന്നു യാത്രികരെ കരയിലെത്തിക്കുന്ന പ്രക്രിയ. തുടർന്ന് ഇവരെ ഹൂസ്റ്റണിലുള്ള നാസയുടെ ജോൺസൺ സ്പെയ്സ് സെന്‍ററിലേക്കു മാറ്റി.

ബഹിരാകാശ യാത്രികരുമായി കടലിൽ ഇറക്കിയ മൊഡ്യൂൾ വീണ്ടെടുക്കുന്നു.

ഇവിടെ വൈദ്യപരിശോധനയുണ്ടാകും. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ദീർഘനാൾ കഴിഞ്ഞ സുനിതയ്ക്കും വിൽമോറിനും ഭൂമിയുടെ ഗുരുത്വാകർഷണവുമായി ഇണങ്ങാൻ 45 ദിവസത്തെ ചികിത്സയാണ് നിശ്ചയിച്ചിരിക്കുന്നത്.

റൊണാൾഡോ ചതിച്ചാശാനേ... ഗോവയിലേക്കില്ല

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്തിനെ എസ്ഐടി ചോദ‍്യം ചെയ്യുന്നു

അരൂർ - ഇടപ്പള്ളി ആകാശപാത യാഥാർഥ്യത്തിലേക്ക്

ക്ഷേമപെൻഷൻ 1800 രൂപയാക്കും; നിർദേശം പരിഗണനയിൽ

മഴ തുടരുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്