Normal ECG no guarantee of healthy heart

ഇസിജി പ്രധാന പരിശോധന തന്നെ; എന്നാലത് ഹൃദയാരോഗ്യത്തിന്‍റെ ഉറപ്പല്ല.

ഇസിജി നോർമൽ ആണെന്നു കരുതി ഹൃദയം സുരക്ഷിതമെന്നു കരുതരുത്

ഇസിജിയെ മാത്രം ആശ്രയിക്കാതെ, ചെറുതും വിട്ടുമാറാത്തതുമായ ലക്ഷണങ്ങൾ ഉണ്ടായാൽ പോലും സമഗ്രമായ ഹൃദയ പരിശോധന നടത്തണമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്

ഇസിജി (ECG) റിപ്പോർട്ടിൽ പ്രശ്നങ്ങളില്ല എന്നു കരുതി ഹൃദയം പൂർണ ആരോഗ്യത്തോടെയാണു പ്രവർത്തിക്കുന്നതെന്ന് ഒരിക്കലും കരുതരുതെന്ന് പ്രശസ്ത കാർഡിയോവാസ്കുലർ സർജൻ ഡോ. രാഹുൽ ചണ്ഡോള. ഹൃദയത്തിന്‍റെ ആരോഗ്യം വിലയിരുത്തുന്നതിനുള്ള പ്രധാന പരിശോധന തന്നെയാണ് ഇസിജി എങ്കിലും, ഹൃദയധമനികളിലെ ബ്ലോക്കുകളോ മറ്റ് ഗുരുതരമായ പ്രശ്നങ്ങളോ തിരിച്ചറിയാൻ ഇതിലൂടെ സാധിക്കണമെന്നില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാർട്ട് ലങ്സ് ഡിസീസസ് റിസർച്ച് സെന്‍ററിന്‍റെ (IHLD) സ്ഥാപകനും മാനെജിങ് ഡയറക്റ്ററുമാണ് ഡോ. രാഹുൽ ചണ്ഡോള. സാധാരണ ഇസിജി ഫലം ഹൃദ്രോഗ സാധ്യത പൂർണമായി തള്ളിക്കളയുന്നു എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ടെന്നും, ഇത് വൈദ്യസഹായം തേടേണ്ട ലക്ഷണങ്ങളെ അവഗണിക്കാൻ ഇടയാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്രതീക്ഷിതമായി എത്തുന്ന ഹൃദയാഘാതം

Normal ECG no guarantee of healthy heart

തന്‍റെ ക്ലിനിക്കൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, പൂർണ ആരോഗ്യവാനായി കാണപ്പെട്ട പലരും തൊട്ടുമുമ്പ് വരെ ആക്റ്റിവായി ഇരുന്നതിനു ശേഷവും ഹൃദയാഘാതത്തിന് ഇരയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. "ഹൃദയാഘാതം ഉണ്ടാകുന്നതിന്‍റെ അന്ന് രാവിലെ പോലും നിരവധി കിലോമീറ്റർ ഓടിയവരെ ഞാൻ കണ്ടിട്ടുണ്ട്. അവർ ഫിറ്റും ആക്റ്റിവുമായിരുന്നു, അവരുടെ പരിശോധനാ റിപ്പോർട്ടുകളും സാധാരണ നിലയിലായിരുന്നു. എന്നിട്ടും നിമിഷനേരം കൊണ്ടാണ് അവരുടെ അവസ്ഥ മാറിയത്," അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധക്കുറവാണ് പലപ്പോഴും വലിയ വിപത്തുകളിലേക്ക് നയിക്കുന്നത്. പതിവ് പരിശോധനകളുടെ പരിമിതികളെക്കുറിച്ചും കൃത്യസമയത്ത് ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകളെക്കുറിച്ചും പലർക്കും ധാരണയില്ല. ഹൃദയത്തിന്‍റെ വൈദ്യുത പ്രവർത്തനങ്ങൾ രേഖപ്പെടുത്താനും പ്രവർത്തനം വിലയിരുത്താനും മാത്രമാണ് ഇസിജി സഹായിക്കുന്നത്. എന്നാൽ, കൊറോണറി ധമനികളിലെ തടസങ്ങളുടെ അളവ് തിരിച്ചറിയാൻ ഇതിനു കഴിയില്ല.

