"വിഷാദമുറയുന്ന പേറ്റുകാലം'
"വിഷാദമുറയുന്ന പേറ്റുകാലം'

മനസിന്‍റെ തിരിച്ചറിയാത്ത മായകൾ

പ്രസവാനന്തര വിഷാദം എന്ന സങ്കീർണ മാനസികാവസ്ഥ മൂലം പൊലിയുന്ന കുരുന്നു ജീവനുകൾ നിരവധിയാണ്. മെട്രൊ വാർത്ത പ്രതിനിധി നീതു ചന്ദ്രൻ തയാറാക്കിയ ഗവേഷണാത്മക പരമ്പര 'വിഷാദമുറയുന്ന പേറ്റുകാലം' ഭാഗം 3

നീതു ചന്ദ്രൻ

ജനിച്ച് ആറു മാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞുമായി സ്ഥിരം പീഡിയാട്രീഷ്യനരികിൽ എത്തിയതായിരുന്നു അവൾ. പരിശോധനയ്ക്കിടെ കുഞ്ഞിന്‍റെ ദേഹത്ത് അസാധാരണമാം വിധം നഖം കൊണ്ട് മുറിഞ്ഞ പാടുകൾ കണ്ടപ്പോൾ ഡോക്റ്റർക്ക് ചെറിയ സംശയം തോന്നി. മുറിവുകൾ എങ്ങനെയുണ്ടായി എന്നതിന് വ്യക്തമായ ഉത്തരം നൽകാൻ ആർക്കും സാധിക്കാതെ വന്നതോടെ, കുട്ടിയുടെ അച്ഛനും അമ്മയും ഒട്ടും വൈകാതെ സൈക്കോളജിസ്റ്റിനെ കാണണമെന്ന് നിർദേശിച്ചത് ഡോക്റ്ററായിരുന്നു.

കൗൺസിലിങ് റൂമിലേക്ക് ശാന്തമായ മുഖവുമായി വന്നിരുന്ന മുപ്പതുകാരി മണിക്കൂറുകൾക്കു ശേഷം പൊട്ടിക്കരഞ്ഞു കൊണ്ട് സങ്കടങ്ങൾ ഓരോന്നായി പറയാൻ തുടങ്ങി...അവൾ തുറന്നു പറയും വരെ, വിഷാദരോഗത്തിന്‍റെ ആഴങ്ങളിൽ പിടയുന്ന ആ മനസ് കുടുംബാംഗങ്ങൾക്കു കാണാൻ സാധിച്ചിരുന്നില്ലെന്ന് കാക്കനാട് സ്വതന്ത്രമായി പ്രാക്റ്റീസ് ചെയ്യുന്ന കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റും ക്ലിനിക്കൽ ഹിപ്നോതെറാപ്പിസ്റ്റുമായ സിനു മെഹ്ന പറയുന്നു.
അച്ഛനും അമ്മയ്ക്കും അവൾ ഒറ്റ മകളായിരുന്നു. അതുകൊണ്ടുതന്നെ ഗർഭാവസ്ഥയിൽ സ്വന്തം കുടുംബവും ഭർത്താവിന്‍റെ കുടുംബവും ഭർത്താവുമെല്ലാം അവളെ സ്നേഹം കൊണ്ട് മൂടി. പക്ഷേ, പ്രസവം കഴിഞ്ഞതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. കുടുംബാംഗങ്ങളുടെയും ഭർത്താവിന്‍റെയുമെല്ലാം ശ്രദ്ധ കുഞ്ഞിലേക്കായി. പ്രതീക്ഷിച്ചിരുന്ന പരിചരണമോ ശ്രദ്ധയോ കിട്ടാതായതോടെ പ്രസവാനന്തര വിഷാദത്തിന്‍റെ ആഴങ്ങളിലേക്ക് അവൾ വീണു തുടങ്ങി. അതിന്‍റെ ഫലമെന്നോണം, തരം കിട്ടുമ്പോഴെല്ലാം കുഞ്ഞിനെ ഉപദ്രവിക്കുന്നതു പതിവായി. അതെല്ലാം നഖപ്പാടുകളായി പിഞ്ചുശരീരത്തിൽ തെളിഞ്ഞു കിടന്നു. പ്രസവ ശേഷമുള്ള ചടങ്ങുകളിൽ ഭർത്താവ് കുഞ്ഞിന് സമ്മാനിക്കുന്ന ഉടുപ്പുകളുടെയും തനിക്കു സമ്മാനിക്കുന്ന ഉടുപ്പുകളുടെയും എണ്ണം താരതമ്യം ചെയ്ത് സങ്കടപ്പെടുന്ന സ്ഥിതി വരെയെത്തി അവളുടെ മാനസികാവസ്ഥ.
മണിക്കൂറുകളോളം സംസാരിച്ചതിനു ശേഷമാണ് അവർ കുഞ്ഞിനെ ഉപദ്രവിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞത്. ആദ്യം പൊട്ടിക്കരയുകയായിരുന്നുവെങ്കിൽ, പിന്നീട് ദേഷ്യം കൊണ്ട് അക്രമാസക്തയായി മാറുകയായിരുന്നു. ഇതെല്ലാം മനസിലാക്കിയെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. പിന്നീട് രണ്ടു വർഷത്തോളം കൗൺസിലിങ് നൽകിയതിനു ശേഷമാണ് ആ പെൺകുട്ടി സാധാരണ നിലയിലേക്ക് എത്തിയതെന്ന് സിനു മെഹ്ന.

