
പൊയ്ക്കാലിൽ ആടുന്ന ഗുളികൻ, തളർന്നു വീഴുന്ന കുട്ടിച്ചാത്തൻ|ചാന്തുറയുന്ന തെയ്യക്കാലം-2
നീതു ചന്ദ്രൻ
കഥ പറഞ്ഞു തീർന്നപ്പോഴേക്കും തറയ്ക്കരികിൽ ഗുളികന്റെ വെള്ളാട്ട് തുടങ്ങിയിരുന്നു. ഉറക്കെ ആർത്തു വിളിച്ച് മുഖം മുഴുവൻ രൗദ്രഭാവവുമായി മുറ്റത്തിന്റെ ഓരോ കോണുകളിലൂടെയും വെള്ളാട്ട് ചുവടു വച്ചു. കണ്ണുരുട്ടിയുള്ള നോട്ടം വന്നു വീഴുന്നവരെല്ലാം അറിയാതെയെന്നോണം എഴുന്നേറ്റു നിന്ന് കൈകൂപ്പി. തൃപ്തിയോടെ വെള്ളാട്ട് അനുഗ്രഹം ചൊരിഞ്ഞു.
ദേവസ്ഥാനത്തിനു ചുറ്റുമുള്ള മരങ്ങളുടെ ചില്ലകൾക്കിടയിൽ ഇരുട്ട് കൂടു കൂട്ടി. മുറ്റത്ത് വെളിച്ചം വിതറുന്ന ഹൈ മാസ്റ്റ് ലൈറ്റ്. തോറ്റം പാടിക്കൊണ്ട് പാളിക്കുട്ടിച്ചാത്തനെ ഒരുക്കാൻ തുടങ്ങിയിരിക്കുന്നു. ഉടയാടകളും ആഭരണങ്ങളും അണിയുന്നതിനൊപ്പം നിർത്താതെ മന്ത്രങ്ങൾ ഉരുവിടാറുണ്ട് കോലധാരികൾ. അരികിൽ നിൽക്കുന്ന സഹായികളുടെ സംഘം തോറ്റംപാട്ട് താളത്തിൽ ഉരുവിട്ടു കൊണ്ടിരുന്നു. ഒരുക്കം കഴിയുന്നതോടെ തികച്ചും ദൈവികമായൊരു ഭാവമാറ്റം പ്രകടമാകും.
കുട്ടിച്ചാത്തന്റെ ബാലരൂപമാണ് പാളിക്കുട്ടിച്ചാത്തൻ. കുസൃതി മാറാത്ത പ്രായം. താളം മുറുകിയതിനൊപ്പം ഹൈ മാസ്റ്റ് ലൈറ്റ് അണഞ്ഞു. കുട്ടിച്ചാത്തന്റെ കളിയാട്ടം കാണാനുള്ള മോഹം കൊണ്ട് തിക്കിത്തിരക്കി നിന്നവരെ ഭയപ്പെടുത്തിക്കൊണ്ട് പെട്ടെന്ന് കുട്ടിച്ചാത്തൻ ആർത്തുവിളിച്ച് ഓടിയെത്തി. ക്യാമറയും ഫോണുമായി കളിയാട്ടം പകർത്തിയെടുക്കാൻ കച്ച കെട്ടി നിന്നവരെല്ലാം ഞെട്ടിത്തിരിഞ്ഞോടി. മുറ്റത്തൊരു കോണിൽ കൂട്ടിയിട്ട് കത്തിച്ച ചൂട്ട് കറ്റകൾ കാല് കൊണ്ട് തട്ടിത്തെറിപ്പിച്ച് തീപ്പൊരികൾ പാറിച്ച് പാളിക്കുട്ടിച്ചാത്തൻ പാഞ്ഞു നടന്നു.
