
തീനാളങ്ങൾക്കു മുകളിലൂടെ പായുന്ന ഉഗ്രരൂപിയായ 'ചാന്ത് കുട്ടിച്ചാത്തൻ'| ചാന്തുറയുന്ന തെയ്യക്കാലം-1
നീതു ചന്ദ്രൻ
പുലരിയുടെ നേർത്ത തണുപ്പ് പൊതിഞ്ഞു തുടങ്ങിയിരുന്നു... അതു വരെ നിറഞ്ഞു നിന്നിരുന്ന നിശബ്ദതയിലേക്ക് ചെണ്ടയുടെ താളം ഉതിർന്നു വീണു. അമ്പലത്തിന് ചുറ്റുമുള്ള അരഭിത്തികളിൽ ചാരിയിരുന്ന് ഉറക്കം പിടിച്ചവർ കണ്ണു തിരുമ്മി എഴുന്നേറ്റു. ശ്രീ കോവിലിനു മുന്നിലെ പീഠത്തിനരികിൽ ഇടമുറിയാതെ തോറ്റംപാട്ട്. ആടയാഭരണങ്ങളും തലപ്പാളിയും പൊയ്ക്കണ്ണും ചിലമ്പും അണിഞ്ഞ് വട്ടക്കണ്ണെഴുതി ഒരുങ്ങിയ തെയ്യം താളത്തിൽ ഇളകിക്കൊണ്ടിരുന്നു. കത്തിച്ച ചൂട്ടുകറ്റകൾ മുഖത്തെഴുത്തിന്‍റെ തെളിച്ചം കൂട്ടി. താളം മുറുകി, അതിനൊപ്പം കാൽച്ചിലമ്പുകൾ ഇളക്കി ഉറഞ്ഞു തുള്ളുന്ന തെയ്യത്തിനരികിലേക്ക് ഭക്തിയോടെയും അതിലധികം ഭയത്തോടെയും അടുക്കാനായുന്നവർ. ആളിക്കത്തുന്ന തീനാളങ്ങൾക്കു മുകളിലൂടെ കലിപൂണ്ട് ഓടിക്കയറിയിറങ്ങുന്ന ഉഗ്രരൂപിയായ ചാന്ത് കുട്ടിച്ചാത്തൻ.
പുലരിയോളം ഒന്ന് തല ചായ്ക്കാൻ പോലും മെനക്കെടാതെ ഉറക്കത്തെ പിടിച്ചു കെട്ടി കാത്തു നിന്നത് ഈ ഉഗ്രരൂപത്തിന്‍റെ വെളിച്ചപ്പെടലിനു വേണ്ടിയായിരുന്നു. നെറ്റിയിലും പാദങ്ങളിലും ചാന്ത് അണിയുമ്പോൾ കോപമൊഴിഞ്ഞ് തളർന്നു വീണു പോകുന്ന അത്യപൂർവ കളിയാട്ടം കാണാൻ.
തെയ്യക്കാലം അവസാനിക്കാറായപ്പോൾ, മീനമാസത്തിലെ അവസാന ദിവസങ്ങളിലാണ് തലശേരിയിലെത്തിയത്. പോക്കുവെയിൽ മങ്ങിത്തുടങ്ങിയിരുന്നു. മഞ്ഞളാമ്പ്രത്ത് കല്യാടൻ ദേവസ്ഥാനത്തിന്‍റെ മുറ്റത്തിനോടു ചേർന്നിട്ട പന്തൽനിറഞ്ഞിരുന്നു. മുറ്റത്തിനു ചുറ്റുമുള്ള, സിമന്‍റ് തേച്ച് മിനുക്കിയ അരമതിലിൽ ഇടംപിടിച്ചപ്പോഴേക്കും വെള്ളാട്ട് തുടങ്ങിയിരുന്നു. കുട്ടിച്ചാത്തന്‍റെ അഥവാ ശാസ്തപ്പന്‍റെ വെള്ളാട്ട്. ഓരോ തെയ്യത്തിനും ഓരോ വെള്ളാട്ടം അഥവാ വെള്ളാട്ടുമുണ്ടായിരിക്കും അതാത് തെയ്യത്തിന്‍റെ കുട്ടിക്കാലമാണ് വെള്ളാട്ട്. അതിനു ശേഷമേ തെയ്യമെത്തൂ.... സംശയം ചോദിച്ചപ്പോൾ തൊട്ടടുത്തിരുന്ന തലശേരിക്കാരി വിശദമായി തന്നെ പറഞ്ഞു തന്നു. കാൽപ്പാദത്തോളം നീളമുള്ള മുടി, ചുവന്ന ആടകൾ കൈകളിൽ അനേകം തളകൾ, ചിലമ്പ് കെട്ടാത്ത കാൽപ്പാദങ്ങൾ, മാറിൽ ഒന്നിലധികം പൂമാലകൾ. ശാസ്തപ്പന്‍റെ വെള്ളാട്ട് സ്ത്രീരൂപത്തിലാണ്. മോഹിനിയായാണ് എത്തുന്നത്. മുഖത്ത് മഞ്ഞപ്പൊടി ഒപ്പി കണ്ണും പുരികവും എഴുതി തലപ്പാളിപ്പട്ടും കൊരലാരവും കെട്ടിയാണ് വരുന്നത്. ചെണ്ടമേളം മുറുകുന്നതിനൊപ്പം വെള്ളാട്ട് ക്ഷേത്ര മുറ്റത്ത് താളത്തിൽ ചുവടുകൾ വച്ചു. മേളം മുറുകുന്നതിനനുസരിച്ച് ആട്ടത്തിന്‍റെ വേഗവും കൂടി. ക്ഷേത്ര മുറ്റത്ത് ദൈവ കാരണവന്മാരെ ആവാഹിച്ച് പ്രതിഷ്ഠിച്ചിരുന്ന തറകൾ പ്രദക്ഷിണം വച്ചെത്തുന്ന വെള്ളാട്ട്; അനുഷ്ഠാനങ്ങളെല്ലാം പൂർത്തിയാക്കി ക്ഷേത്രമുറ്റത്തെ പീഠത്തിൽ ഇരിപ്പായി. പിന്നെ അനുഗ്രഹം തേടിയെത്തുന്നവരുടെയും സങ്കടം പറയാനെത്തുന്നവരുടെയും തിരക്കായി.
"ശാസ്തപ്പൻ കൂടെയുണ്ട്... നീ ഒട്ടും പേടിക്കണ്ട, സങ്കടം വരുമ്പോൾ ശാസ്തപ്പനെ വിളിച്ചാൽ മതി....''
കാണാനെത്തിയ കുഞ്ഞുഭക്തനെ ചേർത്ത് പിടിച്ച് കണ്ണിലെ കരിമഷിയിൽ ഒന്നു തൊട്ട് നെറ്റിയിൽ ഒരു പൊട്ടു ചാർത്തിക്കൊടുത്തു വെള്ളാട്ട്.
കുട്ടിച്ചാത്തൻ തെയ്യങ്ങളുടെ മറ്റു പേരുകളാണ് കുട്ടി ശാസ്തൻ, ശാസ്തപ്പൻ എന്നെല്ലാം. മലബാറിലെ വിശ്വാസമനുസരിച്ച് പതിനെട്ട് ബ്രാഹ്മണ കുടുംബങ്ങൾ പണ്ടു മുതലേ ആരാധിച്ചു പോരുന്ന മൂർത്തി. അനുഗ്രഹം തേടിയെത്തുന്നവരുടെ നീണ്ട വരിയുണ്ട് പിന്നിൽ. വെള്ളാട്ടിനു മുന്നിൽ തിരക്കേറിയപ്പോൾ അരഭിത്തിയിലേക്ക് കാലു കയറ്റി വച്ച് തലശേരിക്കാരി പണ്ടു മുതൽ കേട്ട് പരിചയമുള്ള കഥ വിശദമായി തന്നെ പറയാൻ തുടങ്ങി. ശിവനും പാർവതിയും വള്ളുവനും വള്ളുവത്തിയുമായി അവതരിച്ചപ്പോൾ പിറന്ന കുഞ്ഞാണ് കുട്ടിച്ചാത്തൻ. കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് മക്കളില്ലാത്തതു കൊണ്ട് ഭഗവാൻ ഇരുവർക്കും മകനായി കുട്ടിച്ചാത്തനെ കൊടുത്തു. കുട്ടിച്ചാത്തൻ കുട്ടിക്കാലം മുതലേ വൻ വികൃതിയായിരുന്നു. പക്ഷേ, അസാമാന്യമായ ബുദ്ധിവൈഭവമുണ്ടായിരുന്നു. പഠിക്കാനയച്ചപ്പോൾ ഗുരുവിനെ അനുസരിക്കാനും കുട്ടിച്ചാത്തൻ മടി കാണിച്ചു. ഗുരു കുളിക്കാൻ പോയ തക്കം തോന്നി ചാത്തൻ ഗുരുവിന്‍റെ ഗ്രന്ഥം വായിച്ചു, അതു കണ്ട ഗുരു കുട്ടിച്ചാത്തനെ ശിക്ഷിച്ചു. കാഞ്ഞിരവടി പൊട്ടുവോളം അടിച്ചു. അതിൽ കുപിതനായ കുട്ടിച്ചാത്തൻ ഗുരുവിനെ വെട്ടിക്കൊന്ന് പഠിപ്പ് മതിയാക്കി സ്ഥലം വിട്ടെന്നാണ് കഥ.
