
ഡയറ്റിൽ ചാറ്റ്ജിപിടിയുടെ ഉപദേശം തേടി; 60കാരൻ ഗുരുതരാവസ്ഥയിൽ തുടർന്നത് മൂന്നാഴ്ച
ന്യൂയോർക്ക്: എന്തിനുമേതിനും ചാറ്റ് ജിപിടിയുടെ സഹായം തേടുന്നതാണ് ഇപ്പോഴത്തെ പതിവ്. അങ്ങനെ സഹായം തേടി ആരോഗ്യം നഷ്ടപ്പെട്ട അവസ്ഥയിലാണ് ന്യൂയോർക്ക് സ്വദേശി. ഭക്ഷണത്തിൽ നിന്ന് ഉപ്പിന്‍റെ അളവ് കുറയ്ക്കാൻ ചാറ്റ് ജിപിടിയോട് ഉപദേശം തേടിയതാണ് അറുപതുകാരനെ കുടുക്കിയത്. ഇരുപതാം നൂറ്റാണ്ടിൽ ധാരാളമായി ഉപയോഗിച്ചിരുന്ന സോഡിയം ബ്രോമൈഡ് ഉപ്പിനു പകരം കഴിക്കാനാണ് ചാറ്റ്ജിപിടി ഉപദേശിച്ചത്. ഇതു ഉയർന്ന അളവിൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ആധുനിക പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ ചാറ്റ്ജിപിടിയുടെ ഉപദേശം അനുസരിച്ച് ഇയാൾ സോഡിയം ബ്രോമൈഡ് ഓൺലൈനിൽ വാങ്ങി മൂന്നു മാസത്തോളം ഭക്ഷണത്തിൽ ചേർത്തു കഴിച്ചു.
വൈകാതെ പല തരത്തിലുള്ള മാനസിക പ്രശ്നങ്ങളാണ് ഇയാൾക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. കടുത്ത ഉറക്കമില്ലായ്മയും അമിതമായ ദാഹവും വലച്ചതോടെ ആശുപത്രിയിലെത്തി ചികിത്സ തേടി. ശരീരത്തിൽ ഉയർന്ന അളവിൽ ബ്രോമൈഡ് കണ്ടെത്തിയതോടെ ഡോക്റ്റർമാർ വിവരം അന്വേഷിച്ചപ്പോഴാണ് സോഡിയം ബ്രോമൈഡ് കഴിച്ചിരുന്നതായി വെളിപ്പെടുത്തിയത്.
ശരീരത്തിൽ ചൊറിച്ചിലിനു പുറമേ നാഡീ രോഗങ്ങളും ബാധിച്ചിരുന്നു. മൂന്നാഴ്ചയോളം ആശുപത്രിയിൽ ചികിത്സ നടത്തിയതിനെത്തുടർന്നാണ് ഇയാളുടെ ആരോഗ്യം സാധാരണ നിലയിലെത്തിയത്.