ഐതിഹ്യം ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടിച്ചാത്തനെക്കുറിച്ച് മറ്റു ചില കഥകളും പ്രചാരത്തിലുണ്ട്. ദേവസ്ഥാനത്തിന് തൊട്ടരികിലായി ഒരുക്കിയ അന്നദാനത്തിനു വേണ്ടി കിണ്ണവുമായി കാത്തു നിൽക്കുമ്പോൾ ഒപ്പമുണ്ടായിരുന്നവളാണ് മറ്റൊരു കഥ പറഞ്ഞത്. നമ്പൂതിരിക്കും അവർണ സ്ത്രീക്കും പിറന്ന കുട്ടിയാണ് കുട്ടിച്ചാത്തനെന്നാണ് ആ കഥ. അവിഹിതത്തിൽ പിറന്നതു കൊണ്ട് കുട്ടിയെ രഹസ്യമായി വളർത്തിയെന്നും അവൻ വളർന്നപ്പോൾ വീട്ടിലെ നെല്ലും അരിയും കവർന്ന് ദരിദ്രർക്ക് നൽകിയെന്നുമാണ് അതിലൊന്ന്.
അവിഹിതത്തിൽ പിറന്നതു കൊണ്ട് കുട്ടിച്ചാത്തന് അവഗണന പതിവായിരുന്നുവെന്നും ഒരിക്കൽ ദാഹിച്ചപ്പോൾ ആരും വെള്ളം കൊടുത്തില്ലെന്നും കുപിതനായ ചാത്തൻ കാളയെ അറുത്ത് ചോര കുടിച്ച് നാടു വിട്ടുവെന്നുമാണ് മറ്റൊരു കഥ.
എന്തു തന്നെയായാലും മറ്റനേകം തെയ്യങ്ങളെപ്പോലെ തന്നെ അവഗണനയുടെ തീച്ചൂളയിൽ നിന്നാണ് കുട്ടിച്ചാത്തൻ സകലരെയും കാത്തുരക്ഷിക്കുന്ന ദൈവമായി ഉയിർത്തെഴുന്നേറ്റ് വന്നത് എന്ന കാര്യത്തിൽ മാത്രം മാറ്റമില്ല.
സ്റ്റീൽ പാത്രത്തിൽ വെളുത്ത ചോറും അരികിൽ തലശേരി രുചിയുള്ള കറികളും നിറഞ്ഞു. അരികിൽ ഒരു വലിയ കുട്ടകത്തിൽ നിറച്ചു വച്ചിരിക്കുന്ന പായസവും കുടിച്ചിട്ടാണ് തിരിച്ചു പോകുന്നത്.
"ഇനി പുലരും വരെ കാര്യമായ തിറകളൊന്നുമില്ല. വേണമെങ്കിൽ ഒന്നു മയങ്ങാം. പക്ഷേ, കിടക്കാനൊന്നും സൗകര്യമില്ല, കസേരയേയുള്ളൂ....''
ചോറു വിളമ്പുന്നതിനിടയിൽ നാട്ടുകാരിൽ ചിലർ പരസ്പരം പറഞ്ഞു.
യാമങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു. ദേവസ്ഥാനത്തിന്റെ അരികിലായി കെട്ടിയുണ്ടാക്കിയ താത്കാലിക മുറിയിൽ തെയ്യങ്ങൾ മുഖത്തെഴുത്ത് തുടർന്നു. പാതിരാത്രിയിൽ ഉറക്കത്തിൽപ്പെട്ടു പോയവരെ ഉണർത്താനെന്നോണം ഇടയ്ക്കിടെ കതിനകൾ പൊട്ടി. ആടിത്തൂങ്ങിയിരിക്കുന്നവർക്ക് ഉന്മേഷം പകരാൻ ഇളം മധുരം ചേർത്ത കടുംകാപ്പിയും കൊറിക്കാൻ ചെറുപലഹാരവും നിർബന്ധിച്ചു നൽകുന്ന ഉത്സവ കമ്മിറ്റിക്കാർ. നേരം പുലർച്ചെ രണ്ട് മണി കഴിഞ്ഞു. കുരുത്തോലകൾ കൊണ്ട് അലങ്കരിച്ച ആറടിയിലേറെ ഉയരമുള്ള കൂറ്റൻ മുടിയണിഞ്ഞ് ഗുളികൻ തിറ അവതരിച്ചു.
