സെറ്റിലേക്ക് ലക്ഷങ്ങളുടെ ഇറച്ചിയും പാലും പച്ചക്കറിയും വാങ്ങി, പണം നൽകാതെ മുങ്ങി: ആഷിഖ് അബുവിന്‍റെ സിനിമയ്ക്കെതിരേ പരാതി

ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വ്യാപാരികളിൽ നിന്ന് വാങ്ങി പണം നൽകാതെ മുങ്ങുകയായിരുന്നു
aja sundari film crew accused of financial fraud

സെറ്റിലേക്ക് ലക്ഷങ്ങളുടെ ഇറച്ചിയും പാലും പച്ചക്കറിയും വാങ്ങി, പണം നൽകാതെ മുങ്ങി: ആഷിഖ് അബുവിന്‍റെ സിനിമയ്ക്കെതിരേ പരാതി

Updated on

ആഷിഖ് അബു നിർമിക്കുന്ന പുതിയ സിനിമയായ അജഃസുന്ദരിയുടെ ചിത്രീകരണത്തിനെത്തിയ സിനിമ സംഘം പറ്റിച്ചെന്ന പരാതിയുടെ കോഴിക്കോട് വിലങ്ങാട്ടെ പ്രാദേശിക വ്യാപാരികൾ. ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വ്യാപാരികളിൽ നിന്ന് വാങ്ങി പണം നൽകാതെ മുങ്ങുകയായിരുന്നു. നാല് വ്യാപാരികൾക്കാണ് സിനിമാസംഘം ലക്ഷങ്ങളുടെ ബാധ്യത വരുത്തിവച്ചത്.

ജോജു ജോർജിനെ നായകനാക്കി മനു ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അജഃ സുന്ദരി. ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് വിലങ്ങാട് വച്ചാണ് നടന്നത്. ഈ സമയത്ത് പ്രദേശവാസികളായ വ്യാപാരികളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ ലൊക്കേഷനിലേക്ക് വാങ്ങി. ഷൂട്ടിങ് പൂർത്തിയാക്കി മടങ്ങിയിട്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞെങ്കിലും അണിയറ പ്രവർത്തകർ ബാധ്യത തീർത്തില്ല എന്നാണ് പരാതി. പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അണിയറ പ്രവർത്തകർ ഫോൺ എടുക്കാൻ തയാറായില്ലെന്നും വ്യാപാരികൾ പറയുന്നു.

ഷൂട്ടിങ് സമയത്ത് സെറ്റിലേക്കുള്ള പച്ചക്കറി, പാൽ, ഇറച്ചി, തേങ്ങ തുടങ്ങിയ സാധനങ്ങൾ പ്രദേശത്തെ കടകളിൽ നിന്നാണ് വാങ്ങിയത്. ആദ്യ ഘട്ടത്തിൽ കൃത്യമായി പണം നൽകിയിരുന്നു. എന്നാൽ പിന്നീട് എല്ലാം കൂടി ഒന്നിച്ചു നൽകാം എന്നായി. കാൻസർ രോഗിയും കിഡ്നി മാറ്റവച്ചവരുമെല്ലാം ഇത്തരത്തിൽ പറ്റിക്കപ്പെട്ടിട്ടുണ്ട്. പച്ചക്കറി വ്യാപാരിയായ പി.എസ്. മനോജിന് 54,000 രൂപയാണ് നൽകാനുള്ളത്. മലബാർ കാൻസർ സെന്‍ററിൽ ചികിത്സയിൽ കഴിയുന്ന മനോജിന്‍റെ ജീവിതമാർഗമാണ് കച്ചവടം.

കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം വിലങ്ങാട് അങ്ങാടിയിൽ ഇറച്ചിക്കട നടത്തുന്ന ബെന്നി ജോസഫിന് ഒരു ലക്ഷം രൂപയാണ് ലഭിക്കാനുള്ളത്. നാടൻ കോഴി, ബീഫ്, പന്നിയിറച്ചി, മുട്ട തുടങ്ങിയവയെല്ലാം അദ്ദേഹം സെറ്റിലേക്ക് നൽകിയിരുന്നു. ഷൂട്ടിങ് തീരുന്ന ദിവസം 1.30 ലക്ഷം രൂപയാണ് നൽകാനുണ്ടായിരുന്നത്. 30,000 രൂപ ഗൂഗിൾ പേ വഴി നൽകി. ബാക്കി പണം രണ്ട് ദിവസത്തിനുള്ളിൽ നൽകാമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതുവരെ പണം നൽകിയിട്ടില്ല. വിലങ്ങാട് മിൽമ ബൂത്ത് നടത്തുന്ന അപ്പച്ചന് പാലും നാല് കൊമേഴ്സ്യൽ ഗ്യാസ് സിലിണ്ടറുകളും നൽകിയ വകയിൽ 46000 രൂപ നൽകാനുണ്ട്. തേങ്ങ വാങ്ങിയ ഇനത്തിൽ 18,000 രൂപയാണ് മലഞ്ചരക്ക് വ്യാപാരിയായ തോമസിന് നൽകാനുള്ളത്.

ആയഞ്ചേരി സ്വദേശിയായ സാജിദ് എന്ന ആൾക്കാണ് മെസ്സിന്‍റെ കരാർ നൽകിയിരിക്കുന്നത്. അയാളുടെ വീട്ടിൽ അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായില്ല. അതിനിടെ വാർത്ത പുറത്തുവന്നതിനു പിന്നാലെ ആഷിഖ് അബു വ്യാപാരികളുമായി ബന്ധപ്പെട്ടു എന്നാണ് വിവരം. കരാറുകാരന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ ബാധ്യതയും തീർക്കാമെന്ന് ആഷിഖ് അബു അറിയിച്ചിട്ടുണ്ട്. പണം ലഭിച്ചില്ലെങ്കിൽ നിയമപരമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് വ്യാപാരികൾ.

logo
Metro Vaartha
www.metrovaartha.com