രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് രണ്ട് തവണ ശസ്ത്രക്രിയ; പരിയാരം മെഡിക്കല്‍ കോളെജിനെതിരേ പരാതിയുമായി കുടുംബം

ആദ്യ ശസ്ത്രക്രിയ അപൂര്‍ണമായി നിര്‍ത്തിയതിനെ തുടര്‍ന്ന് പത്ത് ദിവസത്തിനിടെ കുഞ്ഞിന് രണ്ടാമതൊരു അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നുവെന്നാണ് ആരോപണം
allegation of serious medical negligence at pariyaram medical college
കണ്ണൂർ പരിയാരം മെഡിക്കൽ കോളെജ്
Updated on: 

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളെജില്‍ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയതായി പരാതി. ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി കുടുംബത്തിന്‍റെ പരാതി. ആദ്യ ശസ്ത്രക്രിയ അപൂര്‍ണമായി നിര്‍ത്തിയതിനെ തുടര്‍ന്ന് പത്ത് ദിവസത്തിനിടെ കുഞ്ഞിന് രണ്ടാമതൊരു അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വന്നുവെന്നാണ് ആരോപണം.

പാല്‍ കുടിക്കുമ്പോള്‍ തുടര്‍ച്ചയായി ഛര്‍ദിക്കുന്നതിനെ തുടര്‍ന്ന് ഒക്റ്റോബര്‍ 10നാണ് കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയ്ക്കായി എത്തിച്ചത്. കുഞ്ഞിന്‍റെ ആമാശയത്തിലെ പൈലോറസ് പേശിയിലുള്ള തടിപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയാണ് പരിയാരത്ത് നടത്തിയത്.

എന്നാൽ വീട്ടിലെത്തിയ ശേഷം കുഞ്ഞ് പാലും രക്തവും ഛര്‍ദിക്കുകയും ആരോഗ്യനില ഗുരുതരമാവുകയും ചെയ്തോടെ കുഞ്ഞിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് കുഞ്ഞിന് രണ്ടാമതൊരു അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു.

സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളെജിനെതിരേ ആരോഗ്യ മന്ത്രിക്കും പൊലീസിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളെജ് അധികൃതര്‍ അന്വേഷണ ബോര്‍ഡ് രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.