ചാത്തന്‍റെ വികൃതി കൂടിയപ്പോൾ കാളകാട്ടച്ഛൻ അവനെ കാലി മേയ്ക്കാൻ അയച്ചു. ഇല്ലത്തേക്ക് കയറാൻ പാടില്ലെന്നും പറഞ്ഞു. പക്ഷേ, അമ്മയെ കാണാൻ കൊതി തോന്നിയപ്പോൾ ചാത്തൻ ഇല്ലത്തെത്തി. പാൽക്കിണ്ടിയിൽ പാൽ വേണമെന്നായിരുന്നു ചാത്തന്‍റെ ആവശ്യം. പക്ഷേ, ഇല്ലത്തമ്മ നിഷേധിച്ചു. അതോടെ കലി പൂണ്ട ചാത്തൻ തിരിച്ചു പോയെന്നും കാളകാട്ടച്ഛൻ എന്നും കണി കാണാനായി വളർത്തിയിരുന്ന ചെങ്കൊമ്പൻ കാളയെ കൊന്ന് അതിന്‍റെ ചോര കുടിച്ച് ദാഹം തീർത്തെന്നുമാണ് ഐതിഹ്യം. മാത്രമല്ല, ഇല്ലത്തേക്ക് തിരിച്ചെത്തി ഇല്ലത്തമ്മയുടെ നേർക്ക് കല്ലെറിയുകയും ചെയ്തു. അതോടെ കാളകാട്ടച്ഛൻ മറ്റുള്ളവരുടെ സഹായത്തോടെ ചാത്തനെ പിടിച്ചു കെട്ടി വെട്ടി. എത്ര വെട്ടിയിട്ടും ചാകുന്നില്ലെന്ന് വന്നതോടെ ബ്രാഹ്മണരെ വിളിച്ചു വരുത്തി 21 ഹോമകുണ്ഡം തീർത്തു. ചാത്തനെ 390 കഷണങ്ങളാക്കി നുറുക്കി ഹോമകുണ്ഠത്തിലിട്ടു. ഓരോ കഷ്ണങ്ങളിൽ നിന്നും ഓരോ ചാത്തന്മാർ പുനർജനിച്ചു; ഉഗ്രരൂപിയായ ചാത്തന്മാർ ഹോമകുണ്ഠത്തിനു മുകളിൽ നൃത്തം ചെയ്തു. അവരെല്ലാം ചേർന്ന് കാളകാട്ടില്ലവും അടുത്തുള്ള ബ്രാഹ്മണ ഇല്ലങ്ങളും ചുട്ടുകരിച്ചു. കലി പൂണ്ട ചാത്തനെ അനുനയിപ്പിക്കുന്നതിനാണ് തെയ്യമായി കെട്ടിയാടുന്നതെന്ന് കഥ.
അപ്പോഴേക്കും ദേവസ്ഥാനത്തിന്‍റെ മുറ്റത്ത് ഏഴോളം ശാസ്തപ്പൻ വെള്ളാട്ടുകൾ ഒരുങ്ങിയെത്തിയിരുന്നു. ഇത് നേർച്ച വെള്ളാട്ടുകളാണ്. ഭക്തർ ആഗ്രഹപൂർത്തിക്കു വേണ്ടി വെള്ളാട്ട് നടത്താമെന്ന് നേർച്ച നേരും. അങ്ങനെയുള്ള പതിനാലോളം നേർച്ചയാണുള്ളത്. അവർക്കു വേണ്ടിയാണ് ഒന്നിലധികം പേർ ഒരുങ്ങിയെത്തിയിരിക്കുന്നത്. ചുവന്ന വസ്ത്രവും നീണ്ട കാർകൂന്തലും ഒരു പോലെയുള്ള ചുവടുകളും കലാശങ്ങളും കൈ മുദ്രകളും. വെള്ളാട്ടക്കോലങ്ങൾ മുറ്റം നിറയെ ആടിത്തിമിർക്കുകയാണ്. നേർച്ച നടത്തുന്നവർ പീഠത്തിലിരിപ്പുറപ്പിച്ച വെള്ളാട്ടിനു മുന്നിൽ ചെന്ന് അനുഗ്രഹം തേടി.
