

ജിമ്മിലും പോയില്ല ഡയറ്റും എടുത്തില്ല, 22 കിലോ ഭാരം കുറച്ച് യുവതി
ശരീര ഭാരം കുറയ്ക്കാൻ കുറച്ചൊന്നും അല്ല ബുദ്ധിമുട്ടേണ്ടത്. ജിമ്മിൽ മണിക്കൂറുകളോളം ചെലവഴിച്ചാലും കടുത്ത ഡയറ്റ് പിന്തുടർന്നാലും ചിലപ്പോൾ നമ്മൾ വിചാരിക്കുന്ന ഫലം കണ്ടെന്ന് വരില്ല. എന്നാൽ ജിമ്മിൽ പോവുകയോ ഡയറ്റ് എടുക്കാതെയും ശരീരഭാരം കുറക്കാനാവും. നമ്മുടെ ജീവിത ശൈലിയിൽ ചെറിയ മാറ്റം വരുത്തേണ്ട കാര്യം മാത്രമാണുള്ളത് എന്നാണ് കണ്ടന്‍റ് ക്രിയേറ്ററും വെയിറ്റ് ലോസ് കോച്ചുമായ നേഹ പരിഹർ പറയുന്നത്.
22 കിലോ ഭാരമാണ് പട്ടിണി കിടക്കാതെ നേഹ കുറച്ചത്. 75 കിലോയിൽ നിന്ന് 53 കിലോയിലേക്കുള്ള തന്‍റെ വെയിറ്റ് ലോസ് യാത്രയേക്കുറിച്ച് നേഹ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താൻ ഭാരം കുറക്കാനായി ഭക്ഷണം കഴിക്കാതിരിക്കുകയോ പട്ടിണി കിടക്കുകയോ ചെയ്തിട്ടില്ല എന്നാണ് നേഹ പറഞ്ഞത്. ദിവസം മൂന്ന് നേരം ഭക്ഷണവും ഒരു നേരം സ്നാക്കും കഴിച്ചു. പോഷൻ കൺട്രോൾ ആണ് നേഹ പിന്തുടർന്നത്. പ്രോട്ടീനും ഫൈബറും ഭക്ഷണത്തിൽ ഉറപ്പാക്കി. ഭക്ഷണം കഴിക്കാതിരിക്കുന്നത് മെറ്റബോളിസം കുറയ്ക്കുമെന്നാണ് നേഹ പറയുന്നത്.
പ്രോട്ടീനും ഫൈബറും ഭക്ഷണത്തിൽ ഉൾപ്പെടുത്തും എന്നല്ലാതെ പൂർണമായി ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കാറില്ല. ചീറ്റ് ഡേയിൽ വാരി വലിച്ച് ഭക്ഷണം കഴിക്കുന്നതിന് പകരമായി ഡയറ്റിൽ 80:20 എന്ന അനുപാതം കൊണ്ടുവന്നു. ഇതിലൂടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും സാധിച്ചു എന്നാണ് നേഹയുടെ വാക്കുകൾ. രാത്രിയിൽ 7.30 നു തന്നെ ഭക്ഷണം കഴിക്കുന്നത് ശീലമാക്കി. മാത്രമല്ല രാത്രിയിൽ വളരെ ലൈറ്റായ ഭക്ഷണം ഉൾപ്പെടുത്തി.
നടത്തത്തിലൂടെ തനിക്ക് വലിയ മാറ്റം കൊണ്ടുവരാനായെന്നും നേഹ അവകാശപ്പെടുന്നു. ട്രെഡ്മില്ലിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിന് പകരം ദിവസം നടത്തത്തിനായി അര മണിക്കൂർ നേരം മാറ്റിവെച്ചു. പ്രത്യേകിച്ച് രാത്രി ഭക്ഷണത്തിന് ശേഷമുള്ള നടത്തം നല്ല മാറ്റമുണ്ടാക്കി എന്നാണ് നേഹ പറയുന്നത്.