കൊളസ്റ്ററോൾ എത്ര വരെയാകാം?
freepik.com
കൊളസ്റ്ററോൾ ടെസ്റ്റ് ചെയ്യുമ്പോൾ ലിപ്പിഡ് പ്രൊഫൈൽ ടെസ്റ്റ് തന്നെ ചെയ്യണം. എങ്കിൽ മാത്രമേ ഓരോ ഘടകങ്ങളുടെയും ഏറ്റക്കുറച്ചിലുകൾ കൃത്യമായി മനസിലാക്കാനും, അതനുസരിച്ച് ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും മാറ്റങ്ങൾ വരുത്താനും, ആവശ്യമെങ്കിൽ ചികിത്സ തേടാനും സാധിക്കൂ....
വെബ് ഡെസ്ക്
യുവാക്കൾക്കിടയിൽ പോലും സാധാരണമായിക്കഴിഞ്ഞു കൊളസ്റ്ററോൾ പ്രശ്നം. ആരോഗ്യകരമല്ലാത്ത ഭക്ഷണശീലവും വ്യായാമമില്ലാത്ത ജീവിതശൈലിയും ഉള്ളവർക്ക് 35-40 വയസിൽ കൊളസ്റ്ററോൾ കൂടിയില്ലെങ്കിലേ അദ്ഭുതമുള്ളൂ എന്നതാണ് അവസ്ഥ. അതുകൊണ്ടുതന്നെ, ആരോഗ്യകരമായ കൊളസ്റ്ററോൾ ലെവൽ എത്രയാണെന്ന് അറിഞ്ഞിരിക്കുന്നതു നല്ലതാണ്.
ലാബിൽ നേരിട്ടു പോയി കൊളസ്റ്റററോൾ പരിശോധിക്കുമ്പോൾ ടോട്ടൽ കൊളസ്റ്ററോൾ മാത്രമായി പരിശോധിച്ചാൽ പോരാ. ലിപ്പിഡ് പ്രൊഫൈൽ പരിശോധന നടത്തിയാൽ മാത്രമേ കൊളസ്റ്ററോളിന്‍റെ വിവിധ ഘടകങ്ങളുടെ അളവ് കൃത്യമായി മനസിലാക്കാൻ സാധിക്കൂ. അതനുസരിച്ച് ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ വരുത്താനും ചികിത്സ തേടണോ എന്നു തീരുമാനിക്കാനും കഴിയും.
200 mg/dL ആണ് പൊതുവിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന, ടോട്ടൽ കൊളസ്റ്ററോളിന്‍റെ സാധാരണ നില. ഇതിനു മുകളിൽ 239 mg/dL വരെ ബോർഡർലൈനായാണ് കണക്കാക്കുന്നത്. ഭക്ഷണശീലങ്ങളും ജീവിതശൈലിയും നിയന്ത്രിക്കാൻ സമയമായെന്ന് അർധം. 239നും മുകളിൽ പോയാൽ ഡോക്റ്ററുടെ ഉപദേശപ്രകാരം ആവശ്യമായ മാറ്റങ്ങൾ വരുത്തുകയോ ചികിത്സ സ്വീകരിക്കുകയോ വേണം.
ലിപ്പിഡ് പ്രൊഫൈൽ പരിശോധന നടത്തുമ്പോൾ മനസിലാക്കാൻ സാധിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ് എച്ച്ഡിഎൽ (High-density lipoprotein - HDL), എൽഡിഎൽ (Low-density lipoprotein) എന്നിവ. ഇതിൽ എൽഡിഎൽ കൂടുന്നതും എച്ച്ഡിഎൽ കുറയുന്നതും ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. ഹൃദയാഘാതം (Heart Attack), പക്ഷാഘാതം (Stroke) തുടങ്ങിയവയാണ് ഇതുകൊണ്ട് സാധാരണ ഉണ്ടാകാവുന്ന ഗുരുതരമായ രോഗാവസ്ഥകൾ.
എൽഡിഎൽ പരമാവധി 100 mg/dL വരെയേ പാടുള്ളൂ. അതിൽ കൂടുതലായാൽ രക്തധനമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ ഇടയാക്കും. ഇതാണ് ഹൃദ്‌രോഗത്തിനും സ്ട്രോക്കിനുമൊക്കെ കാരണമാകുന്നത്. 130 mg/dL വരെ സൂക്ഷിക്കേണ്ട സ്ഥിതിയുണ്ട്. അതിനു മുകളിൽ 190 വരെയാണെങ്കിൽ ഡോക്റ്ററുടെ ഉപദേശം തേടണം. 190നും മുകളിലാണെങ്കിൽ അത്യന്തം അപകടകരമായ അവസ്ഥയാണ്. വിദഗ്ധ ചികിത്സ നിർബന്ധം.