"ചുറ്റുമുള്ളവരുടെ മനോഭാവം കൂടുതൽ ഭയാനകമായ മാനസികാവസ്ഥയിലേക്ക് അവരെ നയിക്കും. കുഞ്ഞിനെ ഉപദ്രവിക്കാൻ പോലും മടിക്കില്ല. ഒരു പക്ഷേ, അതു കൊലപാതകത്തിൽവരെ എത്തി നിൽക്കാം. ''

സിനു മെഹ്ന കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ ഹിപ്നോതെറാപ്പിസ്റ്റ്

സിനു മെഹ്ന
കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ ഹിപ്നോതെറാപ്പിസ്റ്റ്
സിനു മെഹ്ന കൺസൾട്ടന്‍റ് സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ ഹിപ്നോതെറാപ്പിസ്റ്റ്

വേദനിപ്പിക്കുന്ന യാഥാർഥ്യം

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നു പറയുമ്പോൾ, ""ഇപ്പോഴത്തെ പെണ്ണുങ്ങളുടെ ഓരോ കണ്ടുപിടിത്തങ്ങൾ'', ""കുഞ്ഞിനെ നോക്കാനുള്ള മടി തന്നെ'' എന്നെല്ലാം പുച്ഛിക്കുന്ന സ്ത്രീകൾ അടങ്ങുന്നൊരു സമൂഹം ഇപ്പോഴുമുണ്ടെന്നതാണ് വേദനിപ്പിക്കുന്ന യാഥാർഥ്യം. പണ്ടും ഈ അവസ്ഥകൾ ഉണ്ടായിരുന്നിരിക്കാം. എങ്ങനെയൊക്കെയോ അന്നത്തെ സ്ത്രീകൾ ആ അവസ്ഥയെ അതിജീവിച്ചിരിക്കാം.
ചുറ്റുമുള്ളവരുടെ മനോഭാവം കൂടുതൽ ഭയാനകമായ മാനസികാവസ്ഥയിലേക്ക് അവരെ നയിക്കും. കുഞ്ഞിനെ ഉപദ്രവിക്കാൻ പോലും മടിക്കില്ല. ഒരു പക്ഷേ, അതു കൊലപാതകത്തിൽവരെ എത്തി നിൽക്കാം. കുഞ്ഞിന് നാലു വയസായ ശേഷമാണ് താൻ പ്രസവാനന്തര വിഷാദത്തിലൂടെ കടന്നു പോകുകയാണെന്നു തിരിച്ചറിഞ്ഞതെന്ന്, തനിക്കരികിൽ കൗൺസിലിങ് തേടിയെത്തിയ ഒരു ഗൈനക്കോളജിസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സൈക്കോളജിസ്റ്റ് സിനു മെഹ്ന പറയുന്നു. കുഞ്ഞ് കാരണമാണ് തന്‍റെ കരിയർ നഷ്ടപ്പെട്ടതെന്ന നിരാശ അത്രയും കാലം അവരിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഒരു ഡോക്റ്റർ, അതും ഗൈനക്കോളജിസ്റ്റ്, ആയിട്ടു പോലും ആ അവസ്ഥ സ്വയം തിരിച്ചറിയാൻ അവർ വർഷങ്ങളെടുത്തു. അപ്പോൾ പിന്നെ സാധാരണ സ്ത്രീകളുടെ കാര്യം എത്ര ശോചനീയമായിരിക്കുമെന്നു മനസിലാക്കാവുന്നതല്ലേയുള്ളൂവെന്നും സിനു മെഹ്ന.

