ഡോക്റ്റർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

ഭാര്യയാണ് കൊലപാതകം നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു
Doctor found dead at home

ഡോക്റ്ററെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

Updated on

ബെംഗളൂരു: കർണാടകയിലെ ധാർവാഡിൽ ഡോക്റ്ററെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എട്ടു വയസുകാരനായ മകനു കുത്തേറ്റു. സ്വകാര്യ ആശുപത്രിയിൽ അനസ്‌തേഷ്യോളജിസ്റ്റ് ആയ ഡോ. കിരൺ ഹൊന്നാവർ (45) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ ഭാര്യയായ നേത്രരോഗ വിദഗ്ധ ഡോ. പ്രിയങ്കയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

സ്വന്തം അപ്പാർട്ട്മെന്‍റിലാണ് കിരണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരുക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവ സുരക്ഷയുള്ള പാർപ്പിട മേഖലയായതിനാൽ പുറത്തു നിന്നുള്ള ആരും അപ്പാർട്ട്മെന്‍റിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതെന്ന് ഹുബ്ലി-ധാർവാർഡ് പൊലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു. സംഭവസമയം ഭർത്താവും ഭാര്യയും മകനും മാത്രമേ അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നുള്ളൂ.

കിരണിന്‍റെ ബന്ധുക്കൾ അദ്ദേഹത്തെ ബന്ധപ്പെടാൻ തുടർച്ചയായി ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കിരണിനെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ ഭാര്യയെ ഫോണിൽ വിളിച്ചു. കിരൺ വിശ്രമിക്കുകയാണെന്ന് പറഞ്ഞ ഭാര്യ പിന്നീട് പുറത്തുപോയെന്നും ബന്ധുക്കളെ അറിയിച്ചു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വിവരം ലഭിക്കാതെ വന്നതോടെ ബന്ധുക്കൾ അപ്പാർട്ട്മെന്‍റിൽ എത്തിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കിരണിനെ കണ്ടെത്തിയത്. വീട്ടിൽ തന്നെ പരുക്കേറ്റ നിലയിൽ മകനെയും കണ്ടെത്തി. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

‌പരസ്പര വിരുദ്ധമായ മൊഴികളാണ് ഭാര്യ നൽകുന്നതെന്ന് പൊലീസ് പറഞ്ഞു. അതേസമയം കിരണിന്‍റെ ഭാര്യയാണ് കൊലപാതകം നടത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. എന്നാൽ പൊലീസ് ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com