വടക്കൻ കേരളത്തിൽ ആരാധിക്കുന്ന ഉഗ്രമൂർത്തിയാണ് ഗുളികൻ. അഷ്ടനാഗങ്ങളിൽ ഒന്നാണെന്നും വിശ്വാസമുണ്ട്. മാർക്കണ്ഡേയനെ സംരക്ഷിക്കുന്നതിനായി പരമശിവൻ കാലനെ തൃക്കണ്ണ് തുറന്ന് ഭസ്മമാക്കിയതുമായി ബന്ധപ്പെട്ടതാണ് ഗുളികന്റെ കഥ. കാലൻ ഇല്ലാതായതോടെ ഭൂമിയിൽ മരണം ഇല്ലാതായി. ഭാരം സഹിക്കാനാകാതെ ഭൂമിദേവി പ്രാർഥനയുമായി ഭഗവാന്റെ അരികിലെത്തി. പരമശിവൻ ഇടംകാലൊന്നമർത്തിച്ചവിട്ടിയപ്പോൾ പെരുവിരൽ പൊട്ടിപ്പിളർന്ന് ക്ഷിപ്ര കോപിയായ ഗുളികൻ പിറന്നുവെന്നാണ് ഐതിഹ്യം.
യമൻ, അന്തകൻ എന്നെല്ലാം ഗുളികന് പേരുകളുണ്ട്. മനുഷ്യന്റെ ജനനം മുതൽ മരണം വരെ നല്ലതും ചീത്തയുമായ എല്ലാ കാര്യങ്ങളിലും ഗുളികന്റെ സാന്നിധ്യമുണ്ടെന്നും, ഗുളികന്റെ നോട്ടമെത്താത്ത ഇടമില്ലെന്നുമാണ് വിശ്വാസം. തെയ്യക്കാവിൽ ദേവസ്ഥാനത്തിന്റെ സംരക്ഷകനായി മഴയും വെയിലുമേറ്റ് തറയിലാണ് ഗുളികനെ പ്രതിഷ്ഠിക്കുന്നത്.
ചെണ്ട മേളത്തിനൊപ്പമുള്ള ചുവടുവയ്പ്പിനിടെ ഗുളികൻ ക്ഷേത്ര മതിലിലേക്ക് ചാരിവച്ച പൊയ്ക്കാലുകൾ കൈക്കലാക്കി. പിന്നെ മേളത്തിനൊപ്പം താളത്തിൽ പൊയ്ക്കാലുകളിലേക്ക് പാഞ്ഞുകയറി. നീളൻ പൊയ്ക്കാലുകളും അതിനെക്കാളേറെ ഉയരമുള്ള മുടിയും പിഴയ്ക്കാത്ത ചുവടുകളും.... ആകാശത്തിന്റെ ഇരുളിമയിലേക്ക് ഉയർന്നു നിൽക്കുന്ന കുരുത്തോല കെട്ടിയ മുടി. മൊബൈൽ ഫോണിന്റെ ഫ്രെയിമുകളിൽ ഒതുങ്ങാത്ത വിധം തിറയുടെ ഗാംഭീര്യം കൂടിക്കൊണ്ടിരുന്നു.
പുലർച്ചയോടെയാണ് ചാന്ത് കുട്ടിച്ചാത്തന്റെ തിറ. കുട്ടിച്ചാത്തന് ചാന്ത് ചാർത്തുന്ന മുഹൂർത്തം ഒന്നു കൂടി കാണാനാണ് നാട്ടുകാർ ഒരു വർഷം മുഴുവൻ കാത്തിരിക്കുന്നത്.
""ഫോട്ടോ എടുക്കണമെങ്കിൽ ആദ്യമേ ഇടം പിടിക്കണം, ഇല്ലെങ്കിൽ ഒന്നും കാണാൻ പറ്റില്ല'', ഒപ്പമുണ്ടായിരുന്നയാൾ ആദ്യമേ ചട്ടം കെട്ടി.
