
ന്യൂഡൽഹി: കമൽഹാസൻ നായകനായ തഗ് ലൈഫ് കർണാടകയിൽ റിലീസ് ചെയ്യാതിരിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. സിനിമ സംസ്ഥാനത്ത് റിലീസ് ചെയ്യാൻ തടസം സൃഷ്ടിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി സംസ്ഥാനത്തോട് ഉത്തരവിട്ടു. ജസ്റ്റിസ്മാരായ ഉജ്ജൽ ഭുയാൻ, മൻമോഹൻ എന്നിവരടങ്ങുന്ന ബെഞ്ചിന്‍റതാണ് വിധി. സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കുന്ന തിയെറ്ററുകളിൽ വേണ്ടത്ര സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന സർക്കാർ കോടതിക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
കൂടുതൽ മാർഗനിർദേശങ്ങൾ നൽകുന്നില്ലെന്ന് അറിയിച്ച് കോടതി ഹർജി തീർപ്പാക്കി. സിനിമ കർണാടകയിൽ റിലീസ് ചെയ്യാൻ അനുവദിക്കാതെ വന്നതോടെ എം. മഹേഷ് റെഡ്ഡിയാണ് കോടതിയിൽ ഹർജി സമർപ്പിച്ചത്. തിയെറ്ററുകളിൽ എന്ത് പ്രദർശിപ്പിക്കണമെന്നു തീരുമാനിക്കാൻ ഗൂണ്ടകളുടെ കൂട്ടങ്ങളെ അനുവദിക്കാൻ കഴിയില്ല. ആരെങ്കിലും ഒരു പ്രസ്താവന നടത്തിയിട്ടുണ്ടെങ്കിൽ മറ്റൊരു പ്രസ്താവനയിലൂടെ അതിനെ നേരിടാമെന്നും കോടതി വിഷയത്തിൽ പ്രതികരിച്ചിരുന്നു.
തിയെറ്ററുകൾ കത്തിക്കുമെന്നു ഭീഷണിപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. പ്രശ്നം പരിഹരിക്കാൻ നിർമാതാവ് ക്ഷമാപണം നടത്തണമെന്ന ഹൈക്കോടതി നിർദേശത്തെയും സുപ്രീം കോടതി വിമർശിച്ചിരുന്നു.
കന്നഡ ഭാഷാ വിവാദത്തിൽ നടൻ മാപ്പു പറയാൻ തയാറാകാഞ്ഞതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കിയത്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ തമിഴിൽ നിന്നുമാണ് കന്നഡ ഭാഷ ഉത്ഭവിച്ചതെന്ന് കമൽ ഹാസൻ പരാമർശിച്ചിരുന്നു. ഇതാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. പിന്നാലെ നടന്‍റെ പ്രസ്താവനക്കെതിരേ ബിജെപിയും കന്നഡ ഭാഷാ സംഘടനകളും രംഗത്തെത്തിയതോടെ വലിയ വിവാദങ്ങൾക്ക് വഴിവച്ചു.