

പച്മഡി, മധ്യപ്രദേശ്.
VK Sanju
AI generated summary, newsroom reviewed
വി.കെ. സഞ്ജു
അടുത്ത ദിവസത്തെ യാത്രയ്ക്ക് അർബേനിയ വരാൻ ഹോട്ടലിന്റെ ലോബിയിൽ കാത്തിരിക്കുമ്പോഴും സംസാരം കറങ്ങിത്തിരിഞ്ഞ് കേരളത്തെക്കുറിച്ചായി. ഇവിടെ എക്സ്ട്രീം പൊളിറ്റിക്സാണെന്ന് മറുനാടൻ മലയാളികൾക്ക് അഭിപ്രായമുണ്ട്, ഗുജറാത്തിൽ സട്ടിൽ പൊളിറ്റിക്സും! കേരളത്തിലെ സിനിമയും പാട്ടുമൊക്കെ മുഴുവൻ മനസിലായില്ലെങ്കിലും ആസ്വദിക്കുന്നവരാണ് കൂടെയുണ്ടായിരുന്ന ഉത്തരേന്ത്യക്കാരിൽ പലരും. അതിൽ ചിലരെങ്കിലും ഇഷ്ടപ്പെട്ട മലയാളം സിനിമ എന്നു പറഞ്ഞ ചിലതൊക്കെ തമിഴായിരുന്നു!
വൈകിയെത്തിയ വണ്ടിയുടെ ഡ്രൈവർ പുതിയ ആളാണ്. പഴയ ആൾ അടുത്ത ഹോട്ടലിൽ നിന്ന് ഗുജറാത്തുകാർ കയറാൻ വൈകിയതിന് കലിപ്പുണ്ടാക്കി ഇറങ്ങിപ്പോയത്രെ! ഈ കക്ഷി മൂന്നാറിൽ വന്ന കഥയും പറഞ്ഞു. കേരളത്തിലെ റോഡൊക്കെ കൊള്ളാം. പക്ഷേ, ഹൈവേകളിൽ സിഗ്നൽ വയ്ക്കുന്ന പരിപാടി ഇന്ത്യയിൽ മറ്റൊരിടത്തും കണ്ടിട്ടില്ലെന്ന് ഒരു കമന്റും പാസാക്കി.
സന്ദർശന സംഘത്തിലുണ്ടായിരുന്ന ഞങ്ങൾ മൂന്നോ നാലോ മല്ലൂസിനെ കണ്ട് ഉണ്ടായതല്ല മലയാളികളെക്കുറിച്ച് മധ്യ പ്രദേശുകാർക്കുള്ള ഇംപ്രഷൻ. 1950 മുതൽ മലയാളികൾ ധാരാളമായി കുടിയേറി പാർക്കുന്ന സ്ഥലമാണത്. സ്വന്തം വേരുകൾ ആഴ്ന്നു കിടക്കുന്ന നാടിന് അവരവിടെ ചീത്തപ്പേരുണ്ടാക്കിയിട്ടില്ല. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) തുടങ്ങിയ സമയത്ത് ജോലിക്കു പോയവരാണ് മധ്യ പ്രദേശിലെ ആദ്യതലമുറ മലയാളി കുടിയേറ്റക്കാർ. പഴയ തലമുറയിൽപ്പെട്ട പലർക്കും തിരിച്ചുവരാൻ ആഗ്രഹമുണ്ട്. പക്ഷേ, ഏറ്റവും പുതിയ തലമുറകളുടെ നാവിൻതുമ്പിൽ നിന്നു പോലും മലയാളം മാഞ്ഞു തുടങ്ങിയിരിക്കുന്നു. എങ്കിലും ദുർബലമായ ചില വേരുകൾ ശേഷിക്കുന്നു.
റെയ്സൻ ജില്ലയിലെ സുൽത്താൻപുരിനടുത്ത് മിനി കേരള എന്നും മല്ലു ഗ്രാം എന്നുമൊക്കെ അറിയപ്പെടുന്ന ഒരു ഗ്രാമം തന്നെയുണ്ട്. ഇത്ഖേഡി എന്നാണ് ശരിക്കുള്ള പേര്. ഏകദേശം 250 മലയാളി കുടുംബങ്ങൾ ഇവിടെ താമസിക്കുന്നു. 1950കളിൽ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ താത്പര്യപ്രകാരം കാർഷിക മേഖല പുഷ്ടിപ്പെടുത്തുന്നതിനു വേണ്ടി അന്നത്തെ തിരുക്കൊച്ചി സംസ്ഥാനത്തുനിന്നു കൊണ്ടുവന്നവരുടെ പിൻമുറക്കാരാണിവർ. അന്നു വന്ന ഓരോ കുടുംബത്തിനും 12 ഏക്കർ വീതം സ്ഥലം അനുവദിച്ചിരുന്നു.