ശാസ്തപ്പന്‍റെ കഥ ഒന്നിൽ അവസാനിക്കുന്നതല്ല, ചെറിയ ചില വ്യത്യാസത്തോടെ വേറെയും കഥകളുണ്ട്. വെള്ളാട്ടിലേക്ക് മിഴി നട്ടിരിക്കുന്നതിനിടെ, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്‍റെ അമ്മ തനിക്കറിയാവുന്ന മറ്റു ചില കഥകൾ കൂടി പറഞ്ഞു തന്നു. കുട്ടിച്ചാത്തൻ പിറന്നപ്പോഴത്തെ കഥയാണ് അതിലൊന്ന്.
""അമ്മയുടെ പാല് കുടിച്ചിട്ടും, പശുവിൽപാല് കുടിച്ചിട്ടും കുട്ടിയുടെ ദാഹം മാറിയില്ലത്രേ. തൊട്ടടുത്തുള്ള ഇല്ലത്തു നിന്ന് പാല് കടം വാങ്ങാൻ പോയവരെ ആ ഇല്ലത്തുള്ളവർ അധിക്ഷേപിച്ചു. അതിൽ കുപിതനായ കുട്ടിച്ചാത്തൻ ഇല്ലത്തിന് ശാപം ചൊരിഞ്ഞു. അതോടെ അവിടത്തെ വെളുത്ത പശുക്കളെല്ലാം വെൺകല്ലും ചുവന്ന പശുക്കളെല്ലാം ചെങ്കല്ലും കറുത്ത പശുക്കളെല്ലാം കരിങ്കല്ലുമായി മാറി. കറന്ന പാലൊക്കെ വെള്ളവും ചോരയുമായി മാറി. അതു കണ്ട് ഭയന്ന ഇല്ലക്കാർ പ്രശ്നം വച്ചു നോക്കിയപ്പോൾ ബാലകന് പാൽ കൊടുക്കാതിരുന്നതിന്‍റെ ശാപമാണെന്നറിഞ്ഞു. പിന്നീട് പട്ടും വളയും കാപ്പും കൊടുത്ത് പ്രശ്നം പരിഹരിച്ചുവെന്നാണ് കഥ.
എന്തായാലും വിശ്വസിക്കുന്നവർക്ക് അനുഗ്രഹവും വിമർശിക്കുന്നവർക്കു ദുരിതവും വിതയ്ക്കുന്ന ഉഗ്രമൂർത്തിയാണ്.... അങ്ങനെ ഹോമകുണ്ഡത്തിൽ നിന്ന് പുനർജനിച്ചു വന്ന 390 കുട്ടിച്ചാത്തന്മാരിൽ പെട്ടവരാണ് പൂക്കുട്ടിച്ചാത്തനും മണിക്കുട്ടിച്ചാത്തനും കരിങ്കുട്ടിച്ചാത്തനും പാളിക്കുട്ടിച്ചാത്തനും ചാന്ത് കുട്ടിച്ചാത്തനുമെല്ലാം... അതിൽ ചാന്ത് കുട്ടിച്ചാത്തൻ കാണേണ്ടത് തന്ന്യാ, പക്ഷേ പുലർച്ച വരെ കാത്തിരിക്കണം, അതാ പ്രശ്നം....''
ഇരുന്നിരുന്ന് മരവിച്ചു പോയ ഇടങ്കാലിൽ തിരുമ്മിക്കൊണ്ട് അവർ നെടുവീർപ്പിട്ടു.
ഉച്ചയോടെ ആചാരാനുഷ്ഠാനങ്ങളോടെ കാവിൽ കയറിയാൽ പിന്നെ സമയം പോകുന്നതൊന്നുമറിയാതെ ദേവസ്ഥാനത്തിന്‍റെ മുറ്റത്ത് വെള്ളാട്ടും തിറയും വന്നു പോയിക്കൊണ്ടിരിക്കും. ഒരു രാത്രി മുഴുവൻ ക്ഷേത്രം ഉറങ്ങാതെ തിരിയണയാതെ അതു കാണാനായി ഉണർന്നിരിക്കും.