actress assault case survivor verdict reaction

ഒന്നാം പ്രതി പൾസർ സുനി.

File photo

''വിധിയിൽ അദ്ഭുതമില്ല, നിയമത്തിനു മുന്നിൽ രാജ്യത്തെ പൗരന്മാരെല്ലാം തുല്യരല്ല''; അതിജീവിത

''ഒന്നാം പ്രതി എന്‍റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് എപ്പോഴും പറയുന്നവരോട് അത് ശുദ്ധമായ നുണയാണ്‌''
Published on

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ വിധി പ്രഖ്യാപിച്ചതിനു പിന്നാലെ ആദ്യ പ്രതികരണവുമായി അതിജീവിത. വിധിയിൽ അദ്ഭുതമില്ലെന്നാണ് അതിജീവിത. ഈ വിധി നിരവധി പേരെ അമ്പരപ്പിച്ചിട്ടുണ്ടാകും, പക്ഷേ അതെന്നെ അമ്പരപ്പിച്ചിട്ടില്ല. 2020ന്‍റെ തുടക്കത്തിൽ തന്നെ എന്തോ ശരിയല്ലാത്തതായി സംഭവിക്കുന്നുവെന്ന് എനിക്ക് തോന്നിയിരുന്നു. കേസ് കാര്യം ചെയ്യുന്നതിൽ , പ്രത്യേകിച്ച് പ്രതികളിൽ ഒരാളുടെ കാര്യത്തിൽ വന്ന മാറ്റം പ്രോസിക്യൂഷനും ശ്രദ്ധിച്ചിരുന്നുവെന്നും നടി കുറിച്ചിട്ടുണ്ട്.ഇൻസ്റ്റഗ്രാമിൽ പങ്കു വച്ച പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.

കുറിപ്പ് വായിക്കാം

actress assault case survivor verdict reaction
"ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം, ആസൂത്രണം ചെയ്തവർ പകൽ വെളിച്ചത്തിലുണ്ട്'', മഞ്ജു വാര്യർ

എട്ട് വർഷം, ഒൻപത് മാസം, 23 ദിവസങ്ങൾ... ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്‍റെ നേരിയ ഒരു കണിക ഞാൻ കാണുന്നു, പ്രതികളിൽ ആറു പേർ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. എന്‍റെ വേദനകളെ നുണയെന്നും ഈ കേസ് കെട്ടിച്ചമച്ച കഥയെന്നും പരിഹസിച്ചവർക്കായി ഞാൻ ഈ വിധിയെ സമർപ്പിക്കുന്നു. നിങ്ങൾക്ക് ഇപ്പോൾ അൽപം ആശ്വാസം കിട്ടുന്നുണ്ടാകുമെന്ന് ഞാൻ കരുതുന്നു.

അതു പോലെ ഒന്നാം പ്രതി എന്‍റെ പേഴ്സണൽ ഡ്രൈവർ ആയിരുന്നു എന്ന് എപ്പോഴും പറയുന്നവരോട് അത് ശുദ്ധമായ നുണയാണ്. അയാൾ എന്‍റെ ഡ്രൈവറോ എന്‍റെ ജീവനക്കാരനോ, എനിക്ക് ഏതെങ്കിലും വിധത്തിൽ പരിചയമുള്ള വ്യക്തിയോ അല്ല. 2016ൽ ഞാൻ വർക്ക് ചെയ്ത ഒരു സിനിമക്ക് വേണ്ടി പ്രൊഡക്ഷനിൽ നിന്നുംനിയോഗിക്കപ്പെട്ട ഒരാൾ മാത്രമാണ് അയാൾ. ഈ ക്രൈം നടക്കുന്നതിന് മുൻപ് ഒന്നോ രണ്ടോ തവണ മാത്രമാണ് ഞാൻ അയാളെ കണ്ടിട്ടുള്ളത്.അതു കൊണ്ട് ദയവായി നിങ്ങരൾ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് കഥകൾ പറയുന്നത് നിർത്തുമെന്ന് കരുതുന്നു.

ഈ വിധി പലരെയും ഒരു പക്ഷേ നിരാശപ്പെടുത്തിയിരിക്കാം. എന്നാൽ എനിക്കിതിൽ അത്ഭുതമില്ല. 2020ന്‍റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ എനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസിലായിരുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി എനിക്ക് ഈ കോടതിയിൽ തീർത്തും വിശ്വാസമില്ലെന്ന് പറഞ്ഞു കൊണ്ട് ഞാൻ പലതവണ ബഹുമാനപ്പെട്ട സുപ്രീം കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നു. ഈ പ്രസ്തുത ജഡ്ജിയിൽ നിന്നും ഈ കേസ് മാറ്റണമെന്നുള്ള എന്‍റെ എല്ലാ ഹർജികളും പക്ഷേ നിഷേധിക്കുകയായിരുന്നു.

നിരന്തരമായ വേദനകൾക്കും കണ്ണീരിനും കടുത്ത മാനസിക സംഘർഷങ്ങൾക്കുമൊടുവിൽ ഞാനിപ്പോൾ തിരിച്ചറിയുന്നു. ''നിയമത്തിന് മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല''. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഉണ്ടാവുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്.

''ഈ യാത്രയിലുടനീളം കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്തു പിടിക്കുന്നു''

അതുപോലെ അധിക്ഷേപകരമായ കമന്‍റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോഗിച്ച്എന്നെ ആക്രമിക്കുന്നരോട്, നിങ്ങൾ അത് തുടരുക -അ‌തിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com