അതേസമയം, എച്ച്ഡിഎൽ സാന്നിധ്യം എൽഡിഎല്ലിന്‍റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. അതിനാൽ പുരുഷന്മാരിൽ ഇത് 40 mg/dL എങ്കിലും ഉണ്ടായിരിക്കണം. സ്ത്രീകൾക്ക് 50 mg/dL ആണ് കുറഞ്ഞ പരിധി. ഇതിൽ താഴെയായാൽ അപകടസാധ്യത കൂടുതലാണ്.
അതേസമയം, ശരീരത്തിനു ഗുണകരമാണെന്നു കരുതി എച്ച്ഡിഎൽ പരിധിയിൽ കൂടുന്നതും നല്ലതല്ല. 80-100 റേഞ്ചിലേക്കൊക്കെ ഇതു പോകുന്നത് ഹൃദയാരോഗ്യത്തിന് അധിക സഹായമൊന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല, ദോഷമുണ്ടാക്കുകയും ചെയ്യും.
ഹൃദയാരോഗ്യത്തെ ബാധിക്കുന്ന കൊളസ്റ്ററോളിലെ മറ്റൊരു ഘടഗമാണ് ട്രൈഗ്ലിസറൈഡ്സ്. ഇതിന്‍റെ ആരോഗ്യകരമായ പരിധി 150 mg/dL ആണ്. 151 മുതൽ 199 mg/dL വരെ സൂക്ഷിക്കേണ്ട സാഹചര്യം. 200 മുതൽ മുകളിലേക്ക് ഉയർന്ന തോതായി കണക്കാക്കുന്നു.
കൊളസ്റ്ററോൾ പ്രശ്നമുള്ളവർ ബീഫ്, മട്ടൻ തുടങ്ങിയ റെഡ് മീറ്റ് ഒഴിവാക്കണം. ചിക്കൻ സുരക്ഷിതമാണെങ്കിലും, ഫ്രൈ അപകടമുണ്ടാക്കും. എണ്ണയിൽ വറുത്ത പലഹാരങ്ങളും പ്രശ്നകാരികളാണ്. പഴങ്ങളും പച്ചക്കറികളും ഭക്ഷണക്രമത്തിൽ കൂടുതലായി ഉൾപ്പെടുത്തണം, പ്രത്യേകിച്ച് ഫൈബർ ധാരാളമുള്ളവ. ചെറിയ മത്സ്യങ്ങളും കൊളസ്റ്ററോൾ ഉള്ളവർക്കു നല്ലതാണ്. എന്നാൽ, അവിടെയും എണ്ണയിൽ വറുത്ത മീൻ ഒഴിവാക്കുക.
ദിവസവും അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയെങ്കിലും വ്യായാമം നിർബന്ധമാക്കുക. നടത്തം, ജോഗിങ്, സൈക്ലിങ് തുടങ്ങിയ ലഘു വ്യായാമങ്ങൾ തന്നെ ധാരാളമാണ്. ജിമ്മിൽ പോകുന്നവരാണെങ്കിൽ കാർഡിയോ വർക്കൗട്ടുകളിലും ഫാറ്റ് ബേണിങ് എക്സർസൈസുകളിലുമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
ഭക്ഷണക്രമവും ജീവിതശൈലിയും മെച്ചപ്പെടുത്തിയതുകൊണ്ടു മാത്രം പലർക്കും കൊളസ്റ്ററോൾ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സാധിക്കണമെന്നില്ല. പരിധിയിൽ അല്ലെങ്കിൽ ഫിസിഷ്യന്‍റെ ഉപദേശം തേടേണ്ടത് അത്യാവശ്യമാണ്.
എച്ച്ഡിഎൽ, എൽഡിഎൽ, ട്രൈഗ്ലിസറൈഡ്, ടോട്ടൽ കൊളസ്റ്ററോൾ തുടങ്ങിയവയുടെ അനുപാതം നോക്കി, ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ആവശ്യമായ മാറ്റങ്ങൾ ഡോക്റ്റർ നിർദേശിക്കും. അതുകൊണ്ട് നിയന്ത്രിക്കാൻ സാധിക്കാത്തവർ തുടർച്ചയായി മരുന്നുകളും കഴിക്കേണ്ടിവരും. നിയന്ത്രണത്തിലാകുന്ന മുറയ്ക്ക് ഡോക്റ്റർ തന്നെ മരുന്നുകളുടെ അളവ് ക്രമാനുഗതമായി കുറയ്ക്കുകയും ചെയ്യും.