ഡാർക്ക് ചോക്‌ലേറ്റിന് വൻ ഡിമാൻഡ്

2024ല്‍ 28.2 ശതമാനവും 2025ല്‍ 11.3 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇപ്പോഴത്തെ 45 ശതമാനം വളർച്ച
Dark chocolate demand surges in India

ഡാർക്ക് ചോക്കലേറ്റിന് പ്രിയമേറുന്നു...

Freepik.com

Updated on: 

കൊച്ചി: രാജ്യത്ത് ഏകദേശം 15,000 കോടി രൂപ മൂല്യമുള്ള ചോക്‌ലേറ്റ് വിപണിയില്‍ 50 ശതമാനത്തിലധികം കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്‌ലേറ്റിന് ആവശ്യക്കാര്‍ കൂടുന്നു. ഡാര്‍ക്ക് ചോക്‌ലേറ്റ് വാങ്ങുന്ന കുടുംബങ്ങളുടെ എണ്ണത്തില്‍ 45 ശതമാനത്തിന്‍റെ വർധനയുണ്ടായതായി ഉപഭോക്തൃ പെരുമാറ്റങ്ങളെക്കുറിച്ച് വിപണിയില്‍ ഗവേഷണം നടത്തുന്ന വേള്‍ഡ് പാനല്‍ ബൈ ന്യൂമറേറ്ററിന്‍റെ ഡേറ്റ വ്യക്തമാക്കുന്നു.

2024ല്‍ 28.2 ശതമാനവും 2025ല്‍ 11.3 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണ് ഇപ്പോഴത്തെ കുത്തനെയുള്ള വളർച്ച. നിലവില്‍ സാധാരണ ചോക്‌ലേറ്റ് വിഭാഗത്തേക്കാള്‍ 3.8 ഇരട്ടി വേഗത്തിലാണ് ഡാര്‍ക്ക് ചോക്‌ലേറ്റ് മേഖല വളരുന്നത്. വർധിച്ചുവരുന്ന വ്യക്തിഗത വരുമാനം, ആരോഗ്യ അവബോധം, പ്രീമിയം ഉത്പന്നങ്ങളോടുള്ള താത്പര്യം എന്നിവയാണ് ഈ വളര്‍ച്ചയ്ക്ക് പിന്നിലെന്നാണ് റിപ്പോർട്ട്.

പ്രാദേശിക കടകളില്‍ എളുപ്പത്തില്‍ ലഭിക്കാത്ത പ്രീമിയം ഉത്പന്നങ്ങള്‍ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ വഴി വേഗത്തില്‍ ലഭ്യമാകുന്നതും ഉപഭോഗം വർധിപ്പിച്ചു.

കൂടാതെ, കുടുംബങ്ങള്‍ പുറമെ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന പ്രവണതയില്‍ 19 ശതമാനത്തിന്‍റെ വർധന രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ പ്രതിവര്‍ഷ ആളോഹരി ചോക്‌ലേറ്റ് ഉപഭോഗം ഏകദേശം 200 ഗ്രാം മാത്രമാണ്. യുകെയിലെ 10 കിലോഗ്രാമുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണെങ്കിലും, ഇന്ത്യയിലെ ഡാര്‍ക്ക് ചോക്‌ലേറ്റ് വിപണിക്ക് വന്‍ വളര്‍ച്ചാ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

logo
Metro Vaartha
www.metrovaartha.com