

കങ്കണ റണാവത്ത്, ഹൃത്വിക് റോഷൻ
ഇടക്കാലത്തിനു ശേഷം കങ്കണ റണാവത്തും ഹൃത്വിക് റോഷനും തമ്മിലുള്ള പ്രശ്നങ്ങൾ വീണ്ടും ചർച്ചയാകുന്നു. കോക്രോച്ച് ജനതാ പാർട്ടിക്കെതിരേ കങ്കണ ഉയർത്തിയ വിമർശനങ്ങൾ ആണ് പുതിയ വിവാദത്തിന് തിരിയിട്ടിരിക്കുന്നത്. തന്നെ കാണാൻ ഹൃത്വിക് റോഷനെ പോലെയുള്ളതു കൊണ്ടാണോ കങ്കണയ്ക്ക് ഇത്ര വിദ്വേഷമെന്ന് സിജെപി വക്താവ് സൗരവ് ദാസ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ ഹൃത്വിക് റോഷൻ മാപ്പ് അർഹിക്കുന്നുണ്ടെന്ന രീതിയിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ സജീവമായി.
ലോകം ഹൃത്വിക് റോഷനോട് മാപ്പ് പറയേണ്ടതുണ്ടെന്ന ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ ഹൃത്വിക് റോഷൻ അഭിപ്രായം പങ്കു വച്ചതോടെയാണ് കാര്യങ്ങൾ കൂടുതൽ രൂക്ഷമായത്. 'ബി' യെ ഇഷ്ടമില്ലാത്തതു കൊണ്ടു മാത്രം 'എ' യ്ക്കൊപ്പം നിൽക്കുന്നുവെന്നത് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വലിയൊരു പ്രശ്നത്തിന്‍റെ ചെറിയ ഭാഗം മാത്രമാണ്. വസ്തുതകളുടെ അടിസ്ഥാനത്തിലുള്ള ശരിയായ സാഹചര്യം വരുന്നതു വരെ ഞാൻ കാത്തിരിക്കും, അതാണ് ഉചിതം. പക്ഷേ ഇതൊക്കെ ആരാണ് കാര്യമായി എടുക്കതെന്നുമാണ് ഹൃത്വിക് അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഹൃത്വിക്കിന്‍റെ കമന്‍റ് പെട്ടെന്ന് തന്നെ വൈറലായി. മണിക്കൂറുകൾക്കുള്ളിൽ കങ്കണ അതിനുള്ള മറുപടിയും നൽകി. പ്രിയപ്പെട്ട ഹൃത്വിക് നിങ്ങൾ മികച്ച പങ്കാളിയായി സാബാ ആസാദിനെ കണ്ടെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളിപ്പോൾ ഒരു പ്രണയബന്ധത്തിലാണ്. നിങ്ങളുടെ പേരിൽ എന്നെ എല്ലാവരും ശല്യപ്പെടുന്നതിനെയും ഉപദ്രവിക്കുന്നതിനെയും അപലപിക്കുന്നതിനു പകരം ഒരു സ്ത്രീയെ ഇത്തരത്തിൽ പരിഹസിക്കുന്നത് നിങ്ങൾക്കു ചേരുന്നതല്ല. എരിതീയിലേക്ക് എണ്ണപകരുന്നതും പങ്കാളിയെ നാണം കെടുത്തുന്നതും നിർത്തുക. വിവേകം ഉണരുകയും ന്യായരഹിതമായ അഭിപ്രായങ്ങൾ പറയുന്നത് നിർത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് കങ്കണ മറുപടി നൽകിയിരിക്കുന്നത്. താനും ഹൃത്വിക് റോഷനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് കങ്കണ അവകാശപ്പെട്ടിരുന്നു. എന്നാൽ ഹൃത്വിക് അതിനെ നിരസിച്ചു. തുടർന്ന് ഇരുവരും തമ്മിൽ നിയമപോരാട്ടത്തിലും ഏർപ്പെട്ടിരുന്നു. പത്തു വർഷം മുൻപ് നടന്ന സംഭവങ്ങളാണ് സിജെപി പ്രക്ഷോഭത്തോടെ വീണ്ടും പുറത്തേക്ക് വന്നിരിക്കുന്നത്.