

രജനീകാന്തും സ്റ്റാലിനും
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വമ്പൻ തോൽവി ഏറ്റുവാങ്ങിയ മുൻ മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്‍റുമായ എം.കെ. സ്റ്റാലിനെ കാണാനെത്തി സൂപ്പർതാരം രജനികാന്ത്. ചെന്നൈയിലെ വീട്ടിലെത്തിയാണ് രജനികാന്ത് സ്റ്റാലിനെ കണ്ടത്. സ്റ്റാലിനൊപ്പം ഇരിക്കുന്ന രജനികാന്തിന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ സ്റ്റാലിന് പിന്തുണ പ്രഖ്യാപിക്കാനാണ് രജനികാന്ത് എത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ഡിഎംകെയുമായി എല്ലാ കാലത്തും അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് രജനികാന്ത്. രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ഏറെക്കാലമായി രജനി താത്പര്യം പ്രകടിപ്പിച്ചിരുന്നു. പല തവണ ഡിഎംകെയക്ക് അദ്ദേഹം പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.
രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്ന് രജനികാന്ത് പറഞ്ഞിരുന്ന 1995ൽ അദ്ദേഹം ഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും അവരുടെ പ്രചാരണത്തിൽ പങ്കാളിയാവുകയും ചെയ്തിരുന്നു. 1998ലെ ലോകസഭാ തെരഞ്ഞെടുപ്പിലും താരം ഡിഎംകെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഡിഎംകെയ്ക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നാണ് വിലയിരുത്തിയതെങ്കിലും വിജയ് സുനാമിയിൽ അവർക്ക് വൻ തിരിച്ചടി നേരിടുകയായിരുന്നു. 108 സീറ്റുകളിൽ വിജയിച്ച വിജയ്‌യുടെ തമിഴക വെട്രി കഴകം ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോൾ, ഡിഎംകെയ്ക്ക് 59 സീറ്റുകൾ നേടാനേ സാധിച്ചുള്ളൂ.
പാർട്ടിയുടെ പരാജയത്തിനൊപ്പം സ്റ്റാലിനും തെരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങി. ടിവികെയുടെ വി.എസ്. ബാബുവിനോട് 8700 വോട്ടുകൾക്കാണ് സ്റ്റാലിൻ പരാജയപ്പെട്ടത്. സ്റ്റാലിൻ പരാജയപ്പെട്ടതോടെ മകനും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ പ്രതിപക്ഷ നേതാവാകും.