100 വിദ്യാർഥികൾക്ക് രോഗബാധ; വയനാട്ടിൽ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു

പനി, ഛർദി എന്നിവയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് വിദ്യാർഥികൾ

100 students infected; school in Wayanad closed for a week

100 വിദ്യാർഥികൾക്ക് രോഗബാധ; വയനാട്ടിൽ സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു

Updated on: 

കൽപ്പറ്റ: നൂറോളം വിദ്യാർഥികൾക്ക് രോഗബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് വയനാട്ടിലെ ഒരു സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു. കൽപ്പറ്റയിലെ സെന്‍റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളാണ് അടച്ചത്. പനി, ഛർദി എന്നിവയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് വിദ്യാർഥികൾ.

പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്കൂളിൽ പരിശോധന നടത്തിയിരുന്നു. സ്കൂളിലെ വാട്ടർ ടാങ്കും കിണറും അണുവിമുക്തമാക്കിയിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിടാനും അണുവിമുക്തമാക്കൽ നടപടികൾ സ്വീകരിക്കാനും ആരോഗ്യവകുപ്പ് സ്കൂൾ അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു.

കൽപ്പറ്റ ജനറൽ ആശുപത്രിയിലെ റെസിഡന്‍റ് മെഡിക്കൽ ഓഫീസർ ഡോ. ശ്യാം, ഹെൽത്ത് ഇൻസ്പെക്റ്റർ പി.എ. നവാസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്റ്റർമാരായ സുരേഷ് കുമാർ, ബിബിൻ വർഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.