അവഗണിക്കരുതാത്ത ലക്ഷണങ്ങൾ

Normal ECG no guarantee of healthy heart
Goncalo Costa

ഹൃദ്രോഗികൾ വൈകി ചികിത്സ തേടിയെത്തുമ്പോൾ, തുടക്കത്തിൽ അവഗണിച്ചു കളഞ്ഞ ചെറിയ ചില ലക്ഷണങ്ങളെക്കുറിച്ച് പറയാറുണ്ടെന്ന് ഡോക്റ്റർ ചൂണ്ടിക്കാട്ടി. അത്തരം പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:

  • പടികൾ കയറുമ്പോൾ അനുഭവപ്പെടുന്ന ചെറിയ ശ്വാസതടസം: ഫിറ്റ്‌നസ് കുറവ് മാത്രമാണെന്നു കരുതി പലരും ഇത് അവഗണിക്കുന്നു.

  • ഭക്ഷണത്തിനു ശേഷം തോളിലുണ്ടാകുന്ന അസ്വസ്ഥത: ഗ്യാസ് ട്രബിൾ അല്ലെങ്കിൽ ദഹനക്കേട് എന്ന് തെറ്റിദ്ധരിക്കപ്പെടുന്നു.

  • വിശ്രമവേളകളിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയമിടിപ്പ്: മാനസിക സമ്മർദം കൊണ്ടാണെന്ന് കരുതി തള്ളിക്കളയുന്നു.

  • തുടർച്ചയായ ക്ഷീണം: വിശ്രമിച്ചിട്ടും മാറാത്ത ക്ഷീണം പ്രായത്തിന്‍റെയോ ജോലിഭാരത്തിന്‍റെയോ ഫലമാണെന്ന് കരുതുന്നു.

ഹൃദ്രോഗങ്ങൾ എപ്പോഴും നെഞ്ചുവേദനയെന്ന ഒറ്റ ലക്ഷണത്തോടെ ആയിരിക്കണമെന്നില്ല വരുന്നത്. പ്രതിസന്ധിയിലാകുന്ന ഹൃദയം പലപ്പോഴും ചെറിയ സൂചനകളാണ് നൽകുക. എന്നാൽ, നിർഭാഗ്യവശാൽ ഇവ പലപ്പോഴും അവഗണിക്കപ്പെടുകയോ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയോ ചെയ്യുന്നു.

സമഗ്ര പരിശോധനകൾ പ്രധാനം

Normal ECG no guarantee of healthy heart

ഇസിജിയെ മാത്രം ആശ്രയിക്കാതെ, ചെറുതും വിട്ടുമാറാത്തതുമായ ലക്ഷണങ്ങൾ ഉണ്ടായാൽ പോലും സമഗ്രമായ ഹൃദയ പരിശോധന നടത്താൻ ഡോക്റ്റർ നിർദേശിക്കുന്നു. ശരീരത്തിൽ നിന്ന് ആവർത്തിച്ച് മുന്നറിയിപ്പുകൾ ലഭിക്കുന്നുണ്ടെങ്കിൽ അവ അവഗണിക്കരുത്.

ഹൃദ്രോഗ ലക്ഷണങ്ങളുമായി എത്തുന്ന രോഗികൾക്ക് ഇസിജിയും ലിപിഡ് പ്രൊഫൈലും പ്രാരംഭ പരിശോധനകൾ മാത്രമാണ്. വ്യക്തികളുടെ ക്ലിനിക്കൽ പശ്ചാത്തലത്തിനനുസരിച്ച് കൊറോണറി കാൽസ്യം സ്കോർ, രക്തധമനികളുടെ അവസ്ഥ, ഉറക്കത്തിന്‍റെ ഗുണനിലവാരം, രണ്ട് തലമുറയെങ്കിലുമുള്ള കുടുംബചരിത്രം എന്നിവയും ഡോക്റ്റർമാർ പരിശോധിക്കേണ്ടതുണ്ട്. ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് സമഗ്രമായ പരിശോധനകൾ നടത്തിയാൽ വലിയ ശസ്ത്രക്രിയകൾ പോലുള്ള സങ്കീർണതകൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com