"വിഷാദമുറയുന്ന പേറ്റുകാലം'
"വിഷാദമുറയുന്ന പേറ്റുകാലം'

പ്രസവാനന്തര വിഷാദം എന്ന നീരാളിക്കൈ

പ്രസവാനന്തര വിഷാദം എന്ന സങ്കീർണ മാനസികാവസ്ഥ മൂലം പൊലിയുന്ന കുരുന്നു ജീവനുകൾ നിരവധിയാണ്. മെട്രൊ വാർത്ത പ്രതിനിധി നീതു ചന്ദ്രൻ തയാറാക്കിയ ഗവേഷണാത്മക പരമ്പര 'വിഷാദമുറയുന്ന പേറ്റുകാലം' ഭാഗം 2

നീതു ചന്ദ്രൻ

കുറച്ചു വർഷങ്ങൾക്കിടെയാണ് പ്രസവാനന്തര വിഷാദം എന്ന വാക്ക് കേരളീയർ ശ്രദ്ധിച്ചു തുടങ്ങിയത്. അതിനിടെ തന്നെ നിരവധി കുഞ്ഞുങ്ങൾ അമ്മയുടെ വിഷാദം തീർത്ത നീരാളിക്കൈകളിൽ പിടഞ്ഞമർന്നിരുന്നു. പ്രസവശേഷം സ്ത്രീശരീരം നിരവധി മാറ്റങ്ങളിലൂടെയാണ് കടന്നു പോകുന്നത്. പ്രസവശേഷമുണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനം മാനസികാവസ്ഥയിൽ അസാധാരണമായ മാറ്റങ്ങളുണ്ടാക്കും. അതിനൊപ്പം ശിശുപരിപാലനത്തിന്‍റെ സങ്കീർണ ലോകത്തേക്ക് സ്വയം പറിച്ചുനടുമ്പോഴുണ്ടാകുന്ന അപരിചിതത്വം, പ്രസവ ശേഷം അല്ലെങ്കിൽ പ്രസവ ശസ്ത്രക്രിയയ്ക്കു ശേഷമുള്ള വേദനകളും ഉറക്കമില്ലായ്മയും പങ്കാളിയുടെ അവഗണനയുമെല്ലാം സ്ത്രീകളെ വല്ലാതെ തളർത്തും. മറ്റുള്ളവർ നിസ്സാരം എന്ന മട്ടിൽ വിട്ടുകളയുന്ന കാര്യങ്ങൾ പോലും അമ്മയുടെ മനസ്സിനെ ആഴത്തിൽ മുറിവേൽപ്പിക്കും.

സ്വയം മനസ്സിലാക്കാൻ പോലും സാധിക്കാത്ത വിധത്തിൽ മാനസികാവസ്ഥ നിമിഷനേരം കൊണ്ട് മാറിമറിഞ്ഞേക്കും. കാരണമറിയാത്ത സങ്കടത്താൽ പൊട്ടിക്കരയുന്നതും, ദേഷ്യംകൊണ്ട് പൊട്ടിത്തെറിക്കുന്നതും, മൗനിയാകുന്നതും, സ്വയം മുറിവേൽപ്പിക്കുന്നതും, കുഞ്ഞിനെ ഉപദ്രവിക്കുന്നതുമെല്ലാം വിഷാദത്തിന്‍റെ ലക്ഷണങ്ങളിൽപ്പെടും. ഒപ്പമുള്ളവരുടെ സഹകരണത്തിലൂടെയും കൗൺസിലിങ്ങിലൂടെയും, ആവശ്യമെങ്കിൽ മരുന്നിലൂടെയും ഈ അവസ്ഥയെ പൂർണമായി അതിജീവിക്കാൻ സാധിക്കും. പക്ഷേ, അതിനെല്ലാം ഇത്തരമൊരു മാനസികാവസ്ഥയെ തിരിച്ചറിയാൻ തയാറാകണമെന്നു മാത്രം.