നോട്ടീസിൽ പറഞ്ഞ സമയമാകാൻ തുടങ്ങിയതോടെ ആളും തിരക്കും കൂടി വന്നു. 390 കുട്ടിച്ചാത്തന്മാരിൽ ഒരാൾ. വടക്കൻ മലബാറിൽ വെറും മൂന്നു ക്ഷേത്രങ്ങളിൽ മാത്രമേ ചാന്ത് കുട്ടിച്ചാത്തൻ തെയ്യമുള്ളൂ; ശിവന്റെയും മഹാവിഷ്ണുവിന്റെയും ഭാവങ്ങൾ ഒന്നിച്ചുള്ള തിറയാണ് ചാന്ത് കുട്ടിച്ചാത്തൻ. ഉഗ്ര ഭാവമാണ്. വ്രതമെടുത്താണ് ചാന്ത് കുട്ടിച്ചാത്തനു വേണ്ടി തയാറെടുക്കുന്നത്. ഓരോ തെയ്യത്തിനും ഓരോ തരത്തിലാണ് വ്രതം. തെയ്യത്തിന്റെ തലപ്പാളിയിലും ആടയാഭരണങ്ങളിലുമെല്ലാം വ്യത്യാസമുണ്ടാകും. ചിലയിടങ്ങളിൽ തെയ്യത്തിന് കോഴിയെ നേദിക്കും, ചിലയിടങ്ങളിൽ മദ്യവും. അതൊക്കെ മനസിലാക്കിയാണ് വ്രതമെടുക്കുന്നത്.
നാലാം ക്ലാസ് മുതൽ തെയ്യം കെട്ടിയാടുന്ന ജിഷിത്ത് മുന്നൂറ്റാൻ ചാന്ത് കുട്ടിച്ചാത്തന്റെ ചരിത്രം പറഞ്ഞു:
""ആർക്കും പിടിച്ചാൽ കിട്ടാത്ത കുട്ടിച്ചാത്തനാണ് ചാന്ത് കുട്ടിച്ചാത്തൻ. ആരു പറഞ്ഞാലും അനുസരിക്കില്ല. മന്ത്രവാദികളെ പോലെയുള്ള ശക്തികളും ബുദ്ധിയും. നിവൃത്തിയില്ലാതെ വന്നതോടെ ചില അപൂർവ മരുന്നുകൾ ചാലിച്ച് കാലിലും നെറ്റിയിലും ചാർത്തി തളർത്തിയാണ് ചാന്ത് കുട്ടിച്ചാത്തനെ തളച്ചതെന്നാണ് ഐതിഹ്യം''.
കുട്ടിച്ചാത്തനെ മെരുക്കാൻ കാളകാട്ടച്ഛനും ബ്രാഹ്മണന്മാരും കൂടി 41 ദിവസം വ്രതമെടുത്ത് ഇരുവേലി, രാമച്ചം, കുങ്കുമം, ഗോരോചനം, കസ്തൂരി, മഞ്ഞൾ, ചേറ് എന്നിവയെല്ലാം അരച്ച് പ്രത്യേകതരം ചാന്തുണ്ടാക്കും. അരച്ചുണ്ടാക്കിയ ചാന്ത് ആദ്യം ക്ഷേത്രത്തിൽ കൊണ്ടുവന്ന് പൂജിക്കും. പൂജാരി ആ ചാന്ത് കോമരത്തിനു കൊടുക്കും. ചാന്ത് ഏറ്റു വാങ്ങുന്നതു മുതൽ കോമരവും ഉറഞ്ഞു തുടങ്ങുമെന്ന് ഉത്സവ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.സി. സദാനന്ദൻ മുൻകൂട്ടി പറഞ്ഞു വച്ചു. പറഞ്ഞതു പോലെ തന്നെ പൂജിച്ച ചാന്തുമായെത്തിയ പൂജാരിയും അതു വാങ്ങാനെത്തിയ കോമരവും ഒരുപോലെ ഉറഞ്ഞു.
ശ്രീകോവിലിനു മുന്നിൽ മുറ്റത്തു നിന്നൽപ്പം മാറി ചെറുപ്പക്കാർ ചൂട്ടുകറ്റകൾ ഒന്നിനു മേലെ ഒന്നായി കൂട്ടിയിട്ടു കത്തിച്ചു. ഉറക്കം മറന്ന് തിക്കും തിരക്കും കൂട്ടുന്ന ഭക്തർ. അമ്പലത്തിന്റെ ചവിട്ടു പടികളിൽ ചാരിയിരുന്ന് ഉറക്കം തൂങ്ങിയിരുന്ന പെൺകുട്ടികൾ അര മതിലിനു മുകളിലേക്കും കസേരയ്ക്കു മുകളിലേക്കും വലിഞ്ഞു കയറി ആഞ്ഞു നോക്കി. സെൽഫി സ്റ്റിക്കുകൾ തലയ്ക്കു മുകളിലേക്ക് നീണ്ടു വന്നു. ആകാശത്തൊരു ഡ്രോൺ ക്യാമറ വട്ടം ചുറ്റി.
