പ്രണിത് മോറെ.
മുംബൈ: സ്റ്റാൻഡ്-അപ്പ് കോമഡി ഷോയ്ക്കിടെ കാണികളിലൊരാൾ നടത്തിയ കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾക്ക് ചിരിച്ചുല്ലസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത പ്രശസ്ത കൊമേഡിയൻ പ്രണിത് മോറെ ഒടുവിൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപേക്ഷിച്ച് മുങ്ങി. സമൂഹമാധ്യമങ്ങളിൽ വൻതോതിൽ ഉയർന്ന ജനരോഷത്തിനും വിമർശനങ്ങൾക്കും പിന്നാലെയാണ് പ്രണിതിന്‍റെ 'ഒളിച്ചോട്ടം'.
അക്കൗണ്ട് പൂട്ടിയതിന്‍റെ കാരണം അദ്ദേഹം പരസ്യമാക്കിയിട്ടില്ലെങ്കിലും, ഉള്ളടക്കത്തിനെതിരായ കടുത്ത സൈബർ ആക്രമണമാണ് ഇതിനു പിന്നിലെന്നാണ് വിലയിരുത്തൽ. ഷോയിൽ വിവാദ പരാമർശം നടത്തിയ യുവാവിനെ അയാൾ ജോലി ചെയ്തിരുന്ന കമ്പനി അവിടെനിന്നു പിരിച്ചുവിട്ടതായും റിപ്പോർട്ടുകളുണ്ട്.
370 രൂപയുടെ ബിരിയാണി വിവാദം
സോഷ്യൽ മീഡിയയിൽ ഇപ്പോൾ '370 റുപ്പീസ് ബിരിയാണി ക്ലിപ്പ്' എന്ന പേരിൽ പ്രചരിക്കുന്ന പ്രണിതിന്‍റെ കോമഡി ഷോയുടെ വിഡിയൊയാണ് ഈ വിവാദങ്ങൾക്ക് ആധാരം. ഷോയ്ക്കിടെ കാണികളിലൊരാളായ യുവാവ് തന്‍റെ ഡേറ്റിങ് അനുഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു. താൻ ഒരു പെൺകുട്ടിയെ ഡേറ്റിങ്ങിനായി പുറത്തുകൊണ്ടുപോയെന്നും അവൾക്കായി 370 രൂപയുടെ ബിരിയാണി വാങ്ങിക്കൊടുത്തെന്നും ഇയാൾ പറയുന്നു. ഭക്ഷണം കഴിച്ച ശേഷം പെൺകുട്ടി അവിടെ നിന്നും പോകാൻ തുടങ്ങിയപ്പോൾ താൻ വഞ്ചിക്കപ്പെട്ടതായി തോന്നിയെന്നാണ് ഇയാൾ സഭ്യേതരമായ രീതിയിൽ പറയുന്നത്.
താൻ ബിരിയാണി വാങ്ങിക്കൊടുത്ത സ്ഥിതിക്ക് പെൺകുട്ടിയുമായി ശാരീരിക ബന്ധത്തിനു തനിക്ക് അവകാശമുണ്ടെന്ന രീതിയിലായിരുന്നു ഇയാളുടെ സംസാരം. ഇതിനെ 'പീക്ക് ഗുഡ്ഗാവ് കണ്ടന്‍റ്' എന്ന് വിളിച്ച് പ്രണിത് പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിന്‍റെ തുടർച്ചയായി വന്ന മറ്റൊരു ക്ലിപ്പിൽ, ആ പെൺകുട്ടിയെ ഒരു വെളിച്ചമില്ലാത്ത പാർക്കിൽ കൊണ്ടുപോയതിനെക്കുറിച്ചും അവരുടെ ശാരീരിക ഇടപെടലുകളെക്കുറിച്ചും അശ്ലീലച്ചുവയോടെ ഇയാൾ വിവരിക്കുന്നുണ്ട്. ഇതുകേട്ട് സദസിലുള്ളവരും കൊമേഡിയനായ പ്രണിതും പൊട്ടിച്ചിരിക്കുകയായിരുന്നു. 'മനോഹരമായ' ഈ കഥ പറഞ്ഞതിന് യുവാവിന് പ്രണിത് 5000 രൂപ സമ്മാനവും കൊടുത്തു!
സ്ത്രീവിരുദ്ധ കഥ പറഞ്ഞ് സമ്മാനം വാങ്ങി ജോലി കളഞ്ഞ യുവാവ്.