ചികിത്സ തേടാതെ പോകുന്നവർ

ചെറിയ അസുഖങ്ങൾക്കു പോലും ചികിത്സ തേടുന്നവർ മാനസിക പ്രശ്നങ്ങൾക്ക് ആവശ്യമായ ചികിത്സ തേടാൻ ഇപ്പോഴും മടിക്കുകയാണ് എന്നതിനു തെളിവാണ് പൂജ പ്രസാദ് നടത്തിയ പഠന റിപ്പോർട്ട്. ഈ റിപ്പോർട്ട് പ്രകാരം, വിഷാദ രോഗം കണ്ടെത്തിയ സ്ത്രീകളിൽ 53.1 ശതമാനം പേരും സ്വയം ആ അവസ്ഥ‍യിൽ നിന്ന് കരകയറുകയായിരുന്നു. അവരിൽ വിഷാദത്തിന്‍റെ ആഴം താരതമ്യേന കുറവായിരുന്നതായിരിക്കാം അവരെ തുണച്ചത്. ബാക്കി 44.5 ശതമാനം പേരും പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പിന്തുണ കൊണ്ടാണ് വിഷാദത്തെ അതിജീവിച്ചത്. ഇതിൽ 0.8 ശതമാനം പേർ മാത്രമേ ഈ അവസ്ഥയെ ചെറുക്കാൻ ചികിത്സ തേടിയുള്ളൂ എന്നതാണ് ഇതിലെ ഏറ്റവും ഭയാനകമായ ഏട്. അതിൽ തന്നെ 1.6 ശതമാനം പേർ മാത്രമേ സൈക്കോളജിസ്റ്റിന്‍റെയോ സൈക്യാട്രിസ്റ്റിന്‍റെയോ സഹായം തേടാൻ തയാറായിട്ടുള്ളൂ എന്നും പഠന റിപ്പോർട്ടിലുണ്ട്.
കേരളത്തിലെ സ്ത്രീകൾ കടന്നു പോകുന്ന ശോചനീയമായ മാനസികാരോഗ്യ അന്തരീക്ഷത്തിന്‍റെ നേർചിത്രമാണ് ഈ റിപ്പോർട്ടിലെ കണക്കുകളിൽ പ്രതിഫലിക്കുന്നത്. കൂടുതൽ പേരും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത്തരത്തിലൊരു അവസ്ഥയുണ്ടെന്നു തിരിച്ചറിയുന്നതു തന്നെ. പ്രസവാനന്തര വിഷാദത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന് കൂടുതൽ ഫലപ്രദമായ മാർഗങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് വ്യക്തം.

അമ്മ മനസ്

പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്ന പ്രശ്നത്തെ മാത്രം കേന്ദ്രീകരിച്ചൊരു പദ്ധതി ഇനിയും സർക്കാർ തലത്തിൽ ഇല്ല എന്നത് പോരായ്മയാണ്. അമ്മ മനസ് എന്ന പദ്ധതിയാണ് നിലവിൽ പോസ്റ്റ്പാർട്ടം ഡിപ്രഷനെ ചെറിയ രീതിയിലെങ്കിലും അഭിസംബോധന ചെയ്യുന്ന സർക്കാർ പദ്ധതി. ജില്ലാതല ആരോഗ്യകേന്ദ്രങ്ങൾ മുഖേന ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ആശാ വർക്കർമാർ ഉൾപ്പെടെയുള്ളവർക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ച് ബോധവത്കരണം നൽകിയിരുന്നു. ഗർഭിണികളുള്ള വീടുകളിലെത്തി അവരുടെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യപ്രവർത്തകർ ചോദിച്ചറിയുന്ന വിധത്തിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്.
ഗർഭിണിയാകുന്നതു മുതൽ പ്രസവം കഴിഞ്ഞ് 42 ദിവസം വരെയാണ് അമ്മ മനസ് പദ്ധതി വഴി അമ്മമാരെ നിരീക്ഷിക്കുന്നതെന്ന് തൃശൂർ ജില്ലാ ആർസിഎച്ച് ഇൻ-ചാർജ് ഡോ. ടി.കെ. ജയന്തി പറയുന്നു. പ്രസവകാലം മുതൽ തന്നെ ചിലപ്പോൾ സ്ത്രീകളിൽ വിഷാദം പ്രകടമാകാറുണ്ടെന്നും, 2023ൽ ഇത്തരത്തിൽ ഒരു മാതൃമരണം റിപ്പോർട്ട് ചെയ്തിരുന്നു എന്നും ഡോക്റ്റർ പറയുന്നു. പലപ്പോഴും മുൻപേ വിഷാദത്തിലൂടെ കടന്നു പോയിട്ടുള്ളവരായിരിക്കാം ഇവരിൽ ഭൂരിഭാഗവും. വിവാഹത്തിനു ശേഷം മരുന്ന് നിർത്തുന്നതും മറ്റുമാണ് പ്രശ്നം സങ്കീർണമാക്കുന്നത്. ഗർഭിണികൾക്കും അവർക്കൊപ്പമുള്ളവർക്കുമായി, മാനസികാരോഗ്യത്തെക്കുറിച്ച് വ്യക്തത ലഭിക്കാൻ പാകത്തിലുള്ള ഒരു ചോദ്യാവലി "അമ്മ മനസ്' വഴി പൂരിപ്പിച്ച് വാങ്ങാറുണ്ട്. ഇതു പ്രകാരം, ബുദ്ധിമുട്ട് നേരിടുന്നവർക്ക് ചികിത്സ ലഭ്യമാക്കും. എന്നാൽ, പലപ്പോഴും സ്ത്രീകൾ പ്രശ്നങ്ങൾ തുറന്നു സമ്മതിക്കാൻ തയാറാകാത്തത് പ്രതിസന്ധിയാണെന്ന് ഡോ. ജയന്തി.

ഭാഗം1 : ബാലമരണങ്ങൾ തുടർക്കഥയാകുമ്പോൾ

ഭാഗം 2: പ്രസവാനന്തര വിഷാദം എന്ന നീരാളിക്കൈ

ഭാഗം 3: മനസിന്‍റെ തിരിച്ചറിയാത്ത മായകൾ

ഭാഗം 4: പ്രസവാനന്തര വിഷാദത്തിനു കാരണങ്ങൾ പലത്

Trending

No stories found.

Latest News

No stories found.