"തിരക്കു കൂട്ടാൻ വയ്യ, ചാന്ത് തൊടുന്നത് ഫോണിൽ പിടിച്ചിട്ട് എല്ലാം കൂടി അവസാനം ഒന്നു കാണിച്ച് തരണേ'', പ്രായമേറിയ ഭക്തർ തിരക്കിൽ നിന്ന് ഇത്തിരി മാറി ആശ്വാസത്തോടെ കാലു നീട്ടിയിരുന്ന് ചെറുപ്പക്കാരോട് ആവശ്യം പറഞ്ഞു.
കൗതുകം സഹിക്കാനാകാതെ ചിലർ ഉയർത്തിപ്പിടിച്ച മൊബൈലിന്റെ സ്ക്രീനിൽ പതിയുന്ന ദൃശ്യങ്ങളിലേക്ക് മിഴി നട്ടു. തിരക്കിനിടയിലൂടെ കുട്ടികളിൽ ചിലർ നൂണ്ടു കയറി. കുട്ടിച്ചാത്തനു മുന്നിൽ കത്തിച്ചിട്ട ചൂട്ടു കറ്റയുടെ ചൂട് സഹിക്കാനാകാതെ ചിലർ മുഖം അമർത്തിത്തുടച്ചു. ഇരു കൈകളിലും പന്തങ്ങളേന്തി ചാന്ത് കുട്ടിച്ചാത്തൻ രൗദ്രഭാവത്തിൽ ചുവടുകൾ വച്ചു. കലിയടങ്ങാതെ പീഠത്തിനു മുകളിൽ കയറി നിന്ന് വട്ടം തിരിഞ്ഞു. പീഠത്തിൽ നിന്നിറങ്ങി തീനാളങ്ങൾക്കു മുകളിലേക്ക് ഓടിക്കയറി. ഒന്നൊഴിയുമ്പോൾ ഒന്നെന്ന മട്ടിൽ ഒപ്പമുള്ളവർ ചൂട്ടുകറ്റകൾ കത്തിച്ചു പിടിച്ചു.
"ഇപ്പോ നോക്കിക്കോ... ചാന്ത് ഇപ്പോ തൊടും'', ചൂട്ടുകറ്റയുടെ ചൂടേറ്റു ചുവന്ന മുഖത്തോടെ ഭക്തരിലൊരാൾ പുറകിലേക്ക് നോക്കി വിശദീകരിച്ചു.
നീണ്ടു പോകുന്ന മൽപ്പിടുത്തം. ചാന്ത് പാദത്തിൽ തൊട്ടു, പിന്നെ നെറ്റിയിൽ....
കലി പൂണ്ട് നൃത്തമാടിക്കൊണ്ടിരുന്ന കുട്ടിച്ചാത്തൻ നൊടി നേരം കൊണ്ട് തളർന്ന് താഴേക്ക്.... സഹായികൾ ഇരു വശത്തും നിന്ന് കോലധാരിയെ താങ്ങി. കാത്തിരുന്ന നിമിഷം പൂർത്തിയായതിന്റെ തൃപ്തിയോടെ ഭക്തർ തിരിഞ്ഞു നടന്നു....
ചാന്ത് കുട്ടിച്ചാത്തൻ ഇനിയുമെത്താൻ ഒരു വർഷം കാത്തിരിക്കണം. ഇനിയും കത്തിത്തീരാത്ത ചൂട്ടു കറ്റകളിലെ തീപ്പൊരികൾക്കു മുകളിലേക്ക് സൂര്യപ്രകാശം വന്നു വീണു... നേരം പുലർന്നു.
തീനാളങ്ങൾക്കു മുകളിലൂടെ പായുന്ന ഉഗ്രരൂപി| ചാന്തുറയുന്ന തെയ്യക്കാലം-1