മാപ്പ് പറഞ്ഞ് പ്രണിത്
ഈ വിഡിയൊ റീൽസ് ആയി ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. കടുത്ത സ്ത്രീവിരുദ്ധതയും മോശം ചിന്താഗതിയും പ്രോത്സാഹിപ്പിച്ചതിന് കൊമേഡിയനെതിരേ നെറ്റിസൺസ് രംഗത്തെത്തി.
പ്രതിഷേധം ശക്തമായതോടെ പ്രണിത് തന്‍റെ ഫോളോവേഴ്സിനോട് മാപ്പ് ചോദിച്ചിരുന്നു. യുവാവ് പറഞ്ഞത് തന്‍റെ വ്യക്തിപരമായ അഭിപ്രായമല്ലെന്ന് പറഞ്ഞ പ്രണിത്, "തിരിഞ്ഞുനോക്കുമ്പോൾ, ആ സമയത്ത് ചിരിച്ച് തള്ളുന്നതിനു പകരം ആ പരാമർശത്തെ ഞാൻ ചോദ്യം ചെയ്യണമായിരുന്നു. അത് എന്‍റെ ഭാഗത്തുനിന്നുണ്ടായ വലിയൊരു വീഴ്ചയാണ്," എന്ന് കുറിച്ചു.
പ്രണിതിന്‍റെ മാപ്പപേക്ഷ കൊണ്ടും പ്രതിഷേധം അടങ്ങിയില്ല. പ്രശസ്ത ഡിജിറ്റൽ ക്രിയേറ്റർമാരും അഭിനേതാക്കളുമായ കുശ കപില, ഡോളി സിങ്, സാക്ഷി ശിവ്ദാസനി, ഉർഫി ജാവേദ് എന്നിവരടക്കം നിരവധി പ്രമുഖർ പ്രണിതിനെതിരേ രംഗത്തെത്തി.
"ഇത്തരമൊരു വിഡിയൊ ക്ലിപ്പ് അപ്‌ലോഡ് ചെയ്യുക എന്നത് നിങ്ങളുടെ സ്വന്തം തെരഞ്ഞെടുപ്പാണ്. നിങ്ങളുടെ ചാനലിൽ ഇത്തരം തമാശകൾ പോസ്റ്റ് ചെയ്യുന്നതും ഒരു ചോയ്സ് ആണ്. ഇത് കോമഡിയല്ല. വെറുമൊരു പ്രതികരണത്തിനു വേണ്ടി മാത്രം തയാറാക്കിയ മോശം ഉള്ളടക്കമാണിത്. ഒരുപാട് സ്ത്രീകൾ ഇതിനെതിരേ ശബ്ദമുയർത്തുന്നതിൽ സന്തോഷമുണ്ട്"- കുശ കപില കുറിച്ചു. കൊമേഡിയൻ രൗണക് രാജാനിയും പ്രണിതിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.
ബിഗ് ബോസ് ഷോയിൽ പ്രണിത് മോറെയും സൽമാൻ ഖാനും.
ബിഗ് ബോസ് വിവാദവും സൽമാൻ ഖാന്‍റെ കോപവും
പ്രണിത് മോറെ മുൻപ് ബിഗ് ബോസ് ഷോയുടെ ഭാഗമായിരുന്നപ്പോഴും സമാനമായ രീതിയിൽ വിവാദത്തിൽ ചാടിയിട്ടുണ്ട്. 2025-ൽ നടൻ സൽമാൻ ഖാനെക്കുറിച്ച് മോശം തമാശ പറഞ്ഞതിന് സൽമാൻ അദ്ദേഹത്തെ പരസ്യമായി നിയന്ത്രിച്ചിരുന്നു.
"നിങ്ങൾ എന്നെക്കുറിച്ച് എന്തൊക്കെയാണ് പറഞ്ഞതെന്ന് എനിക്കറിയാം. ആ തമാശ ഒട്ടും ശരിയായിരുന്നില്ല. എന്‍റെ പേര് ഉപയോഗിച്ച് ആളുകളെ ചിരിപ്പിക്കാനാണ് നിങ്ങൾ അന്ന് ശ്രമിച്ചത്. തമാശകൾ എപ്പോഴും പരിധി ലംഘിക്കാതിരിക്കാൻ ശ്രദ്ധിക്കണം," എന്നായിരുന്നു അന്ന് സൽമാൻ ഖാൻ പ്രണിതിന് നൽകിയ മുന്നറിയിപ്പ്. പഴയ ആ സംഭവവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നുണ്ട്.