

ഡൽഹി സർവകലാശാല വിദ‍്യാർഥിനികൾക്കെതിരേ ലൈംഗികാതിക്രമവും അശ്ലീല പരാമർശവും; 4 പേർക്കെതിരേ കേസ്
ന‍്യൂഡൽഹി: ഡൽഹി സർവകലാശാലയിലെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ‍്യാർഥികളായ രണ്ടു പേരെ എസ്‌യുവി കാറിലെത്തിയ നാലംഗ സംഘം പിന്തുടർന്ന് ലൈംഗികാതിക്രമം നടത്തിയതായി പരാതി.
വടക്കേ ഡൽഹിയിലെ മുഖർജി നഗറിലെ ഹക്കീകത് പാർക്കിന് സമീപമാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. വിദ‍്യാർഥിനികൾക്കെതിരേ അശ്ലീല പരാമർശം നടത്തിയ ശേഷം ഇവർ സംഭവസ്ഥലത്തു നിന്നും കടന്നു കളഞ്ഞതായും വിഷയത്തിൽ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
മുഖർജി നഗർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ‍്യൂട്ടി കമ്മിഷണർ ആകാംശ യാദവ് വ‍്യക്തമാക്കി. ആരോപണവിധേയരായ നാലുപേരെയും തിരിച്ചറിഞ്ഞതായും അവരെ അറസ്റ്റ് ചെയ്യാൻ സംഘങ്ങൾ റെയ്ഡ് നടത്തിവരുകയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.
ഡിസിപി പറയുന്നത് അനുസരിച്ച് കഴിഞ്ഞ ദിവസം രാത്രി 9:30യ്ക്കാണ് സംഭവം നടന്നത്. രണ്ടു വിദ‍്യാർഥിനികൾ നടന്നു പോകുന്നതിനിടെ ടാറ്റ സഫാരി എസ്‌യുവിയിലെത്തിയ നാലംഗ സംഘം വാഹനത്തിന് കടന്നുപോകാൻ വഴി നൽകുന്നതിനെ ചൊല്ലി യുവതികളുമായി തർക്കത്തിലേർപ്പെട്ടെന്ന് ആരോപണമുണ്ട്. തർക്കത്തിനിടെ ഇവർ സ്ത്രീകളെ അസഭ‍്യം പറയുകയും പിന്തുടർന്ന് അധിക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്തെന്നാണ് പേര് വെളിപ്പെടുത്താത്ത ഒരു മുതിർന്ന ഉദ‍്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്.
വിദ‍്യാർഥികളിലൊരാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണമാരംഭിച്ചത്. നമൻ എന്നയാളാണ് DL11CF4447എന്ന രജിസ്ട്രേഷൻ നമ്പറുള്ള വാഹനം ഓടിച്ചിരുന്നതെന്നും ഇയാൾക്കൊപ്പം രണ്ടോ മൂന്നോ പേർ ഉണ്ടായിരുന്നതായും വ‍്യക്തമായിട്ടുണ്ടെന്നും പ്രതികളെ പിടികൂടാൻ ശ്രമം നടക്കുന്നുണ്ടെന്നും ഡിസിപി പറഞ്ഞു. അടുത്തിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തോക്ക് ചൂണ്ടി ഡൽഹിയിൽ കൂട്ടബലാത്സംഗം ചെയ്ത് രണ്ട് ദിവസത്തിനു ശേഷമാണ് വീണ്ടും സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി ഉയർന്നിരിക്കുന്നത്.