Deepal Trivedi with Jasprit Bumrah and his family 
Trending

''ആ പഴയ നാണക്കാരൻ ഇന്നത്തെ ഇതിഹാസം...'', ബുംറയുടെ അയൽക്കാരി എഴുതുന്നു

പുതിയ കുർത്തയില്ലാതെ എന്‍റെ ദീപാവലിയും ക്രിസ്മസും ജന്മദിനവും കടന്നുപോയി. പക്ഷേ, അവന്‍റെ ജാക്കറ്റ് എനിക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഉടുപ്പിടുന്ന സന്തോഷം പകർന്നു...

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ അയൽക്കാരി കൂടിയായ മുതിർന്ന മാധ്യമ പ്രവർത്തക, ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു ശേഷം എക്സിൽ എഴുതിയ വൈകാരികമായ കുറിപ്പ് വൈറലായി.

ലോകത്തെ തന്നെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ എണ്ണപ്പെടുന്ന ഇന്ത്യൻ താരം ജസ്പ്രീത് ബുംറയുടെ ബാല്യത്തെ അനുസ്മരിച്ച് അയൽക്കാരിയും മുതിർന്ന മാധ്യമ പ്രവർത്തകയുമായ ദീപൽ ത്രിവേദി എഴുതിയ കുറിപ്പ് വൈറലായി. നാണക്കാരനായ കുട്ടിയിൽ നിന്ന് ഇന്നത്തെ ക്രിക്കറ്റ് ഇതിഹാസത്തിലേക്കുള്ള ബുംറയുടെ വളർച്ചയെയാണ് വൈകാരികമായ ഭാഷയിൽ കുറിപ്പ് വരച്ചുകാട്ടുന്നത്.

തന്‍റെ ക്രിക്കറ്റ് പരിജ്ഞാനം 'സീറോ' ആണെങ്കിലും തന്‍റെ 'ഹീറോയെ' കുറിച്ച് ദീർഘമായി എഴുതാൻ തീരുമാനിക്കുന്നു എന്ന ആമുഖത്തോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ബുംറയുടെ അമ്മ ദൽജിത്തിന്‍റെ ഉറ്റ സുഹൃത്ത് കൂടിയാണ് ദീപൽ. ജസ്പ്രീത് ജനിച്ച് മിനിറ്റുകൾക്കുള്ളിൽ അവനെ തന്‍റെ കൈകളിലെടുത്തതിനെക്കുറിച്ചും ദീപൽ അനുസ്മരിക്കുന്നു.

കുറിപ്പിന്‍റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

''1993 ഡിസംബറിലെ ഒരു ദിവസം. അക്കാലത്ത് എന്‍റെ മാസ ശമ്പളം 800 രൂപയിൽ താഴെയായിരിക്കുമ്പോഴാണ്, തൊട്ടടുത്തു താമസിക്കുന്ന ഏറ്റവുമടുത്ത കൂട്ടുകാരി ഒരു ദിവസം അവധിയെടുക്കാൻ നിർബന്ധിക്കുന്നത്. അവൾ പൂർണ ഗർഭിണിയായിരുന്നു. എനിക്കന്ന് 22-23 വയസ്. ആ ദിവസം ഏറെ സമയവും ഞാൻ അഹമ്മദാബാദിലെ പാൽദി ഏരിയയിലുള്ള ഒരു ആശുപത്രിയിലാണ് ചെലവഴിച്ചത്. ദൽജിത്തിന്‍റെ ഭർത്താവ് ജസ്ബീർ അൽപ്പ നേരത്തേക്ക് ഒന്നു പുറത്തേക്കിറങ്ങിയ സമയത്തു തന്നെയാണ് നഴ്സിന്‍റെ വിളി വരുന്നത്. എന്‍റെ വിറയാർന്ന കൈകളിലേക്ക് അവർ ഒരു ചോരക്കുഞ്ഞിനെ വച്ചു തന്നു. നീണ്ടു മെലിഞ്ഞ കുട്ടിയായിരുന്നു എന്നു മാത്രമാണ് ഇപ്പോൾ ഓർക്കുന്നത്. ആൺകുഞ്ഞാണെന്ന് നഴ്സ് പറഞ്ഞു. അവൻ ചിരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും സാധിക്കുന്നേയില്ലായിരുന്നു. അവൻ ദുർബലനായിരുന്നു. പെട്ടെന്നു തന്നെ ഡോക്റ്റർ അവനെ തിരിച്ചുവാങ്ങി. എന്‍റെ കൂട്ടുകാരി സന്തോഷവതിയായിരുന്നു. അവളുടെ മൂത്ത കുട്ടി ജൂഹികയുടെ തലതൊട്ടമ്മയും ഞാൻ തന്നെയായിരുന്നു.''

ഈ കഥ ഒരു ബോളിവുഡ് സിനിമ പോലെയാണെന്നാണ് ദീപൽ പറയുന്നത്. ജസ്പ്രീത് ജനിച്ചതിനു പിന്നാലെ ദീപൽ പൊളിറ്റിക്കൽ റിപ്പോർട്ടറായി, ശമ്പള വർധയും കിട്ടി.

