

കട്ടൻ ചായ ഭാരം കുറയ്ക്കുമോ? ഒരു ദിവസം എത്ര ചായ കുടിക്കാം; യാഥാർഥ്യമറിയാം
ദിവസേന ഒരു കപ്പ് കട്ടൻ ചായ പഞ്ചസാര ചേർക്കാതെ കഴിച്ചാൽ ശരീര ഭാരം കുറയുമോ? കുറയുമെന്നാണ് പഠനങ്ങൾ തെളിയിരിക്കുന്നത്. കട്ടൻ ചായയിലുള്ള ചില സംയുക്തങ്ങൾ ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കാൻ പര്യാപ്തമാണ്. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിനായി കട്ടൻ ചായ കുടിക്കുന്നത് ശരിയായ മാർഗമാണെന്ന് പറയാനാകില്ല. ഉയർന്ന കലോറിയോടു കൂടിയ പാനീയങ്ങൾക്കു പകരം ഡയറ്റിൽ കട്ടൻ ചായ ഉൾപ്പെടുത്തുന്നത് നല്ലതാണെന്ന് മാത്രം.
സാധാരണ മധുരം ചേർക്കാത്ത കട്ടൻ ചായയിൽ വളരെ കുറഞ്ഞ അളവിലുള്ള കലോറി മാത്രമേ ഉള്ളൂ. മാത്രമല്ല കട്ടൻ ചായയിലുള്ള പോളിഫിനോൾസ് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസത്തെ ഗുണകരമായി സ്വാധീനിക്കും. ചായയിലുള്ള തിയാഫ്ലേവിൻസും മറ്റും സംയുക്തങ്ങളും കൊഴുപ്പിനെയും കാർബോഹൈഡ്രേറ്റിനെയും പ്രോസസ് ചെയ്യുന്നതിന്‍റെ വേഗം കൂട്ടും.
കട്ടൻചായയിലുള്ള പോളിഫിനോൾസ് ആമാശയത്തിലുള്ള ബാക്റ്റീരിയയുമായി സംവദിക്കും. ഇത് ദഹനത്തിന് ഗുണകരമാണ്. എന്നാൽ കട്ടൻചായ മാത്രം കുടിക്കുന്നത് ശരീരഭാരത്തെ കുറയ്ക്കുമെന്ന് വ്യക്തമാക്കാൻ പഠനങ്ങൾക്ക് സാധിച്ചിട്ടില്ല. ഒരു ദിവസം മൂന്ന് കപ്പ് മധുരമിടാത്ത കട്ടൻ ചായ വരെ മുതിർന്നവരുടെ ഡയറ്റിൽ ഉൾപ്പെടുത്താം.