

ആമിർ ഖാൻ
സിനിമയിലെ കഥാപാത്രങ്ങൾക്കായി എത്ര റിസ്ക് എടുക്കാനും മടിയില്ലാത്ത ബോളിവുഡ് താരമാണ് ആമിർ ഖാൻ. വമ്പൻ മേക്കോവറുകൾ നടത്തി പ്രേക്ഷകരെ ഞെട്ടിക്കുന്ന ആമിർ അറിയപ്പെടുന്നത് ബോളിവുഡിലെ പെർഫെക്ഷനിസ്റ്റ് എന്നാണ്. 60ാം വയസിൽ താരം നടത്തിയ വമ്പൻ മേക്കോവറിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 18 കിലോ ഭാരമാണ് താരം കുറച്ചിരിക്കുന്നത്.
കഠിനമായ ജിം വർക്കൗട്ട് ഇല്ലാതെ ഡയറ്റിന് പ്രാധാന്യം നൽകിക്കൊണ്ടാണ് ആമിർ ഭാരം കുറച്ചത്. മൈഗ്രേൻ മാറാൻ വേണ്ടി തുടങ്ങിയ ആന്‍റി ഇൻഫ്ലമേറ്ററി ഡയറ്റാണ് താരത്തെ ഭാരം കുറക്കാൻ സഹായിച്ചത്. ബോളിവുഡ് ഹങ്കാമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ.
നീണ്ടനാളായുള്ള ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാകുന്നതിന്‍റെ ഫലമായിട്ടാണ് തന്‍റെ ഭാരം കുറഞ്ഞത് എന്നാണ് അമീർ പറഞ്ഞത്. "മൈഗ്രേൻ മാറുന്നതിനായാണ് ഞാൻ ഡയറ്റ് എടുത്തത്. ആന്‍റി ഇൻഫ്ളമേറ്ററി ഡയറ്റ് എന്‍റെ ശരീരത്തിൽ അത്ഭുതം സൃഷ്ടിക്കുകയായിരുന്നു. 18 കിലോ ഭാരം കുറഞ്ഞതിനൊപ്പം എന്‍റെ മൈഗ്രേയ്നും കാര്യമായ കുറവുണ്ടായി." - ആമീർ പറഞ്ഞു. നേരത്തെ നടി വിദ്യ ബാലനും ആന്‍റി ഇൻഫ്ലമേറ്ററി ഡയറ്റിലൂടെ ഭാരം കുറച്ചിരുന്നു.