''ഐസ് ക്രീം വാങ്ങി ഞങ്ങളെല്ലാവരും കൂടി കഴിച്ചു. ഒരു ചുവരിന്‍റെ അകലം മാത്രമായിരുന്നു ഞങ്ങളുടെ വീടുകൾ തമ്മിൽ. ഞങ്ങൾ എല്ലാം പങ്കുവച്ചിരുന്നു. എനിക്കന്ന് സ്വന്തമായി ഫോണോ ഫ്രിഡ്ജോ എന്തിന് കിടക്ക പോലും ഉണ്ടായിരുന്നില്ല. അവരുടെ വീടായിരുന്നു എന്‍റെ അഭയം'', ദീപൽ ഓർത്തെടുക്കുന്നു.

ജസ്പ്രീത് ബുംറയുടെ അച്ഛൻ ജസ്ബീറിന്‍റെ മരണത്തോടെ കാര്യങ്ങളൊക്കെ മാറിയെന്നും ദീപൽ. അവർ തുടർന്ന് എഴുതുന്നു.

''ഞങ്ങളുടെ പ്രതീക്ഷകളൊക്കെ തകർന്നു. ആ മാസം മുഴുവൻ ഞാൻ തന്നെയാണ് കുട്ടികളുടെ കാര്യങ്ങളൊക്കെ നോക്കിയതും അവരെ പഠിക്കാൻ സഹായിച്ചതും. ആൺകുട്ടിക്ക് അതിലൊന്നും താത്പര്യമില്ലായിരുന്നു. അവൻ പ്ലാസ്റ്റിക് പന്തുമായുള്ള കളിയായിരുന്നു എപ്പോഴും. വിശന്നപ്പോൾ എനിക്കു കഴിക്കാനുണ്ടായിരുന്നതും ആ കുട്ടികളുടെ ബിസ്കറ്റ് തന്നെയായിരുന്നു. ഞങ്ങൾക്ക് വിശന്നു, ഞങ്ങൾ കഷ്ടപ്പെട്ടു, ഞങ്ങൾ കരഞ്ഞു, ഞങ്ങൾ ജീവിതത്തോടു പോരാടി. ഞാൻ കണ്ടിട്ടുള്ള ഏറ്റവും മനോഹരിയായ പെൺകുട്ടിയായിരുന്നു ജൂഹിക. അവളെനിക്ക് പ്രതീക്ഷ തന്നു. അവളുടെ ചിരിയിലൂടെ, ആലിംഗനത്തിലൂടെ. ഇപ്പോഴും അവൾ അങ്ങനെതന്നെയാണ്.

പക്ഷേ, ആൺകുട്ടിയുടെ കാര്യം കൂടുതൽ ബുദ്ധിമുട്ടായിരുന്നു. അവനൊരു ‌പാക്കറ്റ് പാൽ പോലും വാങ്ങിക്കൊടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞിരുന്നില്ല. അവൻ വളരുന്ന പ്രായത്തിൽ ഞങ്ങൾ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. അവന്‍റെ അമ്മ ദിവസം 16-18 മണിക്കൂർ ജോലി ചെയ്തിരുന്നു.

ശമ്പള വർധന കിട്ടിയപ്പോൾ ആ പ്രദേശത്തെ ഏറ്റവും പോഷ് ഷോപ്പായ വെസ്റ്റ്‌സൈഡിലാണ് ഞാനൊരു കുർത്ത വാങ്ങാൻ പോയത്. അമ്മയുടെ ദുപ്പട്ടയ്ക്കു പിന്നിലൊളിച്ച് ജസ്പ്രീതും കൂടെയുണ്ടായിരുന്നു. അവനൊരു ജാക്കറ്റ് വേണമായിരുന്നു. അതാണ് ഞാൻ ആകെ അവനു വാങ്ങിക്കൊടുത്തിട്ടുള്ള സമ്മാനം. പുതിയ കുർത്തയില്ലാതെ എന്‍റെ ദീപാവലിയും ക്രിസ്മസും ജന്മദിനവും കടന്നുപോയി. പക്ഷേ, അവന്‍റെ ജാക്കറ്റ് എനിക്ക് മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ഉടുപ്പിടുന്ന സന്തോഷം പകർന്നു'', ദീപൽ അനുസ്മരിക്കുന്നു.

അത്യാവശ്യത്തിനു മാത്രം സംസാരിക്കുന്ന നാണക്കാരനായ കുട്ടിയായിരുന്നു ജസ്പ്രീത്. ഇന്നവൻ ഒരു ഇതിഹാസമായി മാറിയിരിക്കുന്നു. എല്ലാ ഇന്ത്യക്കാരും അവനെക്കുറിച്ച് അഭിമാനിക്കണമെന്നും അവനെ മാതൃകയാക്കണമെന്നും ദീപൽ പറയുന്നു. ഇന്നും മാറാത്ത വിനയമാണ് അവന്‍റേത്. അവന്‍റെ പേര് ജസ്പ്രീത് ബുംറ എന്നാണ്- ദീപൽ തന്‍റ കുറിപ്പ് പൂർത്തിയാക്കുന്നു.

പാലക്കാട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

കേരളത്തിൽ ബിജെപി 2026ൽ അധികാരത്തിലെത്തുമെന്ന് അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ

കൊൽക്കത്ത ബോയ്‌സ് ഹോസ്റ്റലിൽ യുവതിക്ക് പീഡനം; വിദ്യാർഥി അറസ്റ്റിൽ