പ്രസവാനന്തര വിഷാദത്തെക്കുറിച്ചുള്ള ബോധവത്കരണം വേണ്ട രീതിയിൽ നടക്കാത്തതു കൊണ്ടു തന്നെ, അതു മൂലമുള്ള പ്രശ്നങ്ങളുടെ ആഴവും വർധിച്ചു വരുകയാണ്. തുടക്കത്തിലേ ഈ പ്രശ്നം കണ്ടെത്തി വേണ്ട ചികിത്സ നൽകാത്തത് പ്രശ്നം വഷളാക്കാൻ സാധ്യത വർധിപ്പിക്കുമെന്ന് ഡോക്റ്റർമാർ പറയുന്നു. പ്രസവാനന്തര വിഷാദമുള്ള കേരളത്തിലെ സ്ത്രീകൾ എന്ന വിഷയത്തിൽ കൊച്ചി അമൃത വിശ്വവിദ്യാപീഠത്തിലെ പൂജ പ്രസാദ് നടത്തിയ നടത്തിയ സർവേയിൽ, കേരളത്തിലെ 46.1 ശതമാനം അമ്മമാരും ബേബി ബ്ലൂസ് എന്ന അവസ്ഥയെക്കുറിച്ച് തികച്ചും അജ്ഞരാണെന്നാണ് കണ്ടെത്തിയത്. എന്നാൽ, പ്രസവാനന്തര വിഷാദം എന്ന അവസ്ഥയെക്കുറിച്ച് 85.2 ശതമാനം പേർക്കും അറിയാം. അതു മാത്രമല്ല, 77.3 ശതമാനം പേരും പ്രസവാനന്തര വിഷാദത്തിന്‍റെ ലക്ഷണങ്ങൾ അനുഭവിച്ചിട്ടുണ്ടെന്നും തുറന്നു പറയുന്നു. 53.1 ശതമാനം പേരും സ്വയം ഈ അവസ്ഥയിൽ നിന്ന് കരകയറുകയായിരുന്നുവെന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം. ബയോ സയൻസ് ബയോടെക്നോളജി റിസർച്ച് കമ്യൂണിക്കേഷനിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഗർഭധാരണം, പ്രസവം എന്നിവയെല്ലാം സമ്മർദമേറിയ പ്രക്രിയകളാണ്. കുഞ്ഞിനെ പരിപാലിക്കുക തുടങ്ങി കൂടുതൽ ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ചിന്തകൾ കൂടിയാകുമ്പോൾ ഉത്കണ്ഠ വർധിക്കുന്നത് സ്വാഭാവികമാണെന്നു പറയുന്നു, ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഡെപ്യൂട്ടേഷനിലുള്ള സൈക്യാട്രിസ്റ്റ് ഡോക്റ്റർ പീറ്റർ ജോസഫ്. പ്രസവശേഷം പ്രൊജസ്ട്രോൺ, ഈസ്ട്രജൻ എന്നീ ഹോർമോണുകളിൽ വലിയ മാറ്റമുണ്ടാകുന്നതോടെ പ്രസവശേഷം സ്ത്രീകൾ കടുത്ത മാനസിക വെല്ലുവിളികൾ നേരിടാറുണ്ട്. ബേബി ബ്ലൂസ്, പോസ്റ്റ്പാർട്ടം ഡിപ്രഷൻ, പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് പ്രസവാനന്തര മാനസികപ്രശ്നങ്ങളെ വിലയിരുത്താറുള്ളത്.

ബേബി ബ്ലൂസ്, പോസ്റ്റ്പാർട്ടം ഡിപ്രഷൻ, പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്നിങ്ങനെ മൂന്ന് തരത്തിലാണ് പ്രസവാനന്തര മാനസികപ്രശ്നങ്ങളെ വിലയിരുത്താറുള്ളത്.

ഡോ. പീറ്റർ ജോസഫ്, എംഡി, സൈക്യാട്രി

ഡോ. പീറ്റർ ജോസഫ്, എംഡി, സൈക്യാട്രി; വിമുക്തി ലഹരിവിമുക്തി കേന്ദ്രം, ചാലക്കുടി താലൂക്ക് ആശുപത്രി
ഡോ. പീറ്റർ ജോസഫ്, എംഡി, സൈക്യാട്രി; വിമുക്തി ലഹരിവിമുക്തി കേന്ദ്രം, ചാലക്കുടി താലൂക്ക് ആശുപത്രി

ഇതിൽ ബേബി ബ്ലൂസ് താരതമ്യേന ചെറിയ പ്രശ്നമാണ്. എന്നാൽ, പോസ്റ്റ്പാർട്ടം ഡിപ്രഷൻ, പോസ്റ്റ്പാർട്ടം സൈക്കോസിസ് എന്നീ അവസ്ഥകളിലൂടെ കടന്നു പോകുന്നവർക്ക് കൃത്യമായ മരുന്നും ശ്രദ്ധയും പരിഗണനയും അത്യാവശ്യമാണ്. മുൻപ് വിഷാദരോഗം നേരിട്ടിട്ടുള്ളവർ, പ്രതിരോധശേഷി കുറവുള്ളവർ എന്നിവർക്കെല്ലാം പോസ്റ്റ്പാർട്ടം ഡിപ്രഷന് സാധ്യത കൂടുതലാണ്.

ബേബി ബ്ലൂസ്

പ്രസവശേഷം 50- 75 ശതമാനം സ്ത്രീകളും ബേബി ബ്ലൂസിലൂടെ കടന്നുപോകുന്നവരാണ്. പ്രസവം കഴിഞ്ഞ് ഏതാണ്ട് 3 - 5 ദിവസത്തിനുള്ളിൽ ബേബി ബ്ലൂസ് പ്രകടമാകാം. അസാധാരണമായി സങ്കടം, കരച്ചിൽ, വിഷമം എന്നിവയെല്ലാം ബേബി ബ്ലൂസിന്‍റെ ലക്ഷണങ്ങളാണ്. എന്നാൽ, സ്ത്രീകളുട മാനസികാവസ്ഥയെ ഇതു ഗുരുതരമായി ബാധിക്കാറുമില്ല. പ്രസവം കഴിഞ്ഞ് ഒന്നുരണ്ടാഴ്ചയ്ക്കുള്ളിൽ ബേബി ബ്ലൂസ് പൂർണമായി മാറും. അതിനു മരുന്നിന്‍റെ ആവശ്യമില്ല.

