

അതുല്യ ചന്ദ്ര
കൊച്ചി: യുവ ഡോക്റ്ററെ വിളിച്ചുവരുത്തി മർദിച്ചെന്ന കേസിൽ അഭിഭാഷകയും യുവനടിയുമായ അതുല്യ ചന്ദ്ര കസ്റ്റഡിയിൽ. കേസിൽ അതുല്യ ഉൾപ്പെടെ 12 പ്രതികളാണുള്ളത്. ഇതിൽ അതുല്യ അടക്കം നാല് പേരെയാണ് കടവന്ത്ര പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നടൻ ബിബിൻ പെരുമ്പിള്ളിയും അറസ്റ്റിലാണ്.
ചികിത്സയ്ക്കെന്ന വ്യാജേന വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. കേസില്‍ അതുല്യ ഉള്‍പ്പെടെ 12 പ്രതികളാണുള്ളത്. ഈ മാസം രണ്ടിനായിരുന്നു ഡോക്റ്ററെ ആക്രമിച്ചത്. 3 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ന്നുവെന്നും പരാതിയുണ്ട്. കൊച്ചി കടവന്ത്ര പൊലീസാണ് കേസെടുത്തിരിക്കുന്നത്.
"ഡീയസ് ഈറേ' എന്ന ചിത്രത്തിലൂടെയാണ് അതുല്യ ചന്ദ്ര പ്രേക്ഷക ശ്രദ്ധ നേടുന്നത്. ഗാനഗന്ധർവൻ, ഉയിർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ലോക, കിങ് ഓഫ് കൊത്ത, സീതാരാമം, റോഷാക്ക്, ആശാൻ തുടങ്ങിയ സിനിമകളിൽ ബിബിൻ പെരുമ്പിള്ളി അഭിനയിച്ചിട്ടുണ്ട്.
കടവന്ത്ര പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ അനുസരിച്ച് ബിബിൻ പെരുമ്പിള്ളി ഒന്നാം പ്രതിയും അതുല്യ ചന്ദ്ര മൂന്നാം പ്രതിയുമാണ്. അതുല്യ ചന്ദ്ര അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്നു പറഞ്ഞാണ് ഡോക്റ്ററെ വിളിച്ചുവരുത്തിയതെന്ന് എഫ്ഐആറിൽ പറയുന്നു.