കേരളത്തെപ്പോലെ നൂറ് ശതമാനം സാക്ഷരതയാണ് ഈ ഗ്രാമത്തിലുമുള്ളത്. കുറ്റകൃത്യ നിരക്ക് നാമമാത്രം. മലയാളി സമാജങ്ങളിലൂടെയും മറ്റും കേരളത്തിന്റെ സംസ്കാരം ഇന്നും ഇവിടെ വേരുപിടിച്ചു നിൽക്കുന്നുണ്ട്.
സർക്കാർ ജോലികൾ അടക്കമുള്ള വൈറ്റ് കോളർ ജോലികൾക്കു വേണ്ടിയും വലിയൊരു വിഭാഗം മലയാളികൾ 1950-60 കാലഘട്ടം മുതലിങ്ങോട്ട് ഭോപ്പാലിലേക്കു കുടിയേറിയിട്ടുണ്ട്. ട്രാവൽ മാർട്ട് വേദിയിൽ മലയാളി വിശേഷങ്ങൾ പറഞ്ഞു നിൽക്കുമ്പോഴാണ് ദുബായിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ അഹമ്മദിനെ പരിചയപ്പെടുന്നത്. ഒരു പ്രൊഫഷണൽ ക്യാമറ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സകലമാന അനുസാരികളും കൈയിലുണ്ട്. പക്ഷേ, ക്യാമറയിലല്ല ഫോണിലാണ് ഷൂട്ടിങ് മുഴുവൻ! അഹമ്മദിന് എന്നെ നല്ല പരിചയമുണ്ടെന്നാണ് പറയുന്നത്. എവിടെ എങ്ങനെ എന്നൊരു രൂപവും കിട്ടിയില്ല.
Metro Vaartha
ഇതിനിടെ പരിചയപ്പെട്ട ഉത്തരേന്ത്യക്കാർക്കെല്ലാം മലയാളിയായ ഒരു സുഹൃത്തെങ്കിലുമുണ്ട്. അവരെ നമ്മളും അറിഞ്ഞിരിക്കണം എന്നാണ് വയ്പ്. ''സുമിത് കോ നഹി ജാൻതാ?'' (സുമിത്തിനെ അറിയില്ലെങ്കിൽ പിന്നെ നിങ്ങൾ ജീവിച്ചിരുന്നിട്ടു കാര്യമില്ല) എന്നൊക്കെയാണ് ചോദ്യം! അതുകൊണ്ടു തന്നെ രേഖയെ അറിയാമോ എന്ന് തായ്വാനിൽ നിന്നു വന്ന മാധ്യമ പ്രവർത്തക ചോദിച്ചപ്പോൾ ഞാൻ ഒട്ടും സംശയിക്കാതെ തലയാട്ടി.
''ഇന് ആംഖോം കി മസ്തി കേ,
മസ്താനെ ഹസാരോം ഹേ...''
രേഖയെ ആരാണ് അറിയാത്തത്; പക്ഷേ, ജമിനി ഗണേശന്റെ മകൾ ഫോർട്ട് കൊച്ചിക്കാരിയല്ലെന്നു മാത്രം!
ഇന്ത്യയെ ഭാഷാടിസ്ഥാനത്തിൽ പല സംസ്ഥാനങ്ങളായി തിരിച്ചപ്പോൾ നടുക്ക് ബാക്കി വന്നതെല്ലാം കൂടി ചേർത്തുണ്ടാക്കിയ സംസ്ഥാനമത്രേ മധ്യ പ്രദേശ്. ചുറ്റും മലർക്കെ തുറന്നു കിടക്കുന്ന അതിരുകൾ. ഇവിടെ ലോക്കലും വരത്തനുമൊന്നുമില്ല, കുറഞ്ഞ പക്ഷം, രണ്ടു തവണയായി അവിടെ കഴിഞ്ഞ ചുരുങ്ങിയ ദിവസങ്ങൾ അങ്ങനെയൊരു തോന്നൽ ഉണ്ടാക്കിയിട്ടില്ല. അങ്ങനെയൊരർഥത്തിൽ ഇതാണ്..., ഇതുതന്നെയാണ് ഇന്ത്യയുടെ ഹൃദയം.
(അവസാനിച്ചു)