പോസ്റ്റ്പാർട്ടം ഡിപ്രഷൻ

പ്രസവശേഷം 10-15 ശതമാനം സത്രീകളിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ കണ്ടുവരുന്നു. 3-6 മാസങ്ങൾ വരെ ഈ പ്രശ്നം നീണ്ടു നിൽക്കും. കരച്ചിൽ, സങ്കടം തുടങ്ങി ബേബി ബ്ലൂസിനു സമാനമാണ് പോസ്റ്റ്പാർട്ടം ഡിപ്രഷന്‍റെയും ലക്ഷണങ്ങൾ. ഇവയ്ക്കൊപ്പം സ്വയം ഹനിക്കാനുള്ള ശ്രമങ്ങൾ, നെഗറ്റീവ് ചിന്തകൾ, കുഞ്ഞിനോട് താത്പര്യക്കുറവ്, ഉറക്കമില്ലായ്മ എന്നിവയും അനുഭവപ്പെടും.
മുൻപ് എപ്പോഴെങ്കിലും ഡിപ്രഷനിലൂടെ കടന്നു വന്നവർക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷനുള്ള സാധ്യത കൂടുതലാണ്. അതു പോലെ തന്നെ പോസ്റ്റ്പാർട്ടം ഡിപ്രഷൻ വന്നിട്ടുള്ളവർക്ക് ഭാവിയിൽ ഡിപ്രഷൻ വരാനുള്ള സാധ്യതയുമുണ്ട്. ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവർക്കൊപ്പം എപ്പോഴും ആരെങ്കിലും ഉണ്ടായിരിക്കണം. മരുന്നും, പരിചരണവും കൃത്യമായി ലഭിച്ചാൽ അസുഖം പൂർണമായി ഭേദമാകും.

പോസ്റ്റ്പാർട്ടം സൈക്കോസിസ്

കൂട്ടത്തിൽ ഏറ്റവും ഗുരുതരമായ അവസ്ഥയാണ് പോസ്റ്റ്പാർട്ടം സൈക്കോസിസ്. പ്രസവശേഷം 1-2 ശതമാനം വരെയുള്ള സ്ത്രീകളിലാണ് ഈ അവസ്ഥ കാണാറുള്ളത്. ആദ്യ പ്രസവത്തിനു ശേഷമാ‍യിരിക്കും ഇതു പ്രത്യക്ഷപ്പെടുക. മാനസികാരോഗ്യപ്രശ്നത്തിന്‍റെ ഭൂതകാലം ഉള്ളവരിലാണ് ഇത്തരമൊരു അവസ്ഥ ഉണ്ടാകാറുള്ളത്. അതു മാത്രമല്ല, ഈ അവസ്ഥയിലൂടെ കടന്നു പോയ 50 ശതമാനം പേർക്കും അത് വീണ്ടും വരാനുള്ള സാധ്യതയുമുണ്ട്.
ഉറക്കമില്ലായ്മ, ചിന്തകളിൽ വ്യത്യാസം, അയഥാർഥ ലോകത്തെ വിശ്വസിക്കുക, കുഞ്ഞിനെപ്പറ്റിയുള്ള സംശയം, മറ്റുള്ളവർ ഉപദ്രവിക്കുമോ എന്ന അകാരണമായ ഭയം, അങ്ങനെ സങ്കീർണമായ മാനസികാവസ്ഥയാണ് പോസ്റ്റ്പാർട്ടം സൈക്കോസിസിൽ അനുഭവപ്പെടുക. പലപ്പോഴും യാഥാർഥ്യത്തിൽ നിന്ന് ഏറെ അകലെയായിരിക്കും ഇവരുടെ ചിന്തകളും പ്രവൃത്തികളും. ഇത്തവം അവസ്ഥയിലുള്ള സ്ത്രീകൾ അവരുടെ കുട്ടികളെ ഉപദ്രവിക്കാനുള്ള സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ പലപ്പോഴും കുട്ടിയെ അമ്മയിൽനിന്ന് അകറ്റി നിർത്തേണ്ടി വരും. മരുന്നിലൂടെയും തെറാപ്പിയിലൂടെയും അസുഖം ഭേദമാകും.


[വിവരങ്ങൾക്ക് കടപ്പാട്: ഡോ. പീറ്റർ ജോസഫ്, എംഡി, സൈക്യാട്രി; വിമുക്തി ലഹരിവിമുക്തി കേന്ദ്രം, ചാലക്കുടി താലൂക്ക് ആശുപത്രി]

ഭാഗം1 : ബാലമരണങ്ങൾ തുടർക്കഥയാകുമ്പോൾ

ഭാഗം 2: പ്രസവാനന്തര വിഷാദം എന്ന നീരാളിക്കൈ

ഭാഗം 3: മനസിന്‍റെ തിരിച്ചറിയാത്ത മായകൾ

ഭാഗം 4: പ്രസവാനന്തര വിഷാദത്തിനു കാരണങ്ങൾ പലത്

Trending

No stories found.

Latest News

No stories found.