സംസ്ഥാനത്ത് 'നോളജ് വാലി' വരുന്നു

വിദേശ സര്‍വകലാശാലാ ക്യാംപസുകള്‍, പുതിയ കമ്പനികള്‍, ആധുനിക കോഴ്‌സുകള്‍ എന്നിവയുള്‍പ്പെടെ സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും
Knowledge Valley is coming to the state

സംസ്ഥാനത്ത് 'നോളജ് വാലി' വരുന്നു

representative image

Updated on: 

തിരുവനന്തപുരം: ഉന്നത​ വിദ്യാഭ്യാസത്തിനും ഗ​വേ​ഷ​ണ​ത്തി​നു​മൊപ്പം വ്യവസായ നിക്ഷേപങ്ങള്‍ക്കും വഴിയൊരുക്കി സംസ്ഥാനത്ത് 'നോളജ് വാലി'യുമായി സർക്കാർ. വിദേശ സര്‍വകലാശാലാ ക്യാംപസുകള്‍, പുതിയ കമ്പനികള്‍, ആധുനിക കോഴ്‌സുകള്‍ എന്നിവയുള്‍പ്പെടെ സമഗ്ര മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍ അവതരിപ്പിക്കും. ഭൂമി കൈമാറ്റത്തിനും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും പ്രത്യേക ഇളവുകളും സ്വകാര്യ സര്‍വകലാശാലാ ബില്ലില്‍ വിഭാവനം ചെയ്യുന്നു​.

ധ​ന​മ​ന്ത്രി കൂ​ടി​യാ​യ മു​ഖ്യ​മ​ന്ത്രി വി.ഡി. സതീശന്‍ അവതരിപ്പിച്ച ബജറ്റില്‍ പരാമര്‍ശിച്ച നോളജ് വാലിയുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുന്ന കരട് ബില്ലിലൂടെ ഉന്നത​ വിദ്യാഭ്യാസ മേഖലയില്‍ വലിയ പരിഷ്‌കാരങ്ങളാണ് ലക്ഷ്യമിടുന്നത്.

വിദേശ സര്‍വകലാശാലകളുടെ ക്യാംപസു​ക​ൾ, പുതിയ കമ്പനികള്‍, പുത്തന്‍ കോഴ്‌സുകള്‍ അടക്കം അടിമുടി മാറ്റം നിര്‍ദേശിക്കുന്നതാണ് ബില്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡീപ്പ് ടെക്, ലൈഫ് സയന്‍സ്, മറൈന്‍ സയന്‍സ്, എയ്‌റോ സ്‌പേസ്, ഐ​ടി, ബയോടെക്‌നോളജി തുടങ്ങിയ മേഖലകളില്‍ പുതിയ കോഴ്‌സുകള്‍ നല്‍കുന്ന ദേശീയ​- വിദേശ സ്ഥാപനങ്ങള്‍, ഗവേഷണ ​ഫലങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായ യൂണിറ്റുകള്‍, തുടര്‍ന്നുണ്ടാകുന്ന തൊഴിലവസരങ്ങള്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന സവിശേഷതകള്‍.

സ്വകാര്യ സര്‍വകലാശാലകള്‍ക്ക് 20 ഏക്കര്‍ ഭൂമി വരെ പതിച്ചുനല്‍കാം. ഭൂവിനിമയ ഇടപാടുകള്‍ വേഗത്തിലാക്കാനും നികുതിയിളവുകളിലൂടെ വിദേശ​ സര്‍വകലാശാലകളെ കേരളത്തിലേക്ക് സ്വാഗതം ചെയ്യാനും ലക്ഷ്യമിടുന്നു. കമ്പോള വില ഈടാക്കിയാകും ഭൂമി പതിച്ച് നല്‍കുക. കമ്പോള വില​യ്ക്ക് ഭൂമി പാട്ടത്തിന് നല്‍കുന്നതും പരിഗണിക്കും. സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കാ​നുളള ഭൂമിക്ക് നികുതിയിളവും നല്‍കും. 100 ഏക്കര്‍ വരെ​ 10 വര്‍ഷത്തേക്ക് സ്റ്റാം​പ് ഡ്യൂട്ടിയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ് നല്‍കും. വിദേശ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കാമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തിയാകും ബില്‍ അവതരിപ്പിക്കുക.

നോളജ് വാലിക്ക് അഥോറിറ്റിയുണ്ടാകും. മുഖ്യമന്ത്രിയാണ് അധ്യക്ഷന്‍. ഉന്നത വിദ്യാഭ്യാസ​ ഐ​ടി, ​വ്യവസായ, ​കായിക മന്ത്രിമാര്‍ ഉപാധ്യക്ഷരാകും. നോളെജ് വാലിക്കൊപ്പം ബില്ലിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്‍ ഇടതു സര്‍ക്കാരിന്‍റെ കാലത്ത് സിപിഐ- സിപിഎം തര്‍ക്കത്തെ തുടര്‍ന്ന് ഒഴിവാക്കിയ "വിസിറ്റര്‍' പദവി പുനഃസ്ഥാപിക്കും. ഉന്നത ​വിദ്യാഭ്യാസ മന്ത്രിയായിരിക്കും വിസിറ്റര്‍.

സ്ഥാപനങ്ങള്‍ തുടങ്ങാന്‍ 20 ഏക്കര്‍ ഭൂമി വേണമെന്ന നിബന്ധന 10 ഏക്കറായി കുറക്കും. 25 കോടി രൂപ ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി നിക്ഷേപത്തുക നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാ​രിന് നല്‍കും. ആകെ സീറ്റുകളില്‍ 25 ശതമാനം കേരളത്തില്‍ സ്ഥിരതാമസമുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കുകയും സംവരണ വ്യവസ്ഥകള്‍ പാലിക്കുകയും വേണം. കേരളത്തിലെ വിദ്യാര്‍ഥികളുടെ പുറത്തേക്കുള്ള ഒഴുക്ക് തടയലാണ് ലക്ഷ്യമെന്നാണ് സര്‍ക്കാര്‍ വിശദീകര​ണം.