മെലോനിക്ക് മോദി കൊടുത്ത മെലഡി ഇപ്പോൾ കിട്ടാനില്ല! ഉത്പാദനം വർധിപ്പിക്കാൻ പാർലെ

'മെലോഡി' ആഗോള താരം; മെലോനി പ്രഭാവത്തിൽ മിഠായി ഉത്പാദനം വൻതോതിൽ വർധിപ്പിക്കാൻ പാർലെ! ക്വിക്ക് കൊമേഴ്സ് ആപ്പുകളിൽ സ്റ്റോക്ക് തീർന്നു
Parle ramps up Melody  production after Melodi video

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് മെലഡി ടോഫി സമ്മാനിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.

AI

Updated on

ന്യൂഡൽഹി: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ 'മെലഡി' മിഠായി സമ്മാനം ആഗോളതലത്തിൽ വൻ തരംഗമായതോടെ, മിഠായിയുടെ ഉത്പാദനവും വിപണനവും വൻതോതിൽ വർധിപ്പിക്കാൻ നിർമാതാക്കളായ പാർലെ പ്രൊഡക്റ്റ്സ് (Parle Products) തീരുമാനിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ഇറ്റാലിയൻ പ്രധാനമന്ത്രി പങ്കുവെച്ച 12 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയൊ വൈറലായതിനു പിന്നാലെ ഭാരതത്തിലെ പ്രമുഖ നഗരങ്ങളിലെല്ലാം മെലഡി മിഠായിക്ക് വൻ ക്ഷാമമാണ് അനുഭവപ്പെടുന്നത്.

ആപ്പുകളിൽ സെർച്ച് കൂടി; സ്റ്റോക്ക് തീർന്നു!

വിഡിയൊ പുറത്തുവന്നതോടെ ബ്ലിങ്കിറ്റ് (Blinkit), സെപ്റ്റോ (Zepto), ഇൻസ്റ്റമാർട്ട് (Instamart) തുടങ്ങിയ ക്വിക്ക് കൊമേഴ്സ് ആപ്പുകളിൽ മെലഡി മിഠായി വാങ്ങാൻ ആളുകൾ ഇരച്ചുകയറി. മിനിറ്റുകൾക്കകം പല നഗരങ്ങളിലും മിഠായി പൂർണമായും 'ഔട്ട് ഓഫ് സ്റ്റോക്ക്' ആയി. ആപ്പിൽ മെലഡിക്കു വേണ്ടിയുള്ള തെരച്ചിൽ പെട്ടെന്ന് വർധിച്ചതായി ബ്ലിങ്കിറ്റ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

ഫോൺ കോളുകൾ കൊണ്ട് ശ്വാസം വിടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു പാർലെ പ്രൊഡക്റ്റ്സ് വൈസ് പ്രസിഡന്‍റ് മയങ്ക് പ്രവീൺചന്ദ്ര ഷാ. ആദ്യം ഇതൊരു എഐ വിഡിയൊ ആയിരിക്കുമെന്നാണ് അദ്ദേഹം കരുതിയത്. എന്നാൽ, ഓർഡറുകൾ കുതിച്ചുയർന്നതോടെ സംഗതി സത്യമാണെന്ന് ബോധ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച അദ്ദേഹം, ഇതൊരു സ്വദേശി ബ്രാൻഡിന്‍റെ വലിയ വിജയമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഉത്പാദനം കൂട്ടും; ലക്ഷ്യം ആഗോള വിപണി

നിലവിൽ നൂറിലധികം രാജ്യങ്ങളിൽ ലഭ്യമായ 'മെലഡി' ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മിഠായിയാണ്. വിദേശങ്ങളിൽ ഇത് പ്രധാനമായും വാങ്ങിയിരുന്നത് പ്രവാസി ഇന്ത്യക്കാരായിരുന്നു. 'മെലഡി' നയതന്ത്രം ഹിറ്റായതോടെ ഇനി വിദേശികളായ ഉപഭോക്താക്കളെക്കൂടി ലക്ഷ്യമിട്ട് ഉത്പാദനം വൻതോതിൽ വർധിപ്പിക്കാനാണ് കമ്പനിയുടെ പ്ലാൻ.

നിലവിലുള്ള നൂറ് രാജ്യങ്ങൾക്ക് പുറമെ കൂടുതൽ വിപണികളിലേക്ക് മിഠായി എത്തിക്കുമെന്നും ആഗോള വിപണിയിലെ ഏറ്റവും വലിയ ശക്തിയായി മെലഡിയെ മാറ്റുമെന്നും മയങ്ക് ഷാ വ്യക്തമാക്കി.

Parle ramps up Melody  production after Melodi video
മെലോനിക്ക് മോദി കൊടുത്ത മിഠായിയിൽ കണ്ണ് മഞ്ഞളിച്ച് ഓഹരി വിപണി; ലോട്ടറിയടിച്ചത് മാറിപ്പോയ പാർലെ കമ്പനിക്ക്!

ഷെയർ മാർക്കറ്റിലേക്ക് ഇപ്പോഴില്ല

പേരിലെ സാമ്യം കാരണം പാർലെ ഇൻഡസ്ട്രീസിന്‍റെ ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ ഓടിയെങ്കിലും, യഥാർഥ മിഠായി കമ്പനിയായ പാർലെ പ്രൊഡക്റ്റ്സ് ഉടനൊന്നും ഷെയർ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യാൻ പ്ലാനില്ലെന്ന് കമ്പനി വ്യക്തമാക്കി. നിലവിൽ കമ്പനി മികച്ച വളർച്ചാ പാതയിലാണെന്നും പബ്ലിക് ലിസ്റ്റിങ്ങിനെക്കുറിച്ചുള്ള വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും വൈസ് പ്രസിഡന്‍റ് കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ഇന്ത്യൻ ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചു.

ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 16.77 ബില്യൺ ഡോളർ കടന്നുനിൽക്കുന്ന സാഹചര്യത്തിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിന്‍റെ പുതിയ പ്രതീകമായി മാറിക്കഴിഞ്ഞിരിക്കുകയാണ് 'മെലഡി' എന്ന ഒരു രൂപയുടെ ഈ ചോക്ലേറ്റ് മിഠായി.

logo
Metro Vaartha